സംഭരണ വില പൂര്‍ണമായി നല്‍കി
പാലക്കാട്: ജില്ലയില്‍ സപ്ലൈകോ വഴി ഒന്നാംവിള നെല്ല് സംഭരിച്ചതിന്റെ തുക മുഴുവനും കര്‍ഷകര്‍ക്ക് ലഭിച്ചു. രണ്ടാംവിള സംഭരണം പുരോഗതിയിലുമാണ്. രണ്ട് വിളകളിലായി ജില്ലയില്‍ സപ്ലൈകാ സംഭരിച്ചത് 11,54,35,609 കിലോഗ്രാം നെല്ലാണ്. ഇതില്‍ ഒന്നാംവിളക്ക് സംഭരിച്ച 10,35,27,608 കിലോഗ്രാം നെല്ലിന്റെ തുകയായ 232.93 കോടി രൂപ കര്‍ഷകര്‍ക്ക് പൂര്‍ണമായും കൊടുത്തുതീര്‍ത്തു.
രണ്ടാംവിളയ്ക്ക് ഇതുവരെ 1,19,08,001 കിലോഗ്രാം നെല്ലാണ് സംഭരിച്ചത്. 39,815 കര്‍ഷകര്‍ ഒന്നാംവിള ക്കും 19,313 പേര്‍ രണ്ടാംവിളയ്ക്കും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അടുത്ത കാലങ്ങള്‍ക്കിടെയുണ്ടായ ഏറ്റവും കുറഞ്ഞ സംഭരണമാണ് ഇത്തവണത്തേത്. കടുത്ത വരള്‍ച്ച കാരണം കൃഷിയിറക്കരുതെന്ന കൃഷിവകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ജില്ലയില്‍ വളരെ കുറച്ച് കര്‍ഷകരെ കൃഷി ചെയ്തുള്ളു.
കൃഷിവകുപ്പിന്റെ കണക്കുപ്രകാരം ജില്ലയില്‍ 42,000 ഹെക്ടറിലാണ് ആകെ കൃഷിയുള്ളത്. ഇതില്‍ 28,602 ഹെക്ടര്‍ സ്ഥലത്ത് മാത്രമാണ് രണ്ടാംവിള കൃഷിയിറക്കിയത്. ഇതില്‍ 14,158 ഹെക്ടര്‍ ഉണങ്ങി നശിക്കുകയും ചെയ്തു. പല പാടങ്ങളിലും കര്‍ഷകര്‍ക്ക് വൈക്കോല്‍ കൊയ്യേണ്ടി വന്നു. അണക്കെട്ടുകളില്‍നിന്ന് പരമാവധി വെള്ളം കൃഷിക്ക് നല്‍കിയിരുന്നു. രണ്ടാംവിള സംഭരണം ഏകദേശം അവസാന ഘട്ടത്തിലെത്തിയിട്ടുണ്ട്.
നെല്ല് സംഭരണത്തിനായി 700കോടി രൂപയാണ് സര്‍ക്കാര്‍ ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഒരാഴ്ചക്കുള്ളില്‍ തന്നെ സംഭരിച്ച നെല്ലിനുള്ള തുക കര്‍ഷകരുടെ അക്കൗണ്ടിലേക്കെത്തും. നിലവില്‍ 22.50 രൂപക്കാണ് നെല്ല് സംഭരിക്കുന്നത്. 14.70 രൂപ കേന്ദ്ര വിഹിതവും 7.80 രൂപ സംസ്ഥാനവിഹിതവുമാണ്. സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്ന നെല്ല് സംസ്‌കരിച്ച് ഇവിടെത്തന്നെ അരിയാക്കി വില്‍പ്പന നടത്താനുള്ള സൌകര്യങ്ങള്‍ ഒരുക്കുന്നതിന് സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്.
കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം സര്‍ക്കാര്‍ കുത്തനെ ഉയര്‍ത്തിയത് കര്‍ഷകര്‍ക്ക് ഏറെ ഗുണകരമായിട്ടുണ്ട്. ഇന്‍ഷുര്‍ ചെയ്ത കര്‍ഷകന് ഒരേക്കറിന് ലഭിക്കുന്ന നഷ്ടപരിഹാരം 12,500 ല്‍ നിന്ന് 35,000 രൂപയാക്കി ഉയര്‍ത്തിയതായി കഴിഞ്ഞ ദിവസം മന്ത്രി അറിയിച്ചിരുന്നു. ഒപ്പം സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമായ 13,500 രൂപ വേറെയും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."