HOME
DETAILS
MAL
പരവൂര്‍ പുത്തന്‍പള്ളി അറിയപ്പെടാത്ത പൈതൃകം
backup
March 29 2020 | 05:03 AM
കൊല്ലം ജില്ലയുടെ തെക്കേ അറ്റത്ത് തിരുവനന്തപുരം ജില്ലയോട് ചേര്‍ന്ന് തെങ്ങിന്‍തോപ്പിന്റെ തണലില്‍ കടലും കായലും കൂടി സൊറ പറഞ്ഞിരിക്കുന്ന പരവൂര്‍ തെക്കുംഭാഗം. സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ ഈ നാടിന്റെ സ്വകാര്യ അഹങ്കാരമാണ് കടല്‍ക്കരയില്‍ കൊട്ടാര പ്രൗഢിയില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന 750 വര്‍ഷത്തിലേറെ പഴക്കമുള്ള പരവൂര്‍ പുത്തന്‍പള്ളി. വിശ്വാസികളുടെ ആരാധനാ കര്‍മങ്ങള്‍ക്ക് ഏതു കാലാവസ്ഥയിലും ശക്തിയും ചൈതന്യവും നല്‍കുന്ന പുത്തന്‍പള്ളി ഏഴര നൂറ്റാണ്ട് കഴിഞ്ഞിട്ടും അതുപോലെ നിലനില്‍ക്കുന്നു.
വിശുദ്ധ കഅ്ബാലയത്തിനഭിമുഖമായി അറേബ്യന്‍ കടല്‍ത്തീരത്ത് തങ്കശ്ശേരി ലൈറ്റ്ഹൗസില്‍ നിന്ന് ഏകദേശം 10 കിലോമീറ്റര്‍ തെക്കും, വര്‍ക്കല മുനമ്പില്‍ നിന്ന് 10 കിലോമീറ്റര്‍ വടക്കും ഇടവ നടയറ കായലിനു പടിഞ്ഞാറുമായി സ്ഥിതിചെയ്യുന്ന പുത്തന്‍പള്ളി ഇസ്‌ലാമിക വാസ്തു വിദ്യയുടെ അറിയപ്പെടാത്ത നിത്യസ്മാരകമാണ്.
ചരിത്രപ്പിറവി
ഹിജ്‌റ 683 ലാണ് പള്ളി സ്ഥാപിതമായതെന്ന് അകപ്പള്ളിയിലെ തുലാമില്‍ എഴുതപ്പെട്ടിട്ടുണ്ട്. മനോഹരമായ ചിത്രപ്പണികളും വിദഗ്ധമായ തച്ചുവേലകളും കൊണ്ട് അലങ്കൃതമായ ഈ പള്ളി പണി കഴിപ്പിച്ചത്, പരവൂര്‍ പുത്തന്‍വീട് കുടുംബത്തിലെ പ്രധാനികളാണ്. ധനാഢ്യരും നാടുവാഴികളും കപ്പല്‍സഞ്ചാര വ്യാപാര പ്രമുഖരുമായിരുന്ന ഈ കുടുംബത്തിലെ പൂര്‍വികരില്‍ നിന്നു തിരുവിതാംകൂറിലെ സാമ്പത്തിക നിലനില്‍പ്പിനാവശ്യമായ പിന്തുണയും സഹായവും രാജകുടുംബത്തിനു ലഭിച്ചിരുന്നതിന്റെ പ്രതിഫലമായി കൊട്ടാരവുമായി ബന്ധപ്പെട്ട ചില പദവികള്‍ ഇവര്‍ക്ക് നല്‍കിയിരുന്നു. രാജഭരണകാലത്ത് പുത്തന്‍വീട്ടിലെ കാരണവന്മാര്‍ക്ക് നാടുവാഴികളുടെ സ്ഥാനം നല്‍കിയിരുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയുടെ തീരദേശ പട്ടണമായ വര്‍ക്കല മുനമ്പ് മുതല്‍ കൊല്ലം ജില്ലയിലെ മയ്യനാട് വരെയുള്ള ജോനക വംശം (മുസ്‌ലിംകള്‍) ഈ കുടുംബത്തിന്റെ നിയന്ത്രണത്തിലായിരുന്നു. പള്ളിയുടെ ഭരണ സമിതിക്ക് കീഴില്‍ ഇന്നത്തെ ആറു ജമാഅത്ത് മഹല്ലുകള്‍ ഉള്‍പ്പെട്ടിരുന്നു. (പരവൂര്‍ തെക്കുംഭാഗം, വടക്കുംഭാഗം, പൊഴിക്കര, നെല്ലേറ്റില്‍, കലക്കോട്, മയ്യനാട്) മഹല്ല് ജമാഅത്ത് രൂപം പ്രാപിക്കുന്നതു വരെ പുത്തന്‍വീട് കുടുംബത്തിലെ പണ്ഡിതന്മാരാണ് പള്ളി ഭരണത്തിന് നേതൃത്വം നല്‍കിയിരുന്നത്.
അതിശയിപ്പിക്കുന്ന
വാസ്തുവിദ്യ
നിസ്‌കരിക്കുവാന്‍ മധ്യത്തിലായി ഒരു മുറിയും (അകപ്പള്ളി) അതിനോട് ചേര്‍ന്നു തുറസായ തളവും നാലു വശത്തും വിശാലമായ ചായ്പ്പും പൂമുഖവും അംഗശുദ്ധി വരുത്താനുള്ള ജല സംഭരണിയുമുള്ള, ഓടുമേഞ്ഞ ചരിഞ്ഞ മേല്‍ക്കൂരയോടു കൂടിയ ഈ പള്ളിയുടെ വിസ്താരം 90 ചതുരശ്ര മീറ്ററും ഉയരം രണ്ടു നിലകളിലുമായി മുപ്പത് അടിയുമാണ്. തേക്കുതടിയില്‍ രണ്ടടി ചതുരശ്ര വണ്ണമുള്ള നാലു തൂണുകളുടെ മുകളില്‍ രണ്ടടി പൊക്കത്തിലും വീതിയിലും ഉത്തരം നിരത്തി അതില്‍ ചേര്‍ന്ന ഘനംകൂടിയ മര അഴികളും രണ്ടു നിലകളിലും ചെന്നു ചേരുന്ന കഴുക്കോല്‍ കോര്‍ത്ത മേല്‍ക്കൂരയും പള്ളിയുടെ ഉള്‍ഭാഗം അത്യാകര്‍ഷകമാക്കുന്നു. ചുണ്ടന്‍ വള്ളത്തിലെ തല എടുപ്പുള്ള അമരത്തിന്റെ മാതൃകയില്‍ ഒരടി വീതിയില്‍ കഴുക്കോലുകള്‍ ഘടിപ്പിച്ചിരിക്കുന്നത് ഒരു തീരദേശ വിസ്മയമായി പറയപ്പെടുന്നു. ഒറ്റത്തടിയുടെ ഉരുക്കു സമാനമായ കാതലില്‍ നിര്‍മിച്ച നാലു മരത്തൂണുകളാണു ഈ പള്ളിയെ താങ്ങി നിര്‍ത്തുന്നത്. ചതുരാകൃതിയില്‍ ഉള്ള കരിങ്കല്‍ പാളികളിലാണ് ഈ തൂണുകള്‍ നിലയുറപ്പിച്ചിരിക്കുന്നത്. ഇത്ര വലിയ മരങ്ങള്‍ മുകളില്‍ എത്തിച്ചതും കരിങ്കല്ലും മേല്‍ക്കൂരയും കയറ്റി ഉറപ്പിച്ചതും ആനകളുടെ സഹായത്താല്‍ ആണെന്ന് പറയപ്പെടുന്നു.
ഭൂമിയുടെ കിടപ്പും കാറ്റിന്റെ ഗതിയും ഈ പള്ളിയുടെ ഇസ്‌ലാമിക വാസ്തുവിദ്യയെ സ്വാധീനിച്ചിട്ടുണ്ട്. കാറ്റും വെളിച്ചവും പുറത്തെന്ന പോലെ അകത്തും ലഭ്യമാകാനായി കമാനാകൃതിയിലുള്ള കിളിവാതിലുകള്‍ ഉള്‍പ്പെടെ 39 കവാടങ്ങള്‍ ഈ പള്ളിയില്‍ സ്ഥാപിച്ചിട്ടുണ്ട്. കടലിലെയും കരയിലെയും കുളിര്‍മയും വെളിച്ചവും അനായാസം കടന്നുവരാന്‍ പാകത്തിലാണ് മേല്‍ക്കൂര ഉയര്‍ന്നതും വിശാലമാക്കിയതും. ഖിബ്‌ലയുടെ ദിശ നിജപ്പെടുത്തുന്ന മിഹ്‌റാബും പ്രസംഗപീഠവും ഇസ്‌ലാമിക പവിത്രത ദ്യോതിപ്പിക്കുന്ന ഘടനയില്‍ ഇപ്പോഴും സൂക്ഷിക്കുന്നത് പള്ളിയുടെ സവിശേഷതയാണ്. സാഗര കവാടത്തില്‍ രണ്ടു നിലകളിലായി തടിയില്‍ തീര്‍ത്ത കോട്ടാരക്കെട്ടിന്റെ വാതിലുകളില്‍ വിജാഗിരി ഘടിപ്പിക്കാതിരുന്നത് പൂര്‍വികരുടെ ദീര്‍ഘവീക്ഷണത്തിന്റെ ഉത്തമ ഉദാഹരണമാണ്. അംഗശുദ്ധി വരുത്താനുള്ള ജലസംഭരണിയുടെ ചുറ്റും നിരത്തിയിട്ടിട്ടുള്ള കരിങ്കല്‍ ഫലകത്തില്‍ കൊത്തിവച്ചിരിക്കുന്ന നിലവിളക്കിന്റെ രൂപം ഭാരത സംസ്‌കാരത്തിന്റെ പ്രതീകമായി ഈ പ്രദേശത്തെ ജോനകര്‍ ഇന്നും സൂക്ഷിക്കുന്നു. നേര്‍ച്ചകളോ ചന്ദനക്കുടമോ ഇല്ലാത്തതാണ് ഈ പള്ളിയുടെ ചരിത്രം.
കാക്കണം, ആ പൈതൃകം
ഇപ്പോഴത്തെ മറ്റു കോണ്‍ക്രീറ്റ് പള്ളികള്‍ സ്ഥാപിക്കുന്നതിന് മുന്‍പ് ഇവിടെ നിന്നാണ് നിസ്‌കാരത്തിനുള്ള ബാങ്ക് വിളി പരവൂരിലേക്ക് ഒഴുകിയത്. ഭരണാധിപന്മാരുടെ ആനുകൂല്യം സ്വീകരിക്കാതെ ഒരു തറവാട്ടുകാരുടെ മാത്രം സമ്പത്ത് ചിലവുചെയ്തു നിര്‍മിച്ച കേരളത്തിലെ ആദ്യത്തെ മസ്ജിദാണ് പരവൂര്‍ പുത്തന്‍പള്ളി എന്ന് പുത്തന്‍വീട്ടിലെ മുതിര്‍ന്ന അംഗങ്ങള്‍ അഭിമാനത്തോടെ ഓര്‍ത്തെടുക്കുന്നു.
ചരിത്രസ്മരണകള്‍ ഉണര്‍ത്തുന്ന പുത്തന്‍പള്ളിയെക്കുറിച്ച് പുറംലോകത്തെ അറിയിക്കണമെന്ന ആഗ്രഹവുമായി പ്രദേശവാസികള്‍ മുന്നിട്ടിറങ്ങുമ്പോഴും, ഇപ്പോള്‍ പണിതുയര്‍ത്തിയ കോണ്‍ക്രീറ്റ് തൂണുകള്‍, മരത്തില്‍ കരവിരുതിന്റെ പൂങ്കാവനം തീര്‍ത്ത് തലയുയര്‍ത്തി നില്‍ക്കുന്ന വിശ്വാസത്തിന്റെ കൊട്ടാരത്തെ കാലക്രമേണ നിലംപതിപ്പിക്കും എന്ന ഭീതിയിലാണ് വിശ്വാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."