പൊലിസിലെ ഛിദ്ര ശക്തികളെ പുറത്ത്കളയണം
എന്തെല്ലാം പ്രകോപനങ്ങളുണ്ടായാലും വിമര്‍ശനങ്ങളുടെ പേമാരി വന്നാലും പൊലിസിലെ ചിലര്‍ അവരുടെ അക്രമണോത്സുക നിലപാടില്‍ നിന്നും അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുന്നതില്‍ നിന്നും പിന്തിരിയുകയില്ലെന്നാണ് കഴിഞ്ഞ ദിവസം എടപ്പാളിലെ തിയേറ്റര്‍ ഉടമയെ പോക്‌സോ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതിലൂടെ മനസ്സിലാകുന്നത്. എടപ്പാളിലെ തിയറ്ററില്‍ പിഞ്ചുബാലികയെ പീഡിപ്പിച്ച വ്യക്തിയെ സംബന്ധിച്ച് വിവരം നല്‍കിയിട്ടും പതിനഞ്ച് ദിവസം അനങ്ങാതിരുന്ന പൊലിസ് വിവരം അറിയിക്കുന്നതില്‍ കാലതാമസം വരുത്തിയെന്ന കുറ്റം ചുമത്തി തിയറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തത് എന്ത്മാത്രം അപഹാസ്യമാണ്. ദൃശ്യം സഹിതം പീഡന സംഭവം പുറത്തുവന്നതിലുള്ള അമര്‍ഷം തീര്‍ക്കുകയായിരുന്നു പൊലിസ് . അറസ്റ്റ് നിയമപരമായി നിലനില്‍ക്കുകയില്ലെന്ന വിദഗ്ധാഭിപ്രായത്തെ തുടര്‍ന്നായിരിക്കും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ എസ്.പിയെയും തൃശൂര്‍ റേഞ്ച് ഐ.ജിയെയും വിളിച്ച് ശാസിച്ചത്. കെവിന്‍ കൊലപാതകത്തില്‍ പൊലിസുകാര്‍ക്കുള്ള പങ്കിനെചൊല്ലി ഇന്നലെ നിയമസഭയില്‍ ബഹളം നടക്കുന്നതിനിടയില്‍ തന്നെയാണ് പൊലിസിന് പരാതി നല്‍കിയ ആളെ കുടുക്കുവാന്‍ പൊലിസ് തയ്യാറായതെന്നത് വിചിത്രം തന്നെ. ഈ വിധം പൊലിസ് പെരുമാറുകയാണെങ്കില്‍ പൊലിസിന് സഹായകരമാവുന്ന വിവരങ്ങള്‍ നല്‍കാന്‍ എങ്ങനെയാണ് പൊതുസമൂഹം മുന്നോട്ട് വരിക. പരാതി കിട്ടി ദിവസങ്ങളോളം അതിന്മേല്‍ അടയിരിക്കുകയായിരുന്ന പൊലിസ് സംഭവം പുറത്തുവന്നതോടെ അതിന് പ്രതികാരം തീര്‍ക്കുകയായിരുന്നു തിയറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതിലൂടെ. വിവരം ആദ്യം നല്‍കിയ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെയും കുടുക്കാനുള്ള ശ്രമത്തിലാണ് പൊലിസ് എന്നാണ് അറിയുന്നത്. ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കേണ്ട പൊലിസ് അത് നിര്‍വഹിക്കുന്നില്ലെന്ന് മാത്രമല്ല അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുകയും ചെയ്യുന്ന ജുഗുപ്‌സാവഹമായ അവസ്ഥയാണിപ്പോള്‍ കേരളത്തിലുള്ളത്. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലിസ് സേനയെ നിലക്ക് നിര്‍ത്താനെന്നവണ്ണം മുന്‍ ഡി.ജി.പിമാരുടെയും മുന്‍ ചീഫ് സെക്രട്ടറിമാരുടെയും യോഗം വിളിച്ചതിന്റെ ചൂടാറും മുമ്പാണ് എടപ്പാളിലെ ചങ്ങരംകുളം പൊലിസ് കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പിടിക്കുക എന്ന നയം സ്വീകരിച്ചിരിക്കുന്നത്.
സര്‍ക്കാരിന്റെ രണ്ട് വര്‍ഷം തികയുന്ന ആഘോഷം ശ്രദ്ധിക്കപ്പെടാതെ പോയത് കെവിന്‍ കൊലപാതക കേസില്‍ പൊലിസ് പ്രതികളെ കൈയും മെയ്യും മറന്ന് സഹായിച്ച വിവരങ്ങള്‍ ഓരോന്നായി പുറത്തുവന്നതിനെ തുടര്‍ന്നായിരുന്നു. വരാപ്പുഴ ശ്രീജിത്തിന്റെ കൊലപാതകത്തില്‍ പൊലിസ് നേരിട്ട് നടത്തിയ ആക്രമണത്തിന്റെ അലയൊലികള്‍ മായും മുമ്പാണ് കോട്ടയത്തെ കെവിന്‍ കൊലപാതകത്തിന് പൊലിസ് അഹമിഹകമായ സഹായം നല്‍കിയതിന്റെ വിവരം പുറത്തുവന്നത്.
സര്‍ക്കാരിന്റെ ജനക്ഷേമപ്രവര്‍ത്തനങ്ങളെ അപ്രസക്തമാക്കുംവിധം പൊലിസിലെ ഒരു വിഭാഗം ബോധപൂര്‍വം ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്നതിനെ എങ്ങനെ പ്രതിരോധിക്കാനാകുമെന്ന് അറിയാനായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മുന്‍ ഡി.ജി.പിമാരുടെയും മുന്‍ ചീഫ് സെക്രട്ടറിമാരുടെയും യോഗം വിളിച്ചതെങ്കില്‍ അതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്‌നമല്ല എന്ന മട്ടിലാണ് പൊലിസിലെ ക്രിമിനലുകള്‍ പ്രവര്‍ത്തിക്കുന്നത്. പരാതിയിന്മേല്‍ നടപടിയെടുക്കാതിരുന്ന ചങ്ങരംകുളം എസ്.ഐ കെ.ജി ബേബിക്കെതിരെയും സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെതിരെയും നിസ്സാരവകുപ്പുകള്‍ ചുമത്തി കേസെടുക്കുകയും അവരെ അറസ്റ്റ് ചെയ്യാതിരിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ തന്നെയാണ് വിവരം നല്‍കിയ തിയറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തത്. നിയമസഭയില്‍ ഇതുസംബന്ധിച്ച പ്രതിപക്ഷ പ്രതിഷേധം ഇന്നലെ രൂക്ഷമായതിനെ തുടര്‍ന്നാണ് എസ്.ഐയെ അറസ്റ്റ് ചെയ്തത്.
വിവരം നല്‍കിയ ആളെ അറസ്റ്റ് ചെയ്ത നടപടി ഒരിക്കലും അംഗീകരിക്കാനാവില്ലെന്നാണ് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍ ഇന്നലെ പറഞ്ഞത്.
പൊലിസ് സേനയെ ദുര്‍ബലപ്പെടുത്തുന്ന ഛിദ്രശക്തികള്‍ സേനയില്‍ കടന്ന്കൂടിയിട്ടുണ്ടെന്ന് വേണം സമീപകാല സംഭവങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ മനസ്സിലാക്കാന്‍. ശ്രീജിത്തിന്റെയും കെവിന്റേയും കൊലപാതകങ്ങളില്‍ പങ്കുള്ള പൊലിസുകാര്‍ക്കെതിരെ നിസ്സാര വകുപ്പ് ചുമത്തി അവരെ ജാമ്യത്തിലിറങ്ങുവാന്‍ സഹായകരമായ നിലപാട് സ്വീകരിച്ചത് ഇതിന്റെ അടിസ്ഥാനത്തിലായിരിക്കണം. പൊലിസ് മേധാവിക്കും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കും പൊലിസിന് മേലുള്ള നിയന്ത്രണം നഷ്ടമായിരിക്കുന്നുവെന്നാണ് ഈ സംഭവങ്ങളെല്ലാം വ്യക്തമാക്കുന്നത്. ഇനിയെങ്കിലും പൊലിസ് സേനയെ അപകീര്‍ത്തിപ്പെടുത്തുന്ന ക്ഷുദ്ര ജീവികളെ പുറത്ത്കളയുവാനുള്ള ചങ്കൂറ്റം മുഖ്യമന്ത്രി കാണിക്കുമോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."