കെവിന്റെ കൊലപാതകം: സ്‌പെഷ്യല്‍ ബ്രാഞ്ചിന് വീഴ്ച പറ്റി
തിരുവനന്തപുരം: കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടുപോയ വിവരം എസ്.പിയെ അറിയിക്കുന്നതില്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിന് വീഴ്ച്ച പറ്റിയതായി കണ്ടെത്തല്‍. കുടുംബപ്രശ്‌നം എന്ന നിലയില്‍ ലഘൂകരിച്ച് റിപ്പോര്‍ട്ട് നല്‍കി. തട്ടിക്കൊണ്ടുപോയവരില്‍ ഒരാള്‍ രക്ഷപ്പെട്ടോടിയെന്നും മറ്റേയാള്‍ ഉടന്‍ എത്തുമെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച്, എസ്.പിയെ ധരിപ്പിച്ചു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് എസ്.പി മുഖ്യമന്ത്രിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. അപ്പോഴാണ് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയതും.
കേസ് സംബന്ധിച്ച് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു എന്നതിന് എസ്പിക്കെതിരേ വകുപ്പുതല അന്വേഷണം നടത്താന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് സ്‌പെഷല്‍ ബ്രാഞ്ചിന്റെ വീഴ്ചയുടെ വിവരം പുറത്തുവരുന്നത്.
അതേസമയം, കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി.
ബാക്കിയുണ്ടായിരുന്ന അഞ്ചു പ്രതികളെ കൂടിയാണ് അര്‍ധരാത്രിക്കു ശേഷം പിടികൂടിയത്.വിഷ്ണു,ഷാനു, ഷിനു എന്നിവര്‍ പാലക്കാട്ടും ഫൈസല്‍, റമിഷ് എന്നിവര്‍ പുനലൂരിലുമാണ് പിടിയിലായത്. പുനൂലൂര്‍ എസ്‌ഐ ജെ. രാജീവിന്റെ നേതൃത്വത്തിലുള സംഘം പിടികൂടി അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.
കേസിലെ പ്രതികളെയെല്ലാം ഇന്ന് തെളിവെടുപ്പിനായി പൂനലൂരിലെത്തിക്കും. കോട്ടയം ഡി.സി.ആര്‍.ബി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലായിരിക്കും തെളിവെടുപ്പ്. കെവിന്റെ മൃതദേഹം കണ്ടെത്തിയ ചാലിയക്കര തോടിന് സമീപമായിരിക്കും ആദ്യം തെളിവെടുപ്പ് നടത്തുക. അതിനുശേഷം ഗൂഡാലോചന നടന്ന ചാക്കോയുടെ വീട്, കെവിനെയും കൊണ്ട് സംഘം വാഹനത്തില്‍ സഞ്ചരിച്ച വഴികള്‍, ഷാനു ചാക്കോ കൃത്യത്തിനുശേഷം കടന്ന പത്തനാപുരം എന്നിവിടങ്ങളിലെത്തിച്ചും തെളിവെടുപ്പ് നടത്തും.
പ്രതികളില്‍ നിന്ന് കൈക്കൂലി വാങ്ങിയ രണ്ട് പൊലിസ് ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. ഇന്നലെ അപേക്ഷ നല്‍കിയെങ്കിലും കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കാനുണ്ടെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
പ്രധാന പ്രതിയായ ഷാനു ചാക്കോയില്‍ നിന്നു സംഭവം നടക്കുന്നതിന് മുന്‍പ് രണ്ടായിരം രൂപ കൈക്കൂലി വാങ്ങിയതിനാണ് എ.എസ്.ഐ ബിജുവിനേയും ഡ്രൈവര്‍ അജയകുമാറിനെയും അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."