ഫ്‌ളക്‌സ് ബോര്‍ഡില്‍ നിന്ന് സഹപ്രവര്‍ത്തകന്റെ തലവെട്ടിയ സി.പി.എം വാര്‍ഡ് മെംബര്‍ കുടുങ്ങി
കാട്ടാക്കട: സഹപ്രവര്‍ത്തകനായ സി.പി.എം മെംബറുടെ തല ഫ്‌ളക്‌സ് ബോര്‍ഡില്‍ നിന്ന് വെട്ടിമാറ്റി നാട്ടില്‍ കലാപമുണ്ടാക്കാന്‍ തുനിഞ്ഞിറങ്ങിയ മറ്റൊരു പഞ്ചായത്തംഗം കുടുങ്ങി. കോഴിക്കടയിലെ നിരീക്ഷണ ക്യാമറയാണ് സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം കൂടിയായ മെംബറെ കയ്യോടെ പൊക്കിയത്.
മിണ്ണംകോട് വാര്‍ഡ് മെംബറും സി.പി.എം ഏര്യാ കമ്മിറ്റിയംഗവുമായ എ. അസീസിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പരസ്യപ്പെടുത്തി ജങ്ഷനിലെ കോഴിക്കടക്ക് മുന്നിലെ വൈദ്യുത തൂണില്‍ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയില്‍ ഒറ്റയ്ക്ക് സ്‌കൂട്ടറില്‍ എത്തിയ ചെറുകോട് വാര്‍ഡ് മെംബര്‍ സി. മണിയന്‍ റോഡ് വക്കില്‍ വാഹനം നിര്‍ത്തിയശേഷം ഫ്‌ളക്‌സ് ബോര്‍ഡിന്റെ പുറകിലൂടെ പോയി അസീസിന്റെ പേരില്‍ സി.പി.എം വാര്‍ഡ് കമ്മിറ്റി സ്ഥാപിച്ച ബോര്‍ഡില്‍ നിന്ന് തലഭാഗം ബ്ലേഡ് ഉപയോഗിച്ച് മുറിച്ചെടുത്ത് കയ്യില്‍ കരുതിയശേഷം കോഴിക്കൂട്ടിലേക്ക് ബ്ലേഡ് വലിച്ചെറിയുന്ന ദൃശ്യം നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
കോഴിക്കടക്കാരന്‍ കടയില്‍ സി.സി.ടി.വി ക്യാമറ സ്ഥാപിച്ച വിവരം ഇയാള്‍ അറിഞ്ഞിരുന്നില്ല. രാവിലെ കടയുടമ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരം കണ്ടത്. സമൂഹ മാധ്യമങ്ങള്‍ രാവിലെ മുതല്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെ സി.പി.എം പ്രവര്‍ത്തകര്‍ നേതാവിന്റെ തലയറുത്ത ഫ്‌ളക്‌സ് നീക്കം ചെയ്തു.
ഈ പ്രദേശത്തുടനീളം വ്യാപകമായി ബി.ജെ.പി, സി.പി.എം, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കുത്തിക്കീറുന്ന സംഭവുമായി ബന്ധപ്പെട്ട് സംഘര്‍ഷം നിലനില്‍ക്കുകയാണ്. ബോര്‍ഡ് നശിപ്പിക്കുന്നവരെ പിടികൂടാന്‍ വിളപ്പില്‍ശാല പൊലിസും ജാഗ്രത പുലര്‍ത്തുന്നതിനിടയിലാണ് ജനപ്രതിനിധി തന്നെ അക്രമിയായി മാറുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് സി.പി.എം നേതൃത്വം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."