കാലാവസ്ഥാ ദിനം
ഒരു ദിനാചരണം കൂടി കടന്നു പോയി, 'കാലാവസ്ഥാ ദിനം.' പ്രകൃതിക്കുമേല്‍ മനുഷ്യന് നടത്തുന്ന കൈയേറ്റങ്ങള്‍ അന്തരീക്ഷത്തെയും കാലാവസ്ഥയെയും എങ്ങനെ ബാധിക്കുന്നുവെന്ന് നിരവധി പഠനങ്ങളും ഗവേഷണങ്ങളും നടത്തപ്പെടുകയുണ്ടായി. കാലാവസ്ഥാ നിരീക്ഷകര്‍ അവരുടെ അഭിപ്രായം പങ്കുവയ്ക്കുന്നത് - 'ഇനി വരുന്നത് മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തത്ര കടുത്ത വരള്‍ച്ചയാണ്'!. വരുംതലമുറയെക്കുറിച്ചുള്ള ആകുലതകളും സംവാദങ്ങളും നമുക്ക് മാറ്റിവയ്ക്കാം.
'മരത്തില്‍നിന്ന് കടലാസുണ്ടാക്കാന്‍ ശാസ്ത്രത്തിന് കഴിയും. പക്ഷേ, കടലാസില്‍നിന്ന് മരമുണ്ടാക്കാന്‍ അതിനാവില്ല' - എന്ന ബര്‍ട്രന്റ് റസലിന്റെ വാക്കുകള്‍ തീര്‍ത്തും ചിന്തനീയമാണ്.
ഇവിടെ സ്വാഭാവിക വനങ്ങളെ നശിപ്പിച്ച് പകരം തേക്കിന് കാടുകളെ പ്രതിഷ്ഠിച്ചത് മുതല്‍ അവിടെയൊക്കെ അസ്വാഭാവികതകള്‍ മുളച്ചുപൊങ്ങിത്തുടങ്ങിയിരുന്നു. അതുകൊണ്ട് തന്നെയാണ് വന്യ ജീവികളൊക്കെയും നാട്ടിന് പുറത്തേക്കുള്ള വഴിയാത്രക്കാരായി പരിണമിച്ചത്. ഫലമോ, കര്‍ഷകര്‍ക്ക് കൃഷിയും സാധാരണക്കാരന് സൈ്വര്യ ജീവിതം വരെയും നഷ്ടമായി തുടങ്ങി.
ദൈനംദിനം നാം പുതിയ പ്രതിസന്ധികളെ നേരിടാന്‍ തയ്യാറാവേണ്ട സാഹചര്യം സംജാതമായിരിക്കുന്നു. കുടിവെള്ള ക്ഷാമവും പരിസ്ഥിതിമലിനീകരണവും കുറച്ചൊന്നുമല്ല നമ്മെ വലയ്ക്കുന്നത്. ഇവിടെ സംസ്കാരവും പൈതൃകവും അന്യമാവുന്നു.
'കുപ്പിവെള്ള സംസ്കാരം' ഉടലെടുത്ത് സാംസ്കാരിക പൈതൃകങ്ങളെ ഊറ്റി കുപ്പിയിലാക്കി കഴിഞ്ഞു. 'പനങ്കുറ്റി 'കളിലെ ജലസമൃദ്ധികളൊക്കെയും ഏതാണ്ട് വിസ്മൃതിയിലുമാണ്ടു. വംശനാശ ഭീഷണി നേരിടുന്ന ജീവികളുമേറെ.
ഭൂമിയുടെ അവകാശികള്‍ നമ്മള് മാത്രമാണോ? അല്ലേയല്ല. ആധുനിക സൗകര്യങ്ങളുടെ ബലിയാടുകളായി മാറുന്നത് നാം ജീവിക്കുന്ന ഭൂമിയുടെ അവകാശികളായിട്ടുള്ള ഇതരജീവജാലങ്ങള്‍ കൂടിയാണെന്ന് വരുമ്പോഴാണ് കാര്യം ഗൗരവകരമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."