വേനലിനെ അതിജീവിക്കാനാവാതെ തെങ്ങുകള്‍ ഉണങ്ങുന്നു
കൊഴിഞ്ഞാമ്പാറ: കടുത്ത വേനലിനെ അതിജീവിക്കാനാവാതെ കിഴക്കന്‍മേഖലയില്‍ തെങ്ങുകള്‍ ഉണങ്ങുന്നു. കഴിഞ്ഞ വര്‍ഷം നൂറുകണക്കിനു തെങ്ങുകള്‍ ഉണങ്ങി നശിച്ചതിനു പുറകെയാണ് ഇത്തവണയും തെങ്ങുകള്‍ ഉണക്ക് ഭീഷണി.
പാടവരമ്പത്ത് വച്ച തെങ്ങുകളിലാണ് ഇപ്പോള്‍ ഉണക്കത്തിന്റെ ലക്ഷണങ്ങള്‍ കണ്ടത്. തെങ്ങുകളുടെ പട്ടകള്‍ കരിഞ്ഞുണങ്ങി. വെള്ളമില്ലാത്തതു മൂലം നാളികേരം മൂക്കുന്നതിന് മുന്‍പെ വാടി വീഴുന്നുണ്ട്. കഴിഞ്ഞ വര്‍ഷം വെള്ളം ലഭിക്കാത്തതിനാല്‍ തേങ്ങ ഉല്‍പാദനം വളരെയേറെ കുറഞ്ഞത് നാളികേര കര്‍ഷകര്‍ക്ക് ഭീഷണിയായിരുന്നു. ഇപ്പോള്‍ ഒരു തേങ്ങയ്ക്ക് 15 രൂപ മുതല്‍ 25 രൂപ വരെ നല്‍കേണ്ട അവസ്ഥയിലാണ്.
ഒരു ലീറ്റര്‍ വെളിച്ചെണ്ണക്ക് 150 രൂപ മുതല്‍ മുകളിലോട്ടാണു വില. കഴിഞ്ഞ വര്‍ഷം വേനല്‍മഴ ലഭിക്കാതിരുന്നതും കാലവര്‍ഷവും തുലാം മഴയും ചതിച്ചതും നാളികേര ഉത്പാദനം നാലിലൊന്നായി കുറയാനിടയാക്കി. ഇത്തവണ മാസങ്ങള്‍ക്കു ശേഷം ഒരു മഴ മാത്രമാണു ലഭിച്ചത്. കടുത്ത ചൂട് തെങ്ങുകളുടെ വേരുകളെയും ബാധിച്ചു.
മഴ ലഭിച്ചില്ലെങ്കില്‍ പാടവരമ്പത്തു വച്ച മുഴുവന്‍ തെങ്ങുകളുടെയും തലപ്പ് ഉണങ്ങി വീഴും. ചെറിയ തെങ്ങുകള്‍ സംരക്ഷിക്കാനായി ചുറ്റും പട്ടകള്‍ കൊണ്ട് പൊതിഞ്ഞിട്ടുണ്ട്. കടുത്ത ചൂടില്‍ ഇതും രക്ഷയാവുന്നില്ല. നെല്‍കൃഷി മുഴുവന്‍ ഉണങ്ങി നശിച്ചതു മൂലം തെങ്ങുകളില്‍ നിന്നുള്ള സമ്പാദ്യമായിരുന്നു ചെറുകിട കര്‍ഷകര്‍ക്കു താങ്ങായിരുന്നത്. തെങ്ങുകള്‍ ഉണങ്ങി നശിച്ചാലും കര്‍ഷകര്‍ക്കു നഷ്ടപരിഹാരം ഒന്നും തന്നെ ലഭിക്കില്ലെന്നു പറയുന്നു. ഇതും കര്‍ഷകരെ ദുരിതത്തിലാക്കുന്നുണ്ട്. തേങ്ങയും വെളിച്ചെണ്ണയും വിറ്റ് ഉപജീവനം നടത്തിയിരുന്നവര്‍ കാലാവസ്ഥയുടെ ചതിയില്‍ മറ്റ് വഴികള്‍ തേടേണ്ട അവസ്ഥയിലാണ്.
ഉണങ്ങി നശിക്കുന്ന തെങ്ങുകള്‍ക്കു നഷ്ടപരിഹാരം നല്‍കാനുള്ള നടപടി വേണമെന്നാണു കേര കര്‍ഷകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."