ഫണ്ട് വിനിയോഗത്തില്‍ ചരിത്രനേട്ടവുമായി ജില്ലാ പഞ്ചായത്ത്
കോഴിക്കോട്: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജില്ലാ പഞ്ചായത്ത് 92 ശതമാനം ഫണ്ട് വിനിയോഗിച്ചതായി പ്രസിഡന്റ് ബാബു പറശ്ശേരി. ജില്ലാ പഞ്ചായത്ത് ഹാളില്‍ ബ്ലോക്കുതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറു ശതമാനം വിജയം കൈവരിച്ച സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ എണ്ണത്തില്‍ ഈ വര്‍ഷമുണ്ടായ വര്‍ധനയ്ക്ക് കാരണം വിദ്യാഭ്യാസ സംരക്ഷണ യജ്ഞം നല്‍കിയ ഉണര്‍വും കരുത്തുമാണ്. നൂറു ശതമാനം വിജയം കൈവരിച്ച സ്‌കൂളുകളെയും അധ്യാപകരെയും അനുമോദിക്കുന്ന ചടങ്ങ് ജൂലൈ ആദ്യവാരം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ജൂണ്‍ രണ്ടിനു സിവില്‍ സ്റ്റേഷന്‍ പരിസരം പൂര്‍ണമായും ശുചീകരിക്കുന്ന പ്രവൃത്തികള്‍ ആരംഭിക്കും. ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കും. കേടുപാടുകള്‍ സംഭവിച്ച സ്‌കൂള്‍ കെട്ടിടങ്ങള്‍ മുഴുവനായും പുതിയ മാസ്റ്റര്‍പ്ലാന്‍ പ്രകാരമായിരിക്കും നിര്‍മിക്കുകയെന്നും ഒന്‍പതുമാസം കൊണ്ട് പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലയില്‍ നെല്‍കൃഷി നാശം സംഭവിച്ചവരില്‍ ഇന്‍ഷുര്‍ ചെയ്തവര്‍ക്ക് 35,000 രൂപയും മറ്റുള്ളവര്‍ക്ക് 13,000 രൂപയും നല്‍കുമെന്ന് യോഗത്തില്‍ കൃഷി വകുപ്പ് ഡയറക്ടര്‍ പി.എന്‍ ജയശ്രീ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടങ്ങാട്ട്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ഡി ഫിലിപ്പ്, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ജി ജോര്‍ജ്, വെല്‍ഫെയര്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുജാത മനയ്ക്കല്‍, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.കെ സജിത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."