ക്വാറിക്കുവേണ്ടി പഞ്ചായത്ത് റോഡ് കൈയേറി കോണ്‍ക്രീറ്റ് ചെയ്‌തെന്ന്
കൂടരഞ്ഞി: പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ കൂമ്പാറ ആനക്കല്ലുംപാറയില്‍ പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറി ഉടമ പഞ്ചായത്ത് റോഡ് കൈയേറി കോണ്‍ക്രീറ്റ് ചെയ്‌തെന്ന് പരാതി.
കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനത്തിന് എട്ടുമീറ്റര്‍ വീതിയില്‍ റോഡ് വേണമെന്നാണ് നിയമം. മൂന്നു മീറ്റര്‍ മാത്രമാണ് നിലവില്‍ ക്വാറിയിലേക്കുള്ള റോഡിന്റെ വീതി. ഇതു വര്‍ധിപ്പിക്കാന്‍ നാട്ടുകാര്‍ ഉപയോഗിച്ചു പോരുന്ന പൊതുറോഡ് അനുമതിയില്ലാതെ കോണ്‍ക്രീറ്റ് ചെയ്തു കൈവശപ്പെടുത്തുന്നുവെന്ന് കാണിച്ച് ജനകീയ കമ്മിറ്റിയുടെ പേരില്‍ മാത്യു പുളിമൂട്ടിലാണ് പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫിസര്‍, ആര്‍.ഡി.ഒ എന്നിവര്‍ക്ക് പരാതി നല്‍കിയത്.
400 മീറ്ററോളം നീളത്തിലാണ് അനധികൃത പ്രവൃത്തി നടക്കുന്നത്. കൂമ്പാറ ആനക്കല്ലുംപാറ അകമ്പുഴ റോഡാണ് ക്വാറി ഉടമ കൈയേറിയിരിക്കുന്നത്. കുത്തനെയുള്ള മലയോര പ്രദേശമായ ഇവിടെ മേല്‍ മണ്ണ് മുഴുവന്‍ നീക്കം ചെയ്ത് കരിങ്കല്‍ ക്വാറി പ്രവര്‍ത്തിക്കുന്നത് മലയിടിച്ചിലിനും അപകടത്തിനും വഴിയൊരുക്കുമെന്നും മഴക്കാലത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുള്ള ഈ മേഖലയില്‍ ക്വാറിയുടെ പ്രവര്‍ത്തനം തുടര്‍ന്നാല്‍ വലിയ ദുരന്തം ഉണ്ടാകുമെന്നും പരാതിയില്‍ പറയുന്നു.
ഇവിടെ നിന്ന് നീക്കം ചെയ്യുന്ന കല്ലും മണ്ണും പുഴയുടെ തീരത്ത് കൂട്ടിയിടുന്നത് മൂലം വെള്ളം മലിനമാകുകയും പുഴയുടെ നീരൊഴുക്ക് തടസപ്പെടുകയും ചെയ്യും.
പഞ്ചായത്തില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയെങ്കിലും നിപാ വൈറസ് ഭീതി മൂലം ഇപ്പോള്‍ സ്ഥലപരിശോധനക്ക് എത്താന്‍ കഴിയില്ല എന്ന മറുപടിയാണ് ലഭിച്ചതെന്നും അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടികള്‍ ഉണ്ടാകണമെന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."