കാസര്‍കോട് ഡെങ്കിപ്പനി പടരുന്നു; ഒരാള്‍ കൂടി മരിച്ചു
കാസര്‍കോട്: ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ചു ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. രാജപുരം കൊട്ടോടി ഗ്രാഡിപ്പള്ളയിലെ ഈറ്റയ്ക്കച്ചാലില് ചാക്കോയുടെ മകന് സിബി ചാക്കോ(33)യാണ് മരിച്ചത്. സംസ്ക്കാരം തിങ്കളാഴ്ച വൈകുന്നേരം മൂന്നിന് കൊട്ടോടി സെന്റ് സേവ്യേഴ്സ് പള്ളിയില്‍. ഷാര്‍ജയില്‍ ജോലി ചെയ്തിരുന്ന സിബി ഒരു മാസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. ഡെങ്കിപ്പനി ബാധിച്ചതിനെത്തുടര്‍ന്നു ഒരാഴ്ച്ച മുമ്പാണ് യുവാവിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാതാവ്: ചിന്നമ്മ. ഭാര്യ: ഡെന്യ. ഒരു മകളുണ്ട്. ഏക സഹോദരി ബിന്ദു.
ഡെങ്കിപ്പനി ബാധിച്ച് ബന്തടുക്കയില്‍ യുവാവ് കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ബന്തടുക്ക കക്കച്ചാലിലെ ഐ.ആര് വസന്ത കുമാര്‍ (26) ആണ് കഴിഞ്ഞ ദിവസം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഇതിനു പിറകെയാണ് ഡെങ്കിപ്പനി ബാധിച്ച് ജില്ലയില്‍ ഒരു മരണം കൂടി റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ജില്ലയിലെ മലയോര മേഖലകളെല്ലാം പനി പടര്‍ന്നു പിടിക്കുകയാണ്. ഒരാഴ്ച്ചക്കിടെ ആയിരത്തോളം പേരാണ് പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരിക്കുന്നത്. പനി പടര്‍ന്നു പിടിക്കുമ്പോഴും ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താന്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തത് കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. 85 ഓളം ഡോക്ടര്‍മാരുടെ ഒഴിവ് ജില്ലയില്‍ നികത്താനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."