പുതുവൈപ്പ് എല്‍.പി.ജി ടെര്‍മിനല്‍: നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തു
കൊച്ചി: പുതുവൈപ്പിനില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എല്‍.പി.ജി പ്ലാന്റുമായി ബന്ധപ്പെട്ട ചില നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് ജില്ലാ കലക്ടര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായും സമരസമിതി നേതാക്കളുമായും പ്രാരംഭ ചര്‍ച്ച നടത്തി. പ്ലാന്റിന് ലഭിച്ച പാരിസ്ഥിതികാനുമതിക്കെതിരെ നല്‍കിയ അപ്പീലുകള്‍ നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണല്‍ തള്ളിയിരുന്നു. നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണലിന്റെ തീരുമാനത്തെ സുപ്രീംകോടതി ശരിവെച്ചിരുന്നു. പുതുവൈപ്പ് പ്ലാന്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിദഗ്ദ്ധ സമിതി രൂപീകരിക്കുകയും നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സസ് സ്റ്റഡീസിന്റെ ഡയറക്ടര്‍ എന്‍. പൂര്‍ണചന്ദ്രറാവുവിന്റെ നേതൃത്വത്തിലുള്ള സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള ചില നിര്‍ദ്ദേശങ്ങളാണ് ജില്ലാ കലക്ടര്‍ കെ. മുഹമ്മദ് വൈ സഫീറുള്ള പൊതുജനങ്ങളുമായി പങ്കുവെച്ചത്.
ഐ.ഒ.സിയുടെ നേതൃത്വത്തിലുള്ള അടിയന്തിര ദുരന്തനിവാരണ പ്രതികരണ പദ്ധതികള്‍ (എമര്‍ജന്‍സി റെസ്‌പോണ്‍സ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാന്‍) പെട്രോളിയം ആന്റ് നാചുറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡും ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പും അംഗീകരിക്കണമെന്നതാണ് നിര്‍ദേശങ്ങളില്‍ ഒന്ന്. മദ്രാസ് ഐ.ഐ.ടിയിലെ ഓഷ്യന്‍ എഞ്ചിനീയറിംഗ് വകുപ്പു നടത്തിയ പഠനത്തില്‍ പറഞ്ഞപ്രകാരം പുലിമുട്ടുകള്‍ ഐ.ഒ.സി നിര്‍മ്മിക്കണം. കടലിനുള്ളില്‍ 50 മീറ്റര്‍ ഉള്ളിലേക്ക് 100 മീറ്റര്‍ ഇടവിട്ട് എഴു പുലിമുട്ടുകള്‍ നിര്‍മ്മിക്കണം. പ്രദേശത്തെ ഡ്രൈനേജ് സൗകര്യം ഐ.ഒ.സി ഒരുക്കിക്കൊടുക്കണം. പ്രദേശത്ത് വെള്ളക്കെട്ട് തടയാന്‍ ഇത് സഹായിക്കും. ഐ.ഒ.സിയുടെ സാമൂഹ്യപ്രതിബദ്ധതാ പദ്ധതികളുടെ ഭാഗമായി പുതുവൈപ്പ് പ്രദേശത്ത് ശുദ്ധജലവിതരണം, ശുചീകരണനടപടികള്‍, റോഡുകള്‍, ആരോഗ്യകേന്ദ്രങ്ങള്‍, വിദ്യാഭ്യാസ സൗകര്യങ്ങള്‍ എന്നിവ ഒരുക്കണം.
കൊച്ചിന്‍ പോര്‍ട് ട്രസ്റ്റിന്റെ സഹായത്തോടെ പ്രദേശത്ത് കസൂരിന, കണ്ടല്‍ വനങ്ങള്‍ എന്നിവ വെച്ചുപിടിപ്പിക്കണം. മത്സ്യതൊഴിലാളികള്‍ക്ക് കടലിലേക്കുള്ള പ്രവേശനസൗകര്യം തടയാന്‍ പാടില്ല. പുതുവൈപ്പിനില്‍ ഫിഷ്‌ലാന്‍ഡിങ് സെന്റര്‍ ഐ.ഒ.സിയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ചു നല്‍കണം, തുടങ്ങിയ നിര്‍ദേശങ്ങളാണ് ജില്ലാ കലക്ടര്‍ ചര്‍ച്ച ചെയ്തത്. ഇതു സംബന്ധിച്ച തുടര്‍ചര്‍ച്ചകള്‍ ഉണ്ടാവുമെന്നും കലക്ടര്‍ പറഞ്ഞു.അസി. കമ്മിഷണര്‍ ലാല്‍ജി, എ.ഡി.എം എം.കെ കബീര്‍ തുടങ്ങിയവര്‍ കലക്ടറേറ്റില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."