സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇനി പ്രഭാതഭക്ഷണവും
മലപ്പുറം: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ഇനി പ്രഭാതഭക്ഷണവും ലഭിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിപ്രകാരം എല്‍.പി, യു.പി ക്ലാസുകളിലെ കുട്ടികള്‍ക്കാണ് പ്രഭാതഭക്ഷണം ലഭിക്കുക. ഇതിനുള്ള അനുമതി വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.
രാവിലെ ആവശ്യത്തിന് ഭക്ഷണം കഴിയ്ക്കാതെ കുട്ടികള്‍ സ്‌കൂളുകളിലെത്തുന്നത് തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഈ അധ്യയന വര്‍ഷംതന്നെ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതികള്‍ തയാറാക്കിക്കഴിഞ്ഞതിനാല്‍ ഈ വര്‍ഷം ഇത് കൂടുതല്‍ പഞ്ചായത്തുകളിലേയ്ക്ക് വ്യാപിപ്പിക്കാനാവില്ല. അടുത്ത വര്‍ഷത്തോടെ പദ്ധതി സജീവമാക്കാനാണ് തീരുമാനം. സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിലവില്‍ ഉച്ചഭക്ഷണം നല്‍കിവരുന്നുണ്ട്. ഇതിനുപുറമേയാണ് പ്രഭാതഭക്ഷണം വിതരണം ചെയ്യുന്നത്. പദ്ധതി നടപ്പാവുന്നതോടെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലേയ്ക്ക് കൂടുതല്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാനാകുമെന്നാണ് പ്രതീക്ഷ. വിദ്യാര്‍ഥികള്‍ സ്‌കൂളുകളില്‍ വൈകിയെത്തുന്ന രീതിയിലും മാറ്റംവരുത്താനാകും. അടുത്ത ഘട്ടത്തില്‍ എയ്ഡഡ് വിദ്യാലയങ്ങളിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കും.
ഏതൊക്കെ ഭക്ഷണം, സമയം എന്നിവയുള്‍പ്പടെയുള്ള കാര്യങ്ങള്‍ വിദ്യാഭ്യാസ വകുപ്പുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി ജലീല്‍ സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."