വടക്കാഞ്ചേരി നഗരത്തിന്റെ സമഗ്ര വികസനം: നഗരസഭക്ക് ബഹുമുഖ പദ്ധതി
വടക്കാഞ്ചേരി : നഗരസഭയുടെ സമഗ്രവികസനം ലക്ഷ്യമിടുന്ന മാസ്റ്റര്‍ പ്ലാനും, കരടു നിര്‍ദ്ദേശങ്ങളും, നികുതി പരിഷ്‌ക്കരണവും ശനിയാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.
നഗരസഭക്കു വേണ്ടി ജില്ല ടൗണ്‍ പ്ലാനിങ് അധികൃതരാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്. രണ്ടു ബൈപാസ് റോഡുകളുടെ കരട് നിര്‍ദ്ദേശം അവതരിപ്പിച്ചു. പത്താംകല്ല് മുതല്‍ അകമല വരെ 5.6 കി.മീറ്റര്‍ നീളം വരുന്ന വ്യതിചലന റോഡും' പാര്‍ളിക്കാട് നബാര്‍ഡ് റോഡ് ചാലിക്കുന്ന് വഴി ഗവ.ഗേള്‍സ് ഹൈസ്‌കൂളിന് പുറകുവശത്തെത്തി പഴയ മുന്‍സിപ്പാലിറ്റി ഓഫിസിന്റെ മുന്‍വശത്തുകൂടി പുഴയില്‍ പാലം പണിത് കുന്ദംകുളം റോഡിലെത്തുന്നതാണ് മറ്റൊന്ന്.ഈ റോഡിനെ പരുത്തി പ്രയില്‍ എത്താവുന്ന വിധത്തിലുള്ള ബൈപ്പാസിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വടക്കാഞ്ചേരിക്ക് പുതിയ ടൗണ്‍ഷിപ്പ് ബൈപ്പാസ് കടന്നു പോകുന്ന ചാലിക്കുന്നിലെ 23.5 ഏക്കര്‍ സ്ഥലത്ത് ടൗണ്‍ ഹാള്‍, ഓപ്പണ്‍ എയര്‍ തിയ്യേറ്റര്‍, എക്‌സിബിഷന്‍ സെന്റര്‍, കമേഷ്‌സ്യല്‍ കോംപ്ലക്‌സ്, തിയ്യേറ്റര്‍, ഷിലോഡ്ജ്, മുന്‍സിപ്പല്‍ പാര്‍ക്ക്, കണ്‍വന്‍ഷന്‍ സെന്റര്‍, തുടങ്ങിയ പുതിയ ടൗണ്‍ഷിപ്പില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട് ' റെയില്‍വേ സ്റ്റേഷനു സമീപമാണ് പുതിയ ബസ്സ് സ്റ്റാന്റിനുള്ള നിര്‍ദ്ദേശം.
വടക്കാഞ്ചേരി പുഴയേയും, ചാത്തന്‍ചിറ, തുമാനം വെള്ളച്ചാട്ടം മറ്റു വിനോദ കേന്ദ്രങ്ങളേയും ഉള്‍പ്പെടുത്തി ഒരു ദിവസം പൂര്‍ണമായി വടക്കാഞ്ചേരിയില്‍ ചെലവഴിക്കുന്ന വിനോദസഞ്ചാര പദ്ധതിയുടെ കരടും അവതരിപ്പിച്ചു. പ്രധാന റോഡുകളുടെ വീതി വര്‍ധിപ്പിക്കുക, കുടിവെള്ളം, വൈദ്യുതി, വിദ്യാഭ്യാസം, ആരോഗ്യ മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ,കാര്‍ഷിക മേഖലയെ സംരക്ഷിക്കുന്നതിനും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും വിദ്യാഭ്യാസ മേഖലയുടെ വികസനം സ്‌കില്‍ സെന്ററുകള്‍, ടെക്‌നോ സെന്ററുകള്‍, തുടങ്ങി ഒട്ടനവധി നിര്‍ദ്ദേശങ്ങളാണ് മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി അവതരിപ്പിച്ചത്.
നിര്‍ദ്ധിഷ്ട ഭൂവിനിയോഗനിയന്ത്രണചട്ടങ്ങളും കൗണ്‍സില്‍ ചര്‍ച്ച ചെയ്തു. കൗണ്‍സിലില്‍ ഉയര്‍ന്നു വന്ന നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി ഈ മാസാവസാനം ജനകീയ സെമിനാര്‍ നടത്തും. സെമിനാറിലെ നിര്‍ദ്ദേശങ്ങള്‍ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്ത് മാസ്റ്റര്‍ പ്ലാന്‍ നടപടികള്‍ ഈ മാസത്തില്‍ പൂര്‍ത്തിയാക്കാന്‍ കൗണ്‍സില്‍ യോഗത്തില്‍ ധാരണയായി. 2011 ലെ കേരള മുന്‍സിപ്പാലിറ്റി ചട്ടങ്ങള്‍ക്കും, വിവിധ സര്‍ക്കാര്‍ ഉത്തരവുകള്‍ക്കും വിധേയമായി വസ്തു നികുതി പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ ജൂലായ് മാസത്തില്‍ പൂര്‍ത്തീകരിക്കാനും യോഗം തീരുമാനിച്ചു.
660 ചതുരശ്ര അടി താഴെയുള്ള വീടുകള്‍ക്ക് പൂര്‍ണമായും നികുതി ഒഴിവാക്കും. ഇതനുസരിച്ച് 5000 വീടുകള്‍ നികുതിയില്‍ നിന്നും ഒഴിവാകും. പഞ്ചായത്ത് ആയിരുന്ന സമയത്ത് നികുതി പരിഷ്‌ക്കരണത്തില്‍ വന്നതടക്കമുള്ള പരാതികള്‍ തീര്‍ക്കുന്നതിനായി പ്രത്യേകം അദാലത്ത് നടത്തുന്നതിനും, ജൂണ്‍ 10നകം വീടുകള്‍ ജി.ഐ.എസില്‍ രേഖപെടുത്തുന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. മുന്‍സിപ്പല്‍ നമ്പറിന്റെ ജോലികള്‍ ആരംഭിക്കുന്നതിനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
നഗരസഭ ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷ് അധ്യക്ഷനായി. ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റിയുടെ നികുതി പരിഷ്‌ക്കരണ നിര്‍ദ്ദേശങ്ങള്‍ വൈസ്.ചെയര്‍മാന്‍ എം.ആര്‍.അനൂപ് കിഷോര്‍ അവതരിപ്പിച്ചു. വിവിധ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എന്‍.കെ പ്രമോദ്കുമാര്‍, ലൈല നസീര്‍, ജയ പ്രീത മോഹന്‍, എം.ആര്‍ സോമനാരായണന്‍, ടി എന്‍ ലളിത, കൗണ്‍സിലര്‍മാരായ കെ.അജിത്കുമാര്‍, ചന്ദ്രമോഹന്‍ കുബളങ്ങാട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."