ജോലി സ്ഥലത്തെ പീഡനത്തിനൊടുവില്‍ സഫ്‌വാന്‍ നാട്ടിലേക്ക് മടങ്ങി
ദമ്മാം: കുടുംബപ്രാരാബ്ധം തലയിലേറ്റി കഷ്ടത ഇല്ലാതാക്കാന്‍ പ്രവാസ ജോലിക്കെത്തി ഒടുവില്‍ പ്രതീക്ഷകള്‍ തകര്‍ന്ന് ജീവിതം ദുരിതത്തിലായ മലയാളി യുവാവ് നാട്ടിലേക്ക് മടങ്ങി. മലപ്പുറം അരീക്കോട് സ്വദേശി സഫ്‌വാന്‍ കരിക്കാടന്‍ പൊയില്‍ (26) ആണ് പ്രവാസത്തിന്റെ കഷ്ടപ്പാടുകള്‍ താണ്ടി നാട്ടിലേക്ക് മടങ്ങിയത്. കിഡ്‌നി രോഗം കാരണം ജോലിക്ക് പോകാന്‍ കഴിയാത്ത ഉപ്പക്ക് പകരം, ഉമ്മയും, രണ്ട് അനുജന്മാരും, രണ്ടു സഹോദരിമാരും ഉള്‍പ്പെടുന്ന വലിയൊരു കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതാണ് പ്രതീക്ഷയോടെ യുവാവ് മൂന്നു മാസം മുന്‍പ് ദമ്മാമില്‍ ഒരു സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായി ജോലിക്കെത്തിയത്.
ഇതിനായി താമരശ്ശേരിയിലെ സ്വകാര്യ ട്രാവല്‍ ഏജന്‍സിക്ക് എഴുപതിനായിരം രൂപയും നല്‍കിയാണ് വിസ സമ്പാദിച്ചത്. എന്നാല്‍ ഇവിടെയെത്തിയപ്പോള്‍ സ്ഥിതി ആകെ മാറി. വൃദ്ധയായ സ്‌പോണ്‍സറുടെ പീഡനം അസഹ്യമായിരുന്നു. നാട്ടിലെ കുടുംബത്തിന്റെ ദയനീയാവസ്ഥ മനസ്സില്‍ കണ്ടു എല്ലാം സഹിച്ചു ജീവിക്കാന്‍ ശ്രമിച്ചു. എന്നാല്‍, രണ്ടു മാസം കഴിഞ്ഞിട്ടും ശമ്പളം കിട്ടാത്തതിനെ തുടര്‍ന്ന് അതിനെപ്പറ്റി ചോദിച്ചപ്പോള്‍ സ്‌പോണ്‍സറും പ്രായമായ ആണ്മക്കളും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇതിനിടയില്‍ സാധനം വാങ്ങാന്‍ പോകുന്ന കടകളില്‍ വെച്ച് പരിചയപ്പെട്ട ഫിറോസ്, ഹംസ എന്നിവരോട് തന്റെ ദുരിതകഥ പറഞ്ഞതോടെയാണ് സാമൂഹ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞത്.
തുടര്‍ന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ ഷാജി മതിലകം യുവാവിനെയും കൂട്ടി ലേബര്‍ ഓഫിസില്‍, സ്‌പോണ്‍സര്‍ക്കെതിരെ പരാതികൊടുത്തു. ലേബര്‍ ഓഫിസര്‍ സ്‌പോണ്‍സറെ വിളിച്ചുവരുത്തി വിചാരണ നടത്തി. സ്‌പോണ്‍സര്‍ ഗുരുതരമായ തൊഴില്‍നിയമലംഘനങ്ങള്‍ നടത്തിയെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നു രണ്ടുമാസത്തെ കുടിശ്ശിക ശമ്പളവും, ഫൈനല്‍ എക്‌സിറ്റ് അടിച്ച പാസ്‌പോര്‍ട്ടും നല്‍കാന്‍ ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് നടപടികള്‍ക്ക് ശേഷമാണ് ദുരിതക്കയത്തില്‍ നിന്നും യുവാവ് നാട്ടിലേക്ക് തിരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."