കൊവിഡ് ടെസ്റ്റിങ്, സാമ്പത്തിക പ്രതിസന്ധി, ഭക്ഷ്യക്ഷാമം ഉത്തരം നല്‍കാത്ത ചോദ്യങ്ങളേറെ; തുടങ്ങാത്ത യുദ്ധത്തില്‍ വിജയം പ്രഖ്യാപിക്കാതെ പ്രശ്‌നങ്ങളില്‍ ശ്രദ്ധയൂന്നൂ'-മോദിയോട് രാഹുല്‍
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊവിഡ് പ്രതിരോധം ദൈര്‍ഘ്യമേറിയ യുദ്ധമാണെന്നും ഇപ്പോള്‍ തന്നെ വിജയം പ്രഖ്യാപിക്കുന്നത് തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊവിഡ് പ്രതിരോധത്തില്‍ രാജ്യം വിജയിച്ചെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ പ്രതികരണം.
ഭാരതം മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട നിലയിലാണെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തെയും രാഹുല്‍ വിമര്‍ശിച്ചു.
'മറ്റു രാജ്യങ്ങളെ കുറിച്ച ചിന്ത എന്നെ അലട്ടുന്നില്ല. ഇന്ത്യയെ കുറിച്ചാണ് എന്റെ ചിന്ത. മറ്റു രാജ്യങ്ങള്‍ ഇന്ത്യയുടെ അത്ര വലുതോ സങ്കീര്‍ണമോ അല്ല. ഈ യുദ്ധം തുടങ്ങിയിട്ടേ ഉള്ളൂ. ഇതില്‍ ഇപ്പോള്‍ തന്നെ വിജയം പ്രഖ്യാപിക്കുന്നത് വലിയ തെറ്റാണ്. ഇത് ദൈര്‍ഘ്യമേറിയ യുദ്ധമാണ്. ഇതിനെതിരെ വ്യവസ്ഥിതമായി ശ്രദ്ധിച്ച് ശ്രദ്ധിച്ച് പോരാടേണ്ടതുണ്ട്'- അദ്ദേഹം പറഞ്ഞു. വീഡിയോ ആപ് വഴി മാധ്യമങ്ങളുമായി വസതിയില്‍ നിന്നും സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാം ചിന്തിക്കേണ്ടതും നമ്മുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാത്തതുമായ നിരവധി പ്രശ്‌നങ്ങളുണ്ട്. ഒന്നാമത്തേത് കൊവിഡ് ടെസ്റ്റിങ് തന്നെ. അടുത്തത് നമുക്കു മേല്‍ വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയാണ്. അതിനെ മറികടക്കാന്‍ നാം എന്തു ചെയ്യും. ഭക്ഷ്യക്ഷാമം വരുന്നു. അതിനെന്തു ചെയ്യും. രാജ്യത്തിന് വരുമാനം നല്‍കുന്ന ചെറുകിട വ്യവസായങ്ങള്‍. അതിന് നാം എന്തു സുരക്ഷയാണ് ഉറപ്പാക്കുക. നമുക്ക് ഇക്കാര്യങ്ങളെ കുറിച്ചെല്ലാം ചിന്തിക്കുകയും നടപടിയെടുക്കുകയും ചെയ്യേണ്ടതുണ്ട്- രാഹുല്‍ ചൂണ്ടിക്കാട്ടി.
നമ്മുടെ രാജ്യത്തെ ഗുരുതരമായ സ്ഥിതി വിശേഷമുള്ള ഇടങ്ങളില്‍ ശ്രദ്ധ ഊന്നണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
'ഭക്ഷണം ഒരു വലിയ പ്രശ്‌നമാണ്. നമ്മുടെ ഗോഡൗണുകളില്‍ നിറയെ ഭക്ഷണമുണ്ട്. അത് പാവപ്പെട്ടവര്‍ക്കിടയില്‍ വിതരണം ചെയ്യണം. കൃഷിക്കാര്‍ പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു. പാക്കേജുകള്‍ തയ്യാറാക്കി വിതരണം ചെയ്യൂ. എല്ലാവരേയും ബാധിക്കുന്ന സാഹചര്യമാണിത്. കൃഷിക്കാര്‍, ചില്ലറ കച്ചവടക്കാര്‍, വലിയ ബിസിനസുകാല്ലാവരും ഇതില്‍ പെടും. കരുണ കാണിക്കുക എന്നത് ഇന്ത്യാ സര്‍ക്കാറിന്റെ ബാധ്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."