തബ്‌ലീഗ് സമ്മേളനം; 150 പേര്‍ക്കെതിരേ മുംബൈ പൊലിസ് കേസെടുത്തു
14 ഇന്തോനേഷ്യന്‍ പൗരന്മാര്‍ക്കെതിരേ തെലങ്കാന പൊലിസ് കേസെടുത്തു
മുംബൈ: നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 150 പേര്‍ക്കെതിരേ മുംബൈ പൊലിസ് കേസെടുത്തു. സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാതെയും ക്വാറന്റൈന്‍ നിര്‍ദേശം ലംഘിച്ചതിനെയും തുടര്‍ന്നാണ് നടപടി. അതിനിടെ ധാരാവിയില്‍ കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ ഫ്‌ലാറ്റില്‍ താമസിച്ചിരുന്ന മലയാളികളെ തിരിച്ചറിഞ്ഞതായും മുംബൈ പൊലിസ് പറഞ്ഞു. പത്തു മലയാളികളാണ് ഇവിടെ താമസിച്ചരുതെന്നും തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തതിനുശേഷമാണ്ഇവര്‍ ഇവിടെ എത്തിയതെന്നും മുംബൈ പൊലിസ് വ്യക്തമാക്കി. ഇവര്‍ക്ക് രോഗ ബാധിതരാണോ എന്ന് കേരളത്തിനു മാത്രമേ സ്ഥിരീകരിക്കാന്‍ കഴിയൂവെന്നും പൊലിസ് പറഞ്ഞു.
അതിനിടെ സമ്മേളനത്തില്‍ പങ്കെടുത്ത് സംസ്ഥാനത്തെത്തിയ 14 ഇന്തോനേഷ്യന്‍ പൗരന്മാര്‍ക്കെതിരേ തെലങ്കാന പൊലിസ് കേസെടുത്തു. ഇതില്‍ 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വിസ ചട്ടങ്ങള്‍ ലംഘിച്ചതിനും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാതിരുന്നതിനുമാണ് കേസ്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കരിംനഗര്‍ സ്വദേശികള്‍ക്കെതിരേ പകര്‍ച്ചവ്യാധി തടയല്‍ നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതേ സമയം, സമ്മേളനത്തില്‍ പങ്കെടുത്തശേഷം നാട്ടിലെത്തിയ തബ്‌ലീഗ് പ്രവര്‍ത്തകര്‍ സ്വമേധയാ വൈദ്യപരിശോധനയ്ക്ക് മുന്നോട്ടു വന്നില്ലെങ്കില്‍ ശിക്ഷാര്‍ഹമായ നരഹത്യാ കുറ്റം ചുമത്തുമെന്ന് അസം സര്‍ക്കാര്‍ വ്യക്തമാക്കി. സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഇന്നലെ വൈകിട്ട് ആറുമണിക്കുള്ളില്‍ അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ എത്തണമെന്നും അല്ലെങ്കില്‍ കടുത്ത ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടിവരുമെന്നും സര്‍ക്കാര്‍ അന്ത്യശാസനം നല്‍കിയിരുന്നു.
എന്നാല്‍ പലരും ഇത് അവഗണിച്ചു. ഇതേ തുടര്‍ന്നാണ് സര്‍ക്കാരിന്റെ അന്ത്യശാസനം. സമ്മേളനത്തില്‍ പങ്കെടുത്തവരെ കണ്ടെത്താനായി സര്‍ക്കാര്‍ തീവ്രശ്രമം തുടരുകയാണെങ്കിലും പലരും അധികൃതരുമായി ബന്ധപ്പെടാന്‍ ഇതുവരെ തയാറായിട്ടില്ല. മഹാരാഷ്ട്രയില്‍നിന്നുള്ള ആറു പ്രവര്‍ത്തകരെ ദരാങ് ജില്ലയില്‍നിന്ന് പൊലിസ് കണ്ടെത്തിയിരുന്നു. സമ്മേളനവുമായി നേരിട്ടു ബന്ധപ്പെട്ട 80 പേര്‍ക്കു വേണ്ടിയാണ് തിരച്ചില്‍ നടക്കുന്നത്. ഇവരുമായി ബന്ധപ്പെട്ട 380 പേരെയും കണ്ടെത്താനുണ്ട്. ഇതിനായി സ്‌പെഷല്‍ സെല്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച 25 പേരും സമ്മേളനത്തില്‍ പങ്കെടുത്തവരോ അവരുമായി ബന്ധപ്പെട്ടവരോ ആണ്. ഇത്തരത്തിലുള്ള എണ്ണൂറോളം പേരെ മൊബൈല്‍ രേഖകളുടെ അടിസ്ഥാനത്തില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇവരില്‍ 30 പേര്‍ ഒളിവിലാണെന്നു പൊലിസ് അറിയിച്ചു. തബ്‌ലീഗ് ജമാഅത്ത് നേതൃത്വവുമായി പലവട്ടം ചര്‍ച്ച നടത്തിയെന്നും കുടുതല്‍ പേര്‍ സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ആരോഗ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."