നിപയെ വിരട്ടാന്‍ പ്രഖ്യാപനം പോരാ
ലോകത്താദ്യമായി നിപാ വൈറസ് ദുരന്തം വിതച്ച മലേഷ്യയില്‍ പിന്നീട് അത്തരമൊരു രോഗം തലപൊക്കിയിട്ടേയില്ല. നൂറിലേറെപ്പേര്‍ ഒറ്റയടിക്കു മരിച്ചുവീണതു കണ്ട മലേഷ്യക്കാര്‍ക്കു കഴിഞ്ഞ പത്തൊമ്പതു വര്‍ഷമായി നിപാ പനി പേടിസ്വപ്നമേയല്ല.
അതേസമയം, ഈ രോഗം പിന്നീടു കണ്ട ബംഗ്ലാദേശിലും പശ്ചിമബംഗാളിലും അത് പല തവണ തിരനോട്ടം നടത്തി.
എന്തുകൊണ്ട്. മലേഷ്യയിലെ ആരോഗ്യവകുപ്പില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റായ ഡോ. ബി. വേണുഗോപാലന്‍ ഈയിടെ എഴുതിയ കുറിപ്പു വായിച്ചപ്പോള്‍ ചോദ്യത്തിനു വ്യക്തമായ ഉത്തരം കിട്ടി. ഓര്‍ക്കാപ്പുറത്താണ്, മലേഷ്യയിലെ നിപാ നദിക്കരയിലെ സന്‍ഗായ് നിപാ ഗ്രാമത്തില്‍ അപൂര്‍വ പനി ബാധിച്ച് ആളുകള്‍ കൂട്ടത്തോടെ മരിച്ചുവീഴാന്‍ തുടങ്ങിയത്. ആളുകള്‍ പനിച്ചുവിറയ്ക്കുന്നു, ദിവസങ്ങള്‍ക്കുള്ളില്‍ ബോധം നശിക്കുന്നു, മരിക്കുന്നു.
അതുവരെ പരിചിതമല്ലാത്ത രോഗത്തിനു മുന്നില്‍ വൈദ്യശാസ്ത്രം ഒന്നു പകച്ചു. എങ്കിലും അവര്‍ അദൃശ്യശത്രുവിനോടു പോരാടാന്‍ ഒരു നിമിഷവും വൈകിച്ചില്ല. കൊലയാളി ഒരുതരം വൈറസാണെന്നു പരിശോധനയില്‍ തെളിഞ്ഞു. അതിനെ നിയന്ത്രിക്കാന്‍ നിലവില്‍ മാര്‍ഗമില്ല. ഒരു മരുന്നും ഫലിക്കുന്നില്ല. പിടിപെട്ടാല്‍ മരണം മാത്രം. ഒറ്റ പരിഹാരമേയുള്ളു. രോഗാണുവിന്റെ ഉറവിടം കണ്ടെത്തി അവിടം മുതല്‍ വ്യാപനം തടയുക.
മലേഷ്യന്‍ ഭരണാധികാരികള്‍ പ്രസംഗിച്ചു നടക്കുന്നവരല്ല, ജനങ്ങളോടുള്ള ഉത്തരവാദിത്വം പുലര്‍ത്തുന്നവരാണ്.
സന്‍ഗായ് നിപായിലെ പന്നിഫാമുകളിലെ ജീവനക്കാര്‍ക്കാണു രോഗം ബാധിച്ചതെന്നതിനാല്‍ രോഗാണുവിന്റെ ഉറവിടം പന്നികളാണെന്നു കണ്ടെത്തി. ഉടനെ ഇരുപതു ലക്ഷത്തോളം പന്നികളെ മനുഷ്യരുമായോ മറ്റു ജീവികളുമായോ സമ്പര്‍ക്കമുണ്ടാകാത്ത ഭദ്രമായ സ്ഥലത്തേയ്ക്കു മാറ്റി. ഇതിനൊപ്പം രോഗം ബാധിച്ചവരെയും അവരുമായി അടുത്തു പെരുമാറിയവരെയും ഇതേപോലെ രോഗവ്യാപന സാധ്യതയില്ലാത്തിടങ്ങളിലേയ്ക്കു മാറ്റി.
മുന്നൂറിലേറെ പേര്‍ക്ക് ഇതിനകം രോഗം പിടിപെട്ടിരുന്നു. അതില്‍ നൂറിലേറെ പേര്‍ ദിവസങ്ങള്‍ക്കുള്ളില്‍ മരിച്ചു. എങ്കിലും 1999 ല്‍ ഉണ്ടായ നിപാ ദുരന്തം മലേഷ്യയില്‍ ആവര്‍ത്തിച്ചില്ല. കഴിഞ്ഞ പത്തൊമ്പതു വര്‍ഷത്തിനുള്ളില്‍ ഒരാള്‍ക്കുപോലും നിപാ പനിയുണ്ടായില്ല. ഒരാള്‍പോലും അക്കാരണത്താല്‍ മരിച്ചില്ല.
എന്തുകൊണ്ട്.
അവിടത്തെ ഭരണകൂടവും ജനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിച്ചു. രോഗവ്യാപനം തടയാന്‍ സത്വരനടപടി എടുത്തുകൊണ്ടിരിക്കെത്തന്നെ പന്നികളില്‍ ഈ വൈറസ് എങ്ങനെ പരക്കുന്നുവെന്നറിയാനുള്ള പഠനം നടന്നു. പഴംതീനി വവ്വാലുകളാണു നിപാ വൈറസിന്റെ വാഹകരെന്നും വവ്വാലുകള്‍ കടിച്ച പഴം ഭക്ഷിക്കുന്നതു മൂലമാണു വൈറസ് പന്നികളിലെത്തുന്നതെന്നും അവയുടെ വായിലെയും മറ്റും ശ്രവത്തിലൂടെയാണ് രോഗാണു മനുഷ്യരിലെത്തുന്നതെന്നും കണ്ടെത്തി.
ഇവിടെയും അവിടത്തെ ആരോഗ്യവകുപ്പ് ഉണര്‍ന്നു പ്രവര്‍ത്തിച്ചു. വവ്വാലുകളെ കൊന്നൊടുക്കാനല്ല ശ്രമിച്ചത്. വവ്വാല്‍ കടിച്ച പഴങ്ങള്‍ മനുഷ്യരോ മൃഗങ്ങളോ ഭക്ഷിക്കാതിരിക്കാന്‍ വേണ്ട പ്രചാരണപ്രവര്‍ത്തനങ്ങളും നടപടികളും കൈക്കൊണ്ടു. അക്കാലം മുതല്‍ ഇന്നുവരെ മലേഷ്യയിലെ മൃഗസംരക്ഷണവകുപ്പുദ്യോഗസ്ഥര്‍ പതിവായി പന്നിഫാമുകളുള്‍പ്പെടെയുള്ള മൃഗസംരക്ഷണകേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്നുണ്ട്. തുറസ്സായ സ്ഥലത്തു വച്ചു കശാപ്പു നടത്തുന്നതു കര്‍ക്കശമായി വിലക്കി.
മലേഷ്യയില്‍ ഇപ്പോഴും വവ്വാലുകളുണ്ട്. അവയില്‍ മിക്കതും നിപാ വൈറസ് വാഹകരുമാകാം. പക്ഷേ, കഴിഞ്ഞ 19 വര്‍ഷമായി മലേഷ്യന്‍ ജനത ജീവിക്കന്നത് നിപാ പേടിയിലല്ല.
ഇനി, കേരളത്തിലേയ്ക്കു വരാം. കോഴിക്കോട് ജില്ലയിലെ ഉള്‍നാടന്‍ ഗ്രാമമായ ചങ്ങരോത്ത് സൂപ്പിക്കടയില്‍ വളച്ചുകെട്ടി മൂസയുടെ രണ്ടമത്തെ മകന്‍ സാബിത്ത് പനി ബാധിച്ചു മരിക്കുന്നത് മേയ് അഞ്ചിനാണ്. അസാധാരണമായ ഒന്നും ഡോക്ടര്‍മാരുള്‍പ്പെടെ ആരും ആ മരണത്തില്‍ കണ്ടില്ല. സാബിത് രോഗിയായി കിടക്കുമ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളും ഡോക്ടര്‍മാരും നഴ്‌സുമാരുമെല്ലാം അയാളുമായി ഇടപഴകിയിരുന്നു.
13 ദിവസം കഴിഞ്ഞ് സാബിത്തിന്റെ മൂത്തസഹോദരന്‍ സാലിഹും അടുത്തദിവസം അവരുടെ ചെറിയുമ്മ മറിയവും മരിക്കുന്നതോടെയാണ് ഇതു മാരകമായ രോഗമാണെന്ന സംശയമുണ്ടാകുന്നത്. ഒരു സ്വകാര്യആശുപത്രിയിലെ ഡോക്ടര്‍ക്കാണ് ഇതു നിപാ പനിയാവാന്‍ സാധ്യതയുണ്ടെന്നു തോന്നിയത്. അപ്പോഴേയ്ക്കും സാബിത്തില്‍ നിന്നും സാലിഹില്‍നിന്നും മറിയത്തില്‍ നിന്നും ഈ രോഗം, പേരാമ്പ്ര ആശുപത്രിയില്‍ അവരെ ചികിത്സിച്ച നഴ്‌സ് ലിനിയുള്‍പ്പെടെ മറ്റു പലരിലേയ്ക്കും പടര്‍ന്നുകഴിഞ്ഞിരുന്നു. മേയ് അഞ്ചിനും ഇരുപതിനുമിടയില്‍ മാത്രം മരിച്ചത് 15 പേരാണ്.
ഇനി രോഗം ബാധിച്ച രീതി നോക്കാം. രോഗിയായ ബന്ധുവിനു കൂട്ടിരിക്കാന്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിയപ്പോഴാണു കൂരാച്ചുണ്ടുകാരനായ രാജനു നിപാ ബാധിച്ചത്. മറ്റൊരു രോഗത്തിനു ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുമ്പോഴാണു കൈവേലി സ്വദേശിനി കല്യാണിക്കു നിപാ പനി വന്നത്. സാധാരണപനിയുമായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അടുത്ത ബെഡിലുണ്ടായിരുന്ന തിരുവോട് സ്വദേശി ഇസ്മായിലില്‍നിന്ന് കോട്ടൂര്‍ സ്വദേശി റിസിലിനു നിപ പിടിപെട്ടത്. കോടതി ഉദ്യോഗസ്ഥനായ പാലാഴി സ്വദേശി മധുസൂദനന്‍ പരിക്കു പറ്റിയ പെങ്ങളെയും കൊണ്ടു മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലെത്തിയതായിരുന്നു. പനി ബാധിച്ച രോഗിയെ സ്‌ട്രെച്ചറില്‍ നിന്നു കിടക്കയിലേയ്ക്കു കിടത്താന്‍ സഹായിച്ചുവെന്ന നല്ല കാര്യം മാത്രമേ അദ്ദേഹം ചെയ്തുള്ളു. ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹവും നിപയുടെ പിടിയില്‍പ്പെട്ടു.
നിപാ വൈറസാണു വില്ലനെന്നു കണ്ടെത്തിയ നിമിഷം തന്നെ ആ രോഗം ബാധിച്ചവരെയും മറ്റാരുമായി ഒരു തരത്തിലും ബന്ധമില്ലാത്ത സ്ഥലത്തേയ്ക്കു മാറ്റിയിരുന്നെങ്കില്‍ മരണം ഇത്രയും വര്‍ധിക്കുമായിരുന്നോ. രോഗലക്ഷണമുള്ള പലരെയും പരിശോധനാ റിസല്‍റ്റ് പോസിറ്റീവായില്ല എന്ന പേരില്‍ സാധാരണ പനിവാര്‍ഡിലാണു കിടത്തിയിരുന്നത്. അതിലൊരാള്‍ പിന്നീട് നിപ പോസിറ്റീവായി മരിക്കുയും ചെയ്തു.
രോഗം വന്നു മരിച്ചവരുമായി ബന്ധപ്പെട്ടുവെന്നു വിവരം ലഭിച്ച 1949 പേര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇതിനപ്പുറത്തുള്ളവരും വൈറസ്ബാധയേറ്റവരായി ഉണ്ടായേക്കാം. അവരെല്ലാം ഇപ്പോഴും സമൂഹമധ്യത്തില്‍ത്തന്നെയാണു കഴിയുന്നത്. ആള്‍ത്തിരക്കില്‍ പരസ്പരം മുട്ടിയുരുമ്മി പരക്കം പായുന്നതിനിടയില്‍ ആരെല്ലാം ആര്‍ക്കെല്ലാമാണു രോഗാണുവിനെ സമ്മാനിക്കുകയെന്നു പറയാനാകില്ലല്ലോ. നിരീക്ഷണപ്പട്ടികയിലുള്ളവരെയെങ്കിലും രണ്ടാഴ്ചത്തേയ്ക്ക് സുരക്ഷിതസ്ഥാനത്തു പാര്‍പ്പിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നില്ലേ. ഇവിടെയാണ്, നിപയെ കെട്ടുകെട്ടിച്ച മലേഷ്യന്‍ ഭരണകൂടം മാതൃകയാകുന്നത്. കേരളത്തിലാകട്ടെ, നിപയുടെ രണ്ടാംഘട്ടം തിരനോട്ടമുണ്ടാകുമെന്നു പറഞ്ഞു അതു കാണാന്‍ കൗതുകത്തോടെ ഇരിക്കുകയാണു നമ്മള്‍.
കഴിഞ്ഞദിവസം ഒരു ടെലിവിഷന്‍ ചാനലിന്റെ ടോക് ഷോയില്‍ നിപാ പനിയെക്കുറിച്ച് ഒരു ഡോക്ടറെ ഇന്റര്‍വ്യൂ ചെയ്തപ്പോള്‍ അദ്ദേഹം പറഞ്ഞ ഒരു വാചകം ഓര്‍ക്കുമ്പോള്‍പോലും ഞെട്ടലുളവാക്കുന്നതാണ്: ''ഇതു നിപാ വൈറസാണെന്നു സ്വകാര്യ ആശുപത്രിയിലെ ആ ഡോക്ടര്‍ക്കു സംശയം തോന്നിയില്ലായിരുന്നെങ്കില്‍ ഇതിനകം എത്രയെത്ര ജീവന്‍ പൊലിഞ്ഞിരിക്കും. സാധാരണമനുഷ്യര്‍ മാത്രമല്ല, അവരെ പരിചരിക്കേണ്ട ഡോക്ടര്‍മാരും നഴ്‌സുമാരുമെല്ലാം ദിവസങ്ങള്‍ക്കുള്ളില്‍ മരിക്കുമായിരുന്നില്ലേ.'' അങ്ങനെ സംഭവിക്കാതിരുന്നതു മഹാഭാഗ്യമെന്ന് ആശ്വസിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."