പാളമലയിലെ ആദിവാസികള്‍ കുടിവെള്ളത്തിന് നെട്ടോട്ടമോടുന്നു
ശ്രീകൃഷ്ണപുരം: ആദിവാസി ക്ഷേമ പദ്ധതികള്‍ക്കായി കോടികള്‍ ചെലവഴിക്കുമ്പോഴും ദാഹജലത്തിനായി മലയിറങ്ങിവരേണ്ട ഗതികേടിലാണ് കടമ്പഴിപ്പുറം പാളമല ആദിവാസി കോളനിയിലെ ഒന്‍പത് കുടുംബങ്ങള്‍. 17 വിദ്യാര്‍ഥികളടക്കം 35 പേര്‍ ഈ കോളനിയില്‍ താമസിക്കുന്നു. കടുത്ത വേനലില്‍ കുടിവെള്ളത്തിനായുള്ള കാത്തിരിപ്പ് ഇനിയും തുടരുകയാണ്. അരകിലോമീറ്റര്‍ ദൂരം താണ്ടി മലയിറങ്ങി വന്നാല്‍ മാത്രമേ ഇവര്‍ക്ക് വെള്ളം ലഭിക്കുകയുള്ളൂ.
പട്ടിക വികസന വകുപ്പിന്റെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ നിരവധി ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഇവര്‍ക്ക് കുടിവെള്ളം ലഭ്യമാക്കാനുള്ള നടപടികള്‍ക്കൊന്നും ജന പ്രതിനിധികള്‍ മുതിര്‍ന്നിട്ടില്ല. വര്‍ഷങ്ങളായി ഈ സ്ഥിതി തുടരുന്നു. ഇവര്‍ക്കുള്ള കുടിവെള്ള നിര്‍മ്മാണം ആരംഭിച്ചെങ്കിലും പാതി വഴിയില്‍ നിലക്കുകയായിരുന്നു. പദ്ധതി നിര്‍ത്തിവെക്കാനുള്ള കാരണം അധികൃതര്‍ ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല. കുടിവെള്ള ലഭ്യതയുള്ള സ്ഥലത്ത് കിണര്‍ നിര്‍മ്മിച്ച് വെള്ളം വിതരണം ചെയ്യാനുള്ള സാധ്യത നിലനില്‍ക്കെ അതിനുള്ള ആസൂത്രണങ്ങള്‍ പോലും നടക്കുന്നില്ല. അടിയന്തിരമായി ഇവര്‍ക്ക് കുടിവെള്ളം ലഭ്യമാക്കാണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."