വൈറസിന്റെ പേരിലും വര്‍ഗീയ പ്രചാരണം
തബ്‌ലീഗ് ജമാഅത്ത് പ്രസ്ഥാനത്തിന്റെ പ്രധാന കേന്ദ്രമായ ഡല്‍ഹി നിസാമുദ്ദീന്‍ മര്‍കസില്‍ ചേര്‍ന്ന വാര്‍ഷിക സമ്മേളനം, വര്‍ഗീയവിദ്വേഷം പ്രചരിപ്പിക്കാന്‍ വര്‍ഗീയവാദികള്‍ ഈ കൊറോണക്കാലത്ത് അവസരമാക്കിയെടുത്തിരിക്കുകയാണ്. വൈറസിന്റെ മതം തിരയുന്ന തിരക്കിലാണിവര്‍. അവസരം കിട്ടിയാല്‍ ഇസ്‌ലാമോഫോബിയ പ്രകടിപ്പിക്കുന്നവര്‍ക്ക് തബ്‌ലീഗ് ജമാഅത്ത് നേതൃത്വം നല്‍കിയ ആയുധമാണ് നിസാമുദ്ദീന്‍ സമ്മേളനം. കൊവിഡ്- 19 രാജ്യത്തു നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുമ്പോള്‍ തബ്‌ലീഗ് സമ്മേളന സംഘാടകരാണ് രോഗത്തെ തിരികെ കൊണ്ടുവന്നതെന്ന മട്ടിലാണ് കുപ്രചാരണം കൊഴുക്കുന്നത്.
സമ്മേളനം നടക്കുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള വിലക്കോ നിരോധനമോ അവിടെ ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി ജനതാ കര്‍ഫ്യൂ പ്രഖ്യാപിക്കുന്നതിനു മുന്‍പാണ് സമ്മേളനം നടന്നത്. എന്നാല്‍ ജനതാ കര്‍ഫ്യൂ കഴിഞ്ഞതിനു തൊട്ടുപിന്നാലെ ഡല്‍ഹിയില്‍ പ്രധാനമന്ത്രിക്ക് അഭിവാദ്യമര്‍പ്പിച്ചു വലിയൊരു ജനക്കൂട്ടം ആഹ്ലാദാരവങ്ങളോടെ പ്രകടനം നടത്തി. ജനതാ കര്‍ഫ്യൂ എന്തിനുവേണ്ടി നടത്തിയോ അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ അപ്പാടെ തകര്‍ക്കുന്നതായിരുന്നു ജനക്കൂട്ടത്തിന്റെ ഘോഷയാത്ര. ഇതേക്കുറിച്ചൊന്നും ഒരു പരാതിയും എവിടെ നിന്നും ഉയര്‍ന്നുകണ്ടില്ല.
പ്രധാനമന്ത്രി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വലിയൊരു ആള്‍ക്കൂട്ടത്തോടൊപ്പം അയോധ്യയില്‍ നടത്തിയ യാത്രയും ആര്‍ക്കും വിഷയമായില്ല. അധികൃതരില്‍ നിന്ന് വാങ്ങിയ അനുമതിയോടെയാണ് തബ്‌ലീഗ് ജമാഅത്ത് സമ്മേളനം നടത്തിയത്. അനുമതി നിഷേധിച്ചിരുന്നെങ്കില്‍ അവിടെ സമ്മേളനം നടക്കുമായിരുന്നില്ല. സമ്മേളനത്തിലേക്ക് കൊവിഡ് ബാധിതരായ വിദേശികള്‍ വന്നതിന്റെ ഉത്തരവാദിത്തം വിദേശികളെ വിമാനത്താവളത്തില്‍ പരിശോധനയ്ക്കു വിധേയമാക്കാത്ത വിമാനത്താവളാധികൃതര്‍ക്കാണ്. അവിടെ നിന്നാരംഭിക്കുന്നു വീഴ്ചകളുടെ ഘോഷയാത്ര. ഇതില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഒരു പോലെ തെറ്റുകാരാണ്
സമ്മേളനം അവസാനിച്ചപ്പോഴേക്കും ഡല്‍ഹി സര്‍ക്കാരും പിറകെ കേന്ദ്ര സര്‍ക്കാരും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. യാതൊരു മുന്നറിയിപ്പും കൂടാതെയായിരുന്നു ഈ പ്രഖ്യാപനം. ഡല്‍ഹിയില്‍ അസഖ്യം അതിഥി തൊഴിലാളികളുണ്ടെന്നും അവരുടെ തൊഴിലും ഭക്ഷണവും നഷ്ടപ്പെടുമെന്നും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാര്‍ ഓര്‍ത്തില്ല. തുടര്‍ന്ന് അവര്‍ പലായനം തുടങ്ങിയപ്പോഴാണ് സര്‍ക്കാര്‍ ഉണര്‍ന്നത്. അപ്പോഴൊക്കെയും മര്‍കസില്‍ കുടുങ്ങിപ്പോയവരെ ഒഴിപ്പിച്ചു കൊണ്ടുപോകാന്‍ സഹായിക്കണമെന്നു കെജ്‌രിവാള്‍ സര്‍ക്കാരിനോടും കേന്ദ്ര സര്‍ക്കാരിനോടും സമ്മേളന സംഘാടകര്‍ അവശ്യപ്പെട്ടുകൊണ്ടിരുന്നപ്പോള്‍ ഉദാസീന നിലപാടാണ് ഇരുസര്‍ക്കാരുകളും സ്വീകരിച്ചതെന്നാണ് മര്‍കസ് അധികൃതരുടെ വാദം.
ഡല്‍ഹി മര്‍കസില്‍ സമ്മേളനം അവസാനിക്കുമ്പോള്‍ തന്നെ പാര്‍ലമെന്റ് സമ്മേളനവും നടക്കുന്നുണ്ടായിരുന്നു. പാര്‍ലമെന്റ് സമ്മേളനം നിര്‍ത്തിവയ്ക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ വഴങ്ങിയിരുന്നില്ല. പിന്നെ എന്തിനാണ് സമ്മേളന നടത്തിപ്പിനെ കുറ്റപ്പെടുത്തുന്നത്?
എണ്ണായിരത്തോളം പ്രതിനിധികളാണ് രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നുമായി സമ്മേളനത്തില്‍ പങ്കെടുത്തത്. ഇതില്‍ മലേഷ്യയില്‍ നിന്നും തായ്‌ലന്റില്‍ നിന്നും വന്ന ചിലര്‍ കൊവിഡ് ബാധിതരായിരുന്നെന്നാണ് ഇപ്പോള്‍ പറയപ്പെടുന്നത്. ഇവര്‍ വഴി പല സംസ്ഥാനങ്ങളില്‍ നിന്നും വന്ന സമ്മേളന പ്രതിനിധികള്‍ക്ക് രോഗം പകര്‍ന്നുകിട്ടി എന്നാണ് ഇപ്പോള്‍ പുറത്തുവന്ന വിവരം. വിദേശത്തു നിന്ന് വന്നവരെ വിമാനത്താവളത്തില്‍ പരിശോധയ്‌നക്കു വിധേയരാക്കിയിരുന്നെങ്കില്‍ ഈ അനര്‍ഥങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ല.
ഇപ്പോള്‍ മര്‍കസിന്റെ നടത്തിപ്പുകാരായ ഏഴു പേര്‍ക്കെതിരേ ഡല്‍ഹി പൊലിസ് കേസെടുത്തിരിക്കുകയാണ്. മാര്‍ച്ച് 24ന് നോട്ടിസ് നല്‍കിയിട്ടും മര്‍കസില്‍ നിന്ന് ഒഴിഞ്ഞുപോകാത്തതിന്റെ പേരിലാണു കേസ്. എന്നാല്‍ സമ്മേളനം കഴിഞ്ഞപ്പോള്‍ പ്രതിനിധികളെ ഒഴിപ്പിച്ചു കൊണ്ടുപോകാന്‍ സൗകര്യം ചെയ്തുകൊടുക്കണമെന്നാവശ്യപ്പെട്ട് സമ്മേളന നടത്തിപ്പുകാര്‍ ഡല്‍ഹി പൊലിസിനോട് രേഖാമൂലം ആവശ്യപ്പെട്ടതാണ്. അതിന് അനുമതി നല്‍കാതെ വച്ചു താമസിപ്പിച്ച ഡല്‍ഹി പൊലിസും ഡല്‍ഹി ഭരണകൂടവുമാണു തെറ്റുകാര്‍. അവര്‍ക്കെതിരേയാണ് നിയമനടപടികള്‍ സ്വീകരിക്കേണ്ടിയിരുന്നത്.
മാര്‍ച്ച് 16നു തന്നെ ഡല്‍ഹി സര്‍ക്കാര്‍ മതചടങ്ങുകള്‍ നിരോധിച്ചിരുന്നെന്നും അതവഗണിച്ചാണു മര്‍കസില്‍ തബ്‌ലീഗ് ജമാഅത്ത് സമ്മേളനം നടത്തിയതെന്നുമുള്ള കേന്ദ്ര സര്‍ക്കാര്‍ സ്റ്റാന്റിങ് കോണ്‍സല്‍ ഗൗരാങ്ങ് കാന്ത് ഡല്‍ഹി ഹൈക്കോടതിക്കു നല്‍കിയ കത്ത് ദുരുപദിഷ്ടമാണ്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷവും മതാഘോഷ ചടങ്ങുകള്‍ ഡല്‍ഹിയിലും യു.പിയിലും നടന്നിട്ടുണ്ട്. ആയിരങ്ങള്‍ പങ്കെടുത്ത രാമനവമി ആഘോഷം കൊല്‍കത്തയില്‍ ഇന്നലെ നടന്നു. മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് ബി.ജെ.പി നല്‍കിയ സ്വീകരണം എല്ലാ വിലക്കുകളും പൊട്ടിച്ചെറിയുന്നതായിരുന്നു. പ്രധാനമന്ത്രിയുടെ ലോക്ക് ഡൗണ്‍ പ്രഖ്യാപനം തള്ളിക്കളഞ്ഞുകൊണ്ടാണ് കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ മകളുടെ കല്യാണം പൊടിപൊടിച്ചത്. ഇവിടെയൊക്കെ നിയമം നോക്കുകുത്തിയായി !
കൊവിഡ് - 19 പടര്‍ന്ന് പിടിക്കുന്ന കാലത്ത് ഡല്‍ഹിയില്‍ ഇത്തരമൊരു സമ്മേളനം നടത്തിയത് തബ്‌ലീഗ് ഭാരവാഹികളുടെ വന്‍വീഴ്ച തന്നെയാണ്. ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും പള്ളികളില്‍ ജുമുഅ വരെ നിര്‍ത്തിവച്ചിരിക്കയാണ്. ഉംറയ്ക്കുള്ള അനുമതി സഊദി അറേബ്യന്‍ സര്‍ക്കാര്‍ റദ്ദാക്കിയിരിക്കുന്നു. മദീന പള്ളി അടച്ചിട്ടിരിക്കുന്നു. ഇതൊക്കെ തിരിച്ചറിഞ്ഞ് ഒരു വന്‍ ആള്‍ക്കൂട്ടത്തെ ഒരിക്കലും സംഘടിപ്പിക്കരുതായിരുന്നു. രോഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന വേളയില്‍ നീട്ടിവയ്‌ക്കേണ്ടതായിരുന്നു ഈ സമ്മേളനം. ഈ വല്ലാത്ത കാലത്ത് മുസ്‌ലിം സമുദായത്തിനു നേരെ കഴുകന്‍ കണ്ണുകളുമായി പാറിപ്പറക്കുന്ന വര്‍ഗീയ ശക്തികളുടെ മുന്നിലേക്ക് ഇട്ടുകൊടുത്ത ഇരയായിപ്പോയി തബ്‌ലീഗ് വാര്‍ഷിക സമ്മേളനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."