മക്കയിലും മദീനയിലും ഹോട്ടല്‍ വാടകയില്‍ വന്‍ വര്‍ധന
ജിദ്ദ: റമദാന്‍ അവസാനത്തെ പത്തിലേക്ക് കടന്നതോടെ മക്ക, മദീന എന്നിവിടങ്ങളിലെ ഹോട്ടലുകള്‍ വാടക ഗണ്യമായി വര്‍ധിപ്പിച്ചു.
ആഭ്യന്തര, അന്താരാഷ്ട്ര തീര്‍ഥാടകരുടെ എണ്ണം വര്‍ധിച്ചതോടെ ഹോട്ടലുകള്‍ 50 ശതമാനത്തിലധികം വാടകയാണ് വര്‍ധിപ്പിച്ചത്. മക്കയിലെ മസ്ജിദുല്‍ ഹറമിന് സമീപമുളള ഹോട്ടലുകളില്‍ ഒരു ദിവസം ചുരുങ്ങിയത് 800 റിയാലായി വാടക ഉയര്‍ന്നു. മസ്ജിദുല്‍ ഹറമിലേക്ക് നടന്നുപോകാന്‍ കഴിയുന്ന ദൂരത്തുളള ഇടത്തരം ഹോട്ടലുകളില്‍ ദിവസ വാടക 1500 റിയാലാണ്.
മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്കല്ലാതെ പെരുന്നാള്‍ ദിവസം വരെ ഹോട്ടലുകളില്‍ മുറികള്‍ ലഭ്യമല്ല. അതേസമയം ഹറമില്‍ നിന്ന് മൂന്ന്, നാല് കിലോ മീറ്റര്‍ ചുറ്റളവിലുളള ഹോട്ടലുകളില്‍ 40 ശതമാനം മുറികളെങ്കിലും ഒഴിവുണ്ട്.
അവസാന പത്ത് ദിവസങ്ങളില്‍ ഇഫ്താര്‍, അത്താഴം, താമസം എന്നിവ ഉള്‍പ്പെടെയുളള പാക്കേജിന് 29,000 റിയാല്‍വരെയാണ് നിരക്ക്. സൗദി ടൂറിസം വകുപ്പിന്റെ അനുമതിയുളള 1,200 ഹോട്ടലുകളാണ് മക്കയിലുളളത്. ഇവിടെയുളള 90,000 മുറികളില്‍ ഏറെയും ബുക്കിംഗ് പൂര്‍ത്തിയായി. ഒരേ സമയം 10 ലക്ഷം തീര്‍ഥാടകര്‍ക്ക് ഇവിടെ താമസിക്കാന്‍ സൗകര്യം ഉണ്ട്. റമദാനിന്റെ അവസാന ദിനങ്ങളില്‍ 15 ലക്ഷത്തിലധികം തീര്‍ഥാടകര്‍ മക്കയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹോട്ടലുകളില്‍ നിരീക്ഷണ ക്യാമറകള്‍ നിര്‍ബന്ധം
ജിദ്ദ: സഊദിയില്‍ ഹോട്ടലുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കല്‍ നിര്‍ബന്ധമാണെന്ന് അല്‍ഹസ ടൂറിസം, ദേശീയ പൈതൃക വകുപ്പ് ശാഖാ മേധാവി ഖാലിദ് അല്‍ഫരീദ പറഞ്ഞു. ഹോട്ടലുകള്‍, ഫര്‍ണിഷ്ഡ് അപ്പാര്‍ട്ട്‌മെന്റുകള്‍, മ്യൂസിയങ്ങള്‍, വിനോദ സഞ്ചാര സ്ഥാപനങ്ങള്‍ അടക്കമുള്ള സ്ഥാപനങ്ങളില്‍ സി.സി.ടി.വി സ്ഥാപിക്കല്‍ നിര്‍ബന്ധമാണ്.
ഇക്കാര്യം അറിയിക്കുന്ന സര്‍ക്കുലര്‍ ഹോട്ടലുകള്‍ക്കും ഫര്‍ണിഷ്ഡ് അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും മറ്റും വിതരണം ചെയ്തിട്ടുണ്ട്. താമസക്കാരും ടൂറിസ്റ്റുകളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ നാഷണല്‍ ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ നെറ്റ്‌വര്‍ക്കില്‍ (ശുമൂസ്) രജിസ്റ്റര്‍ ചെയ്യുന്നതിന് ഹോട്ടലുകളും ഫര്‍ണിഷ്ഡ് അപ്പാര്‍ട്ട്‌മെന്റുകളും നിര്‍ബന്ധിതരാണെന്നും ഖാലിദ് അല്‍ഫരീദ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."