പ്രമേഹത്തിനുള്ള ആയുര്‍വേദ ഔഷധവുമായി സി.എസ്.ഐ.ആര്‍
കൊച്ചി : കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് രാജ്യത്തെ ആദ്യത്തെ ഡി.പി.പി-4 ഇന്‍ഹിബിറ്ററി പ്രവര്‍ത്തനം അടങ്ങിയ ആയുര്‍വേദാധിഷ്ഠിത പ്രമേഹമരുന്ന് അവതരിപ്പിച്ചു. ടൈപ്പ് 2 പ്രമേഹത്തിന് ഫലപ്രാപ്തിയിലും സുരക്ഷയിലും ഗുണകരമെന്ന് ശാസ്ത്രീയമായി തെളിയിയ്ക്കപ്പെട്ട ബി.ജി.ആര്‍-34 ആണ് സി.എസ്.ഐ.ആര്‍ അവതരിപ്പിച്ചത്.
സി.എസ്.ഐ.ആറിന്റെ ഗവേഷണ യൂനിറ്റുകളായ നാഷണല്‍ ബൊട്ടാണിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എന്‍.ബി.ആര്‍.ഐ), സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിസിനല്‍ ആന്‍ഡ് അരോമാറ്റിക് പ്ലാന്റ്‌സ് (സിമാപ്) എന്നിവ സംയുക്തമായാണ് ബി.ജി.ആര്‍-34 വികസിപ്പിച്ചെടുത്തത്.പ്രമേഹ രോഗികള്‍ക്ക് ഉപകാരപ്രദമാകുന്നതിനായി ഡി.പി.പി-4 ഇന്‍ഹിബിറ്ററുകളുള്ള മറ്റ് മരുന്നുകളെ അപേക്ഷിച്ച് അഞ്ചു രൂപയാണ് ഒരു ഗുളികയ്ക്ക് വിലയിട്ടിരിയ്ക്കുന്നത്. രാജ്യത്തെ എല്ലാ പ്രധാന മെഡിക്കല്‍ ഷോപ്പുകളിലും ബി.ജി.ആര്‍ - 34 ലഭിക്കും.
ഇന്ത്യന്‍ ജനസംഖ്യയിലെ പ്രായപൂര്‍ത്തിയായവരില്‍ ആറു കോടിയോളം പേര്‍ പ്രമേഹ ബാധിതരാണെന്നും പ്രമേഹത്തിന് ശാശ്വതമായ പരിഹാരം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും സി.എസ്.ഐ.ആര്‍-എന്‍.ബി.ആര്‍.ഐ സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.എ.കെ.എസ്. റാവത്ത് പറഞ്ഞു. ടൈപ്പ് 2 പ്രമേഹം മൂലം കഷ്ടതയനുഭവിക്കുന്ന രോഗികള്‍ക്ക് വേഗത്തില്‍ ഫലം നല്‍കുന്നു. 500ലേറെ പ്രാചീന ഔഷധച്ചെടികള്‍ സംബന്ധിച്ച് ആഴത്തിലുള്ള പഠനം നടത്തുകയും ഇവയില്‍ ഏറ്റവും ഫലപ്രദമായ ആറു ഔഷധച്ചെടികള്‍ തെരഞ്ഞെടുത്ത് ആയുര്‍വേദ ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ മരുന്ന് നിര്‍മിച്ചിരിയ്ക്കുന്നത്. ദാരുഹരിദ്ര (ബെര്‍ബെറിസ് അരിസ്റ്റാറ്റ), ജിലോയ് (ടിനോസ്‌പോറ കോര്‍ഡിഫോളിയ), വിജയ്‌സര്‍ (പ്‌റ്റെറോകാര്‍പസ് മര്‍സുപിയം), ഗുഡ്മാര്‍ (ജിംനേമ സില്‍വസ്റ്റ്രെ), മജീത്ത് (റൂബിയ കോര്‍ഡിഫോയില), മെഥിക (ട്രിഗൊണല്ല ഫീനം-ഗ്രേയിസം) എന്നീ ഔഷധ ചെടികളാണ് വിവിധ തോതിലും അളവിലും മിശ്രിതപ്പെടുത്തി സംസ്‌കരിച്ചെടുത്ത് പ്രമേഹമരുന്ന് വികസിപ്പിച്ചെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."