കരിന്തളം ഗവ.കോളജിനെ വരവേല്‍ക്കാന്‍ നാടൊരുങ്ങി: അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ജനകീയ കൂട്ടായ്മ
കരിന്തളം: ഈ അധ്യയന വര്‍ഷം കിനാനൂര്‍-കരിന്തളം പഞ്ചായത്തില്‍ പുതുതായി ആരംഭിക്കുന്ന ഗവ.കോളജിനെ വരവേല്‍ക്കാന്‍ നാടൊരുങ്ങി. കോളജിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി ജനകീയ കൂട്ടായ്മ നടന്നു. മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വച്ചു തന്നെ നിരവധി പേര്‍ കോളജിനാവശ്യമായ തുക സംഭാവനയായി മന്ത്രിയെ ഏല്‍പ്പിച്ചു. പി. കരുണാകരന്‍ എം.പി അധ്യക്ഷനായി. എം. രാജഗോപാലന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്തംഗം ജോസ് പതാല്‍, നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ കെ.പി ജയരാജന്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. രാജന്‍, കിനാനൂര്‍-കരുന്തളം പഞ്ചായത്ത് പ്രസിഡന്റ് എ. വിധുബാല, വൈസ് പ്രസിഡന്റ് വി. ബാലകൃഷ്ണന്‍, ടി.കെ രവി, കരിന്തളം പാലിയേറ്റീവ് കെയര്‍ സൊസൈറ്റി പ്രസിഡന്റ് കെ.പി നാരായണന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു .
കോളജിന്റെ ചുമതല നല്‍കിക്കൊണ്ട് എളേരിത്തട്ട് ഇ.കെ നയനാര്‍ കോളജിലെ പ്രൊഫ. സന്തോഷ് കുമാറിനെ സ്‌പെഷല്‍ ഓഫിസറായി നിയമിച്ചിട്ടുണ്ട്. അദ്ദേഹം തിങ്കളാഴ്ച ചുമതലയേല്‍ക്കും. കോയിത്തട്ട പഞ്ചായത്ത് ഓഫിസിനു സമീപത്തായാണ് പ്രിന്‍സിപ്പല്‍ ഓഫിസ് പ്രവര്‍ത്തിക്കുക.
തോളേനിയിലെ പാലിയേറ്റിവ് കെയര്‍ കെട്ടിടത്തിലാണ് താല്‍ക്കാലികമായി കോളജ് പ്രവര്‍ത്തിക്കുക. പത്തുകോടി രൂപയാണ് കിഫ്ബി വഴി കോളജിനായി അനുവദിച്ചിട്ടുള്ളത്. കൊല്ലംപാറ മഞ്ഞളംകാട് പ്രദേശത്ത് 20 ഏക്കര്‍ സ്ഥലം കോളജ് കെട്ടിടം പണിയാനായി നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.
അതിനനുബന്ധമായി കായിക അക്കാദമി സ്ഥാപിക്കുന്നതിനായും പ്രദേശത്ത് പത്തേക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ കോളജിലേക്കുള്ള റോഡ് ഒരുക്കുന്നതിനായി എം.എല്‍.എയുടെ ഫ്ളഡ് ഫണ്ടില്‍ നിന്നു പത്തു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. റോഡ് നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടികളുള്‍പ്പെടെ പൂര്‍ത്തിയായി.
കോളജിന് ആവശ്യമായ ടോയ്‌ലെറ്റ് സൗകര്യം ഒരുക്കുന്നതിനായി പരപ്പ ബ്ലോക്ക് പഞ്ചായത്ത് നേരത്തെ 20 ലക്ഷം അനുവദിച്ചിരുന്നു. മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ള തുക പഞ്ചായത്ത് കണ്ടെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."