കുടിവെള്ള സ്രോതസുകള്‍ ജലസമൃദ്ധം; പച്ചപ്പണിഞ്ഞ് നെല്‍വയലുകളും
മാനന്തവാടി: ഈ വര്‍ഷം ലഭിച്ച വേനല്‍ മഴയില്‍ പ്രകൃതിയുടെ ജല സംഭരണികളായ നെല്‍വയലുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ വെള്ളം നിറഞ്ഞതോടെ കുടിവെള്ള സ്രോതസുകള്‍ ജല സമൃദ്ധമായി. ഭൂഗര്‍ഭജലം സംഭരിക്കാന്‍ ശേഷിയുള്ള നെല്‍വയലുകളില്‍ വെള്ളം നിറഞ്ഞതോടെ കുടിവെള്ളത്തിന് ഇനി എവിടെ പോകുമെന്ന കര്‍ഷകരുടെ ആശങ്ക അസ്ഥാനത്തായി.
വയലുകളില്‍ വെള്ളം നിറഞ്ഞതോടെ സമീപത്തെ വീടുകളിലുള്ള കിണറുകളില്‍ അടക്കം ജലവിതാനം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തില്‍ പോലും വരണ്ടുണങ്ങിയാണ് നെല്‍വയലുകള്‍ കിടന്നിരുന്നത്. ഈ വര്‍ഷം മേയ് മാസം ലഭിച്ച വേനല്‍ മഴയാണ് ജനങ്ങള്‍ക്ക് അനുഗ്രഹമായത്. കാലവര്‍ഷത്തിലല്ലാതെ നെല്‍വയലുകളില്‍ വെള്ളം നിറയുന്നത് ജില്ലയിലെ അപൂര്‍വ കാഴ്ചയാണ്. വയലുകളുടെ നാടായ വയനാട്ടില്‍ നെല്‍കൃഷി കുറഞ്ഞതോടെയാണ് വരള്‍ച്ച രൂക്ഷമായത്. തൊഴിലാളി ലഭ്യത കുറവും ഉല്‍പാദന ചെലവും കാരണം മിക്കവരും നെല്‍കൃഷിയില്‍ നിന്നും പിന്‍വാങ്ങിയതോടെ ഏക്കര്‍ കണക്കിന് വയലുകള്‍ തരിശായി കിടന്നു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കിയ ഭൂമാഫിയകള്‍ ചെറിയ വിലക്ക് വയലുകള്‍ വിലക്ക് വാങ്ങി തരം മാറ്റി മറിച്ച് വില്പന നടത്തിയ സംഭവങ്ങളും നിരവധിയുണ്ടായി. നെല്‍കൃഷി പ്രോത്സാഹനം വാക്കുകളിലൊതുങ്ങുന്ന കാലഘട്ടത്തില്‍ ശേഷിക്കുന്ന വയലുകള്‍ കൂടി അപ്രത്യക്ഷമാകുമോ എന്ന ആശങ്ക നെല്‍കര്‍ഷകര്‍ക്കുണ്ട്.
കഴിഞ്ഞ ബജറ്റില്‍ നെല്‍കര്‍ഷകര്‍ക്ക് ഹെക്ടറിന് 2500 രൂപ റോയല്‍റ്റി നല്‍കുമെന്നറിയിച്ചിരുന്നെങ്കിലും നാമമാത്രമായ ഈ തുക നല്‍കാന്‍ പോലും ബന്ധപ്പെട്ടവര്‍ തയ്യാറായില്ല.
ഒരേക്കറില്‍ വാഴകൃഷിയിറക്കിയാല്‍ കാലാവസ്ഥ പ്രതികൂലമായില്ലെങ്കില്‍ 35,000 രൂപ വരെ കര്‍ഷകര്‍ക്ക് ലഭിക്കും. ഇതുമൂലം നെല്‍പാടങ്ങളെല്ലാം വാഴക്കൃഷിക്ക് വഴി മാറുകയാണ്. ഇത് സമീപ ഭാവിയില്‍ വന്‍ വരള്‍ച്ചക്ക് വഴിയൊരുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."