കേരളാ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസുമായി സര്‍ക്കാര്‍ മുന്നോട്ട്
തിരുവനന്തപുരം: കേരളാ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസ് (കെ.എ.എസ്) നടപ്പാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വിസ് സംഘടനാ നേതാക്കളുടെ യോഗം വിളിച്ചു. ഇന്ന് രാവിലെ 11ന് ദര്‍ബാര്‍ ഹാളിലാണ് യോഗം.
ഭരണ- പ്രതിപക്ഷ സംഘടനകളിലെ ഓരോ യൂനിയനില്‍ നിന്നും അഞ്ചു പേരെ വീതമാണ് യോഗത്തില്‍ വിളിച്ചിരിക്കുന്നത്. കെട്ടിക്കിടക്കുന്ന ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്ന കാര്യമായിരിക്കും പ്രധാനമായും ചര്‍ച്ച ചെയ്യുക. സെക്രട്ടേറിയറ്റിലെ ഒന്നര ലക്ഷം ഫയലുകള്‍ ഉള്‍പ്പെടെ ഏതാണ്ട് ആറര ലക്ഷം ഫയലുകളാണ് വിവിധ വകുപ്പുകളില്‍ തീര്‍പ്പാക്കാനുള്ളത്. ഇത് ഇ-ഫയലിങ്ങ് സംവിധാനത്തിലേയ്ക്കു മാറ്റിയാല്‍ കൂടുതല്‍ ഫയലുകള്‍ എളുപ്പത്തില്‍ തീര്‍പ്പാക്കാന്‍ കഴിയുമെന്നാണ് മുഖ്യമന്ത്രി കരുതുന്നത്.
നേരത്തേ സെക്രട്ടേറിയറ്റിലെ ജീവനക്കാരെ വിളിച്ച് ഫയലുകള്‍ വേഗത്തിലാക്കണമെന്നും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. പങ്കാളിത്ത പെന്‍ഷന്‍ സംബന്ധിച്ചും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയുണ്ടായേക്കും. സെക്രട്ടേറിയറ്റ് ജീവനക്കാരുടെ എതിര്‍പ്പു മറികടന്ന് കേരളാ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസ് നടപ്പാക്കാനുള്ള നീക്കത്തില്‍ ഇടതുപക്ഷ സംഘടനകള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതിഷേധം യോഗത്തിലുണ്ടായേക്കും.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് കേരളാ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസ് രൂപീകരിക്കാനുള്ള നടപടി ആരംഭിച്ചത്. ഇതുസംബന്ധിച്ച ശുപാര്‍ശ സമര്‍പ്പിക്കാന്‍ അന്നത്തെ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ അടങ്ങുന്ന മൂന്നംഗ ഉപദേശക സമിതിയേയും നിയോഗിച്ചിരുന്നു. എന്നാല്‍ സെക്രട്ടേറിയറ്റിലെ ഭരണ-പ്രതിപക്ഷ യൂനിയനുകളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു.
കെ.എ.എസ് നടപ്പിലായാല്‍ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സ്ഥാനക്കയറ്റത്തെ കാര്യമായി ബാധിക്കുമെന്നാണ് യൂനിയനുകള്‍ പറയുന്നത്. സെക്രട്ടേറിയറ്റ്, പി.എസ്.സി, ഹൈക്കോടതി തുടങ്ങിയ സ്ഥാപനങ്ങളിലെ ജിവനക്കാരുടെ ഗസറ്റഡ് തസ്തികയുടെ രണ്ടാമത്തെ പ്രമോഷന്‍ തുടങ്ങുന്നത് അണ്ടര്‍ സെക്രട്ടറി മുതലാണ്. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ആയി ജോലിയില്‍ പ്രവേശിക്കുന്നയാള്‍ക്ക് സീനിയര്‍ ഗ്രേഡ്, സെലക്ഷന്‍ ഗ്രേഡ്, എ.എസ്.ഒ, സെക്ഷന്‍ ഓഫിസര്‍, അണ്ടര്‍ സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നിങ്ങനെയാണ് സ്ഥാനക്കയറ്റം. കെ.എ.എസ് നടപ്പിലായാല്‍ സെക്രട്ടേറിയറ്റിലെ സെക്ഷന്‍ ഓഫിസര്‍ക്കും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ എ.എമാര്‍ക്കും പ്രമോഷന്‍ ലഭിക്കണമെങ്കില്‍ സര്‍വിസ് പരീക്ഷ പാസാകേണ്ടി വരും. എന്നാല്‍, ഇത് സെക്രട്ടേറിയറ്റിനു പുറത്തെ ജീവനക്കാര്‍ക്ക് കൂടുതല്‍ സഹായകരമാകുകയും ചെയ്യും. ഇങ്ങനെ വന്നാല്‍ മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് സെക്രട്ടേറിയറ്റ് സര്‍വിസില്‍ എളുപ്പത്തില്‍ കടന്നുവരാനാകുമെന്നും സെക്രട്ടേറിയറ്റിലെ സെക്ഷന്‍ ഓഫിസര്‍മാരില്‍ അധികവും ഇതേ തസ്തികയില്‍ വിരമിക്കേണ്ടിവരുമെന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."