ജൈവ യുദ്ധങ്ങളുടെ ചരിത്രം വൈറസ് വ്യാപനത്തിന്റെയും
ക്രിമിയയിലെ ഇന്ന് തിയോഡേഷ്യ എന്ന് വിളിക്കപ്പെടുന്ന കാഫയിലെ കോട്ടക്കകത്തേക്ക് പ്ലേഗ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ മംഗോളിയന്‍ സൈന്യം വിക്ഷേപിച്ചതാണ്, രോഗവിഷാണുക്കള്‍ ഉപയോഗിച്ചുള്ള ആദ്യത്തെ ജൈവയുദ്ധമെന്ന് ചരിത്രം പറയുന്നു. കാഫ നഗരം കീഴടക്കാനെത്തിയ മംഗോളിയന്‍ സൈന്യം 1340കളിലാണ് പ്ലേഗ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ വിക്ഷേപണ സംവിധാനങ്ങള്‍ ഉപയോഗിച്ച് ജനങ്ങള്‍ക്ക് ഇടയിലേക്ക് എയ്തുവിട്ടത്. ഇത് നഗരത്തില്‍ കാട്ടു തീ പോലെ പ്ലേഗ് പടര്‍ന്നു പിടിക്കാന്‍ കാരണമായി. ഈ രോഗവിഷാണു പ്രയോഗമാണ്, യൂറോപ്പില്‍ ബ്ലാക്ക് ഡെത്ത് പടരാന്‍ കാരണമായതെന്ന് ചരിത്രകാരന്‍മാര്‍ നിരീക്ഷിക്കുന്നു.
കൊറോണ വൈറസിനെ സംബന്ധിച്ച് പലതലങ്ങളിലുള്ള രാഷ്ട്രീയ, സാമ്പത്തിക ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞിരിക്കെ, രോഗവിഷാണുക്കള്‍ ഉപയോഗിച്ചുള്ള ജൈവ യുദ്ധങ്ങളുടെ ചരിത്രം ലോകത്തെ ഓര്‍മിപ്പിക്കുന്നത് നന്നായിരിക്കും. ഇന്ന് ചൈനയാണ് കൊവിഡ് - 19ന്റെ പ്രഭവകേന്ദ്രം. ബ്ലാക്ക് ഡെത്തിന്റെ കാരണമായ പ്ലേഗിന്റെ പ്രഭവകേന്ദ്രവും ചൈനയോ, മധ്യേഷ്യയോ ആയിരുന്നു. കാഫയില്‍ നിന്ന് പകര്‍ന്ന പ്ലേഗ് പ്രധാനമായും ആദ്യം ബാധിച്ചത് ഇറ്റലിയെ ആയിരുന്നു. ചൈനയില്‍ നിന്ന് പടര്‍ന്ന കൊവിഡ് - 19ഉം ഇറ്റലിയില്‍ വന്‍തോതില്‍ നാശം വിതച്ചിരുന്നു. സൂക്ഷ്മതലങ്ങളില്‍ പരിശോധിച്ചാല്‍ സമാനതകള്‍ വേറെയും കണ്ടെത്താനാകും. രാഷ്ട്രീയ മേധാവിത്വത്തിനും സാമ്പത്തിക സ്വാര്‍ഥതകള്‍ക്കും വേണ്ടിയുള്ള കുടിലതകളില്‍ അതെല്ലാം സന്ധിക്കുന്നുവെന്നതാണ് പ്രധാനം. ചൈനയില്‍ നിന്ന് പടര്‍ന്ന കൊറോണ വൈറസ് ഉണ്ടായതാണോ, ഉണ്ടാക്കിയതാണോ എന്ന ചോദ്യത്തിന് കാലം മറുപടി തരുന്നതുവരെ കാത്തിരിക്കുകയേ നിര്‍വാഹമുള്ളൂ.
സാമ്രാജ്യത്വ അധിനിവേശ താല്‍പര്യങ്ങള്‍ക്കായി രോഗവിഷാണുക്കള്‍ ജൈവായുധമായി ഉപയോഗിച്ചതിന്റെ ക്രൂരമായ അധ്യായമാണ് അമേരിക്കന്‍ ആദിവാസികള്‍ക്കെതിരായ ബ്രിട്ടിഷുകാരുടെ വസൂരി രോഗ വ്യാപനം. ക്രിസ്റ്റഫര്‍ കൊളംബസ് എന്ന ഇറ്റാലിയന്‍ കൊളോണിയല്‍ നായകന്‍ തുടക്കമിട്ട, അമേരിക്കയിലെ യൂറോപ്യന്‍ അധിനിവേശ ക്രൂരതകളുടെ തുടര്‍ച്ചയായിരുന്നു ഇത്. ബ്രിട്ടിഷ് ആധിപത്യത്തിനെതിരേ അമേരിക്കന്‍ ജനത നടത്തിയ ചെറുത്ത് നില്‍പ്പുകളിലൊന്നായിരുന്നു 1763ലെ പോണ്ടിയാക്ക് യുദ്ധം. അമേരിക്കന്‍ ഗോത്രവര്‍ഗ്ഗക്കാര്‍ ധാരാളമായി പങ്കെടുത്ത ഈ യുദ്ധത്തില്‍ വിജയിക്കാനാണ് ബ്രിട്ടിഷുകാര്‍ വസൂരി പരത്തിയത്. പോണ്ടിയാക്ക് യുദ്ധത്തിലും അതിനു ശേഷവും നാല് ലക്ഷത്തിനും അഞ്ച് ലക്ഷത്തിനുമിടയില്‍ അമേരിക്കന്‍ തദ്ദേശീയരാണ് വസൂരി ബാധിച്ച് മരിച്ചത്.
എന്നാല്‍, ബി.സി 1500 - 1200 കാലത്തു തന്നെ ശത്രുരാജ്യങ്ങള്‍ക്കെതിരേ രോഗ വിഷാണുക്കള്‍ പ്രയോഗിക്കാന്‍ തുടങ്ങിയതായി ഹിറ്റിറ്റെ (ഒശേേശലേ) ഭാഷയില്‍ എഴുതപ്പെട്ട ചില ചരിത്രരേഖകളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. മുയലുകളില്‍ നിന്ന് പകരുന്ന ടുലറീമിയ (ൗേഹമൃലാശമ) പനി ബാധിച്ചവരെ ശത്രുരാജ്യങ്ങളിലേക്ക് പറഞ്ഞു വിട്ട് അവിടെ പകര്‍ച്ചവ്യാധികള്‍ പരത്തുകയായിരുന്നു ഒരു രീതി. രോഗബാധിതരായി മരണപ്പെട്ടവരുടെ ശവശരീരങ്ങള്‍ ശത്രുരാജ്യങ്ങളിലേക്ക് കടത്തിവിടുക, കിണറുകളിലും ജലസംഭരണികളിലും ഇത്തരം മൃതദേഹങ്ങള്‍ ഇട്ട് അറ്റമില്ലാത്ത രോഗവ്യാപനത്തിന് ഇടയാക്കുക, വീഞ്ഞില്‍ കുഷ്ഠരോഗികളുടെ രക്തം കലര്‍ത്തി നല്‍കുക, വെള്ളത്തിലും ഭക്ഷണത്തിലും വിഷം കലര്‍ത്തുക തുടങ്ങിയ കുടിലതകളാണ് ആദിമകാലത്ത് പ്രയോഗിച്ചിരുന്നത്. ഇതിലൂടെ മാരക രോഗങ്ങള്‍ പടര്‍ന്നു പിടിക്കുകയും ശത്രു രാഷ്ട്രങ്ങളിലെ ആയിരക്കണക്കിന് മനുഷ്യര്‍ മരിച്ചുവീഴുകയും ചെയ്തു. പൗരാണിക ഗ്രീക്ക് സാഹിത്യകാരന്‍ ഹോമറിന്റെ ഇലിയഡ്, ഒഡീസി എന്നീ ഇതിഹാസ കാവ്യങ്ങളില്‍ കുന്തങ്ങളിലും അമ്പുകളിലും വിഷം കലര്‍ത്തിയതായി പറയുന്നുണ്ട്.
ബി.സി 590ല്‍ നടന്ന ഗ്രീസിലെ ഒന്നാം വിശുദ്ധ യുദ്ധത്തിലും മധ്യ യൂറേഷ്യയില്‍ ഉള്‍പ്പെട്ട സീഥിയനിലും ബി.സി 184ല്‍ പെര്‍ഗാമൊണിലും അന്നത്തെ 'ജൈവായുധങ്ങള്‍' ഉപയോഗിച്ചിരുന്നു. ഉഗ്രവിഷമുള്ള പാമ്പുകളെ മണ്‍കലങ്ങളില്‍ നിറച്ച്, ശത്രുക്കളുടെ കപ്പലുകളില്‍ നിക്ഷേപിക്കുകയായിരുന്നു ഒരു രീതി. ക്രി. 198ല്‍ ഇറാഖിലെ ഹത്ര ആക്രമിച്ച, സെപ്റ്റിമ്യുസ് സര്‍വറസിന്റെ നേതൃത്വത്തിലുള്ള റോമന്‍ സൈന്യം ഉപയോഗിച്ച വിഷം പുരട്ടിയ വാളുകള്‍ കൊണ്ട് മുറിവേറ്റവര്‍ ഞരമ്പുവലി (ലേമേിൗ)െ രോഗബാധിതരായതായി ചരിത്രവിവരണങ്ങളില്‍ കാണാം. 1789ല്‍ ആസ്‌ത്രേലിയന്‍ ആദിവാസികള്‍ക്കിടയില്‍ ബ്രിട്ടിഷുകാര്‍ മനപ്പൂര്‍വം വസൂരി പടര്‍ത്തിയതിന് ധാരാളം തെളിവുകളുണ്ടെന്ന് 1997ല്‍ ആസ്‌ത്രേലിയന്‍ ചരിത്രകാരനായ ഡേവിഡ് ഡേ അവകാശപ്പെടുകയുണ്ടായി.
ഭൗതിക പുരോഗതിയും ശാസ്ത്രത്തിന്റെ വളര്‍ച്ചയും പില്‍ക്കാലത്ത്, മനുഷ്യനെ കൂടുതല്‍ ക്രൂരനാക്കുകയായിരുന്നു. കൂട്ട നശീകരണ ആയുധങ്ങള്‍ ഉപയോഗിച്ച് നിരപരാധികളായ സാധാരണ മനുഷ്യരെ വരെ ക്രൂരമായി കൊന്നൊടുക്കുന്ന യുദ്ധരീതികള്‍ ആവിഷ്‌കരിക്കപ്പെട്ടു. ഇരുപതാം നൂറ്റാണ്ടില്‍ ഉണ്ടായ ജീവാണുശാസ്ത്രത്തിന്റെ (ആമരലേൃശീഹീഴ്യ) വികാസം പുതിയ ജൈവായുധങ്ങള്‍ക്ക് (ഴലൃാ ംമൃളമൃല) ജന്മം നല്‍കി. ജാക്ക് ലണ്ടന്‍ 1909 ല്‍ എഴുതിയ ഥമവ! ഥമവ! ഥമവ! എന്ന ചെറുകഥയില്‍, ദക്ഷിണ പസഫിക് ദ്വീപിലേക്ക് അധിനിവേശം നടത്തുന്ന യുറോപ്യര്‍, തദ്ദേശിയര്‍ക്കിടയില്‍ മനപ്പൂര്‍വം അഞ്ചാംപനി അവരെ ശിക്ഷിക്കുന്നതായും, അതില്‍ ധാരാളം പേര്‍ മരിക്കുന്നതായും ചിത്രീകരിക്കുന്നുണ്ട്. അദ്ദേഹം തന്നെ 1910 ല്‍ 'സമാനതകളില്ലാത്ത അധിനിവേശം' എന്ന കഥയില്‍, പാശ്ചാത്യ രാജ്യങ്ങള്‍ ജൈവ ആക്രമണത്തിലൂടെ ചൈനയെ തുടച്ചു നീക്കുന്നതാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. അതായത്, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ ജൈവ യുദ്ധങ്ങള്‍ പലരും പ്രവചിച്ചിരുന്നുവെന്നര്‍ഥം.
ഒന്നാം ലോക യുദ്ധത്തില്‍ (1914 - 1918) ജര്‍മ്മനി ആന്ത്രാക്‌സും ഗ്ലാന്‍ഡേഴ്‌സും ജൈവായുധങ്ങളായി ഉപയോഗിച്ചിരുന്നുവെന്ന് ചരിത്രം പറയുന്നു. ജൈവായുധങ്ങള്‍ വഴി ശത്രുരാജ്യങ്ങളുടെ കാര്‍ഷിക മേഖലയെയും അവര്‍ ഉന്നം വെച്ചു. നയതന്ത്ര സന്ദേശങ്ങള്‍ കൈമാറുന്ന കവറുകളും മറ്റും ഇതിനായി ഉപയോഗിച്ചു.1916ല്‍ റഷ്യന്‍ കുതിരകള്‍ക്കുമേല്‍ ആന്ത്രാക്‌സ് പ്രയോഗിച്ചു. കുതിരകളെ ബാധിക്കുന്ന രോഗ വിഷാണുവായ ഗ്ലാന്‍ഡേഴ്‌സും പ്രയോഗിച്ചു. റഷ്യയില്‍ പ്ലേഗ് പരത്താനും ജര്‍മ്മന്‍ സൈന്യം ശ്രമം നടത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ബ്രിട്ടനും അമേരിക്കയും രണ്ടാം ലോകയുദ്ധത്തിനു (1939 - 45) മുമ്പുതന്നെ ജൈവായുധങ്ങള്‍ വികസിപ്പിച്ചിരുന്നു. വിന്‍സ്റ്റന്റ് ചര്‍ച്ചിലിന്റെ തന്നെ നേതൃത്വത്തില്‍ നടന്ന പരീക്ഷണത്തിലൂടെ ബ്രിട്ടന്‍ ആന്ത്രാക്‌സ്, തുലാരീമിയ, ബ്രൂസെല്ലോസിസ്, ബോട്ടുലിസം തുടങ്ങിയ ജൈവായുധങ്ങള്‍ നിര്‍മിച്ച് സൂക്ഷിച്ചു. ബ്രിട്ടന്‍ പരീക്ഷണത്തിന് ഉപയോഗിച്ച സ്‌കോട്ട്‌ലാന്‍ഡിലെ ഗ്രാനാര്‍ഡ് ദ്വീപ്, ആന്ത്രാക്‌സിന്റെ പ്രയോഗം വഴി നാല്‍പ്പത്തിയെട്ട് വര്‍ഷത്തേക്ക് ഗുരുതരമായി മലിനീകരിക്കപ്പെട്ടു.
രണ്ടാം ലോക യുദ്ധത്തില്‍ ജപ്പാന്‍ ചൈനക്കെതിരേ ജൈവായുധങ്ങള്‍ ഉപയോഗിക്കുകയുണ്ടായി. പ്ലേഗ് ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുന്ന വൈറസുകള്‍ അടങ്ങിയ വസ്ത്രങ്ങളും ബോംബുകളും ചൈനക്കാര്‍ക്കിടയില്‍ വിമാനത്തില്‍ നിന്ന് വര്‍ഷിക്കുകയായിരുന്നു. പ്ലേഗ് ബാധിച്ച എലിച്ചെള്ളുകളെയും ഇതിനായി ഉപയോഗിച്ചു. ഇതു വഴി ആന്ത്രാക്‌സ്, കോളറ, പ്ലേഗ് തുടങ്ങിയ രോഗങ്ങള്‍ ചൈനയില്‍ പടര്‍ന്നുപിടിച്ചു. നാലു ലക്ഷം ചൈനക്കാരാണ് അതുവഴി മരണമടഞ്ഞതെന്ന് ചൈനീസ് അധികൃതര്‍ പറയുന്നു.
1950, 52, 53, 62 വര്‍ഷങ്ങളിലെല്ലാം അമേരിക്കയും ബ്രിട്ടണും സോവിയറ്റ് റഷ്യയും പലവിധത്തിലുള്ള ജൈവ, രാസ ആയുധങ്ങള്‍ വികസിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. 1950 - 53 കാലത്തെ യുദ്ധത്തില്‍ കൊറിയക്കെതിരേ അമേരിക്ക ജൈവായുധങ്ങള്‍ പ്രയോഗിച്ചതായി ചൈനയും ദക്ഷിണ കൊറിയയും വിമര്‍ശനം ഉന്നയിച്ചിരുന്നു. തങ്ങളുടെ ദ്വീപുകളില്‍ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും രോഗങ്ങള്‍ വരുത്തുന്ന വൈറസുകള്‍ അമേരിക്ക പ്രയോഗിച്ചതായി ക്യൂബയും വെളിപ്പെടുത്തുകയുണ്ടായി. 1948 ലെ ഇസ്‌റാഈലിന്റെ ഹഗാന മിലീഷ്യ യുദ്ധത്തില്‍ ജൈവായുധങ്ങള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തിയത് അന്താരാഷ്ട്ര റെഡ് ക്രോസ് തന്നെയാണ്. അക്ക നഗരത്തിലെ ജലവിതരണ പദ്ധതിയില്‍ ഇസ്‌റാഈല്‍ കലര്‍ത്തിയ ബാക്ടീരിയ ജനങ്ങള്‍ക്കിടയില്‍ വ്യാപകമായി ടൈഫോയ്ഡ് പടര്‍ന്നു പിടിക്കാന്‍ കാരണമായി. അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍, കാനഡ എന്നീ രാജ്യങ്ങള്‍ നേരത്തെ തന്നെ ആക്രമണകാരികളായ ജൈവായുധങ്ങള്‍ വികസിപ്പിച്ചവയാണ്. ജൈവായുധ നിര്‍മാര്‍ജന കരാറുകള്‍ കാരണം ഇപ്പോള്‍ അതില്‍ നിന്ന് പിന്‍വാങ്ങിയെന്നാണ് അവര്‍ അവകാശപ്പെടുന്നത്. എന്നാല്‍, ചൈന, ക്യൂബ, ഈജിപ്ത്, ഇറാന്‍, ഇസ്‌റാഈല്‍, ഉത്തര കൊറിയ, റഷ്യ, സിറിയ, തായ്‌വാന്‍ എന്നീ രാജ്യങ്ങള്‍ വെളിപ്പെടുത്താത്ത ജൈവായുധങ്ങള്‍ സൂക്ഷിക്കുന്നവയാണെന്ന് 2008ല്‍ ഒരു അമേരിക്കന്‍ ഔദ്യോഗിക ഏജന്‍സി വിമര്‍ശനം ഉന്നയിച്ചിരുന്നു.
ജൈവായുധ നിര്‍മ്മാണം ദുരന്തത്തില്‍ കലാശിച്ച അനുഭവങ്ങളുമുണ്ട്. 1979ല്‍ സോവിയറ്റ് റഷ്യയിലുണ്ടായ ജൈവായുധ ദുരന്തമാണ് ഉദാഹരണങ്ങളിലൊന്ന്. സ്വെര്‍ഡ്‌ലോവ്‌സ്‌ക് പട്ടണത്തില്‍ യുദ്ധത്തിന് വേണ്ടി നിര്‍മിച്ച ആന്ത്രാക്‌സ് സ്‌പോറുകള്‍ ചോരുകയായിരുന്നു. 'ബയോളജിക്കല്‍ ചെര്‍ണോബില്‍' എന്നാണ് ചരിത്രത്തില്‍ ഈ ദുരന്തം അറിയപ്പെടുന്നത്. ചൈനയിലെ ഒരു ജൈവായുധ ശേഖരത്തില്‍ നിന്ന് സമാനമായൊരു ചോര്‍ച്ച ഉണ്ടായതായി സംശയിക്കപ്പെടുന്നുണ്ട്. രക്തസ്രാവം ഉണ്ടാക്കുന്ന ഒരുതരം പനി രണ്ടു തവണ ഇവിടെ പൊട്ടിപ്പുറപ്പെട്ടത് ഈ ചോര്‍ച്ചമൂലമാണെന്ന് റഷ്യന്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ഒരു പക്ഷേ, ഈ ചോര്‍ച്ചകള്‍ വഴി വൈറസുകള്‍ ലോകമൊട്ടാകെ വ്യാപിച്ച്, ലക്ഷങ്ങളെ കൊല്ലാനും കോടാനുകോടിയുടെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കാനും സാധ്യതയുണ്ടായിരുന്നു. ഇതിന്റെ അപകടങ്ങള്‍ മുമ്പില്‍ കണ്ടു കൊണ്ടാണ് 1925ല്‍ തന്നെ ജൈവായുധ ഉപയോഗത്തിനെതിരേ ജനീവ കരാര്‍ ഉണ്ടാക്കിയത്. പിന്നീട് ജൈവായുധ നിയന്ത്രണം കൂടുതല്‍ ഫലപ്രദമാക്കുന്നതിനു വേണ്ടി 1972 ല്‍ പുതിയ കരാര്‍ രൂപപ്പെടുത്തുകയുമുണ്ടായി. 1996ലും 2011ലും ഉണ്ടാക്കിയ പുതിയ കരാറുകളില്‍ 165 രാജ്യങ്ങള്‍ ഒപ്പിടുകയുണ്ടായി. എന്നാല്‍, കരാര്‍ ഒപ്പുവച്ചവര്‍ അത് പാലിക്കണമെന്നില്ല. പരസ്യമായി ജൈവായുധങ്ങള്‍ക്ക് എതിരു നില്‍ക്കുകയും രഹസ്യമായി അവ നിര്‍മിക്കുകയും ചെയ്യാന്‍ ഈ കപടലോകത്തിന് തടസമെന്ത്! പക്ഷേ, ഭാഗ്യരൂപത്തില്‍ കാലം എപ്പോഴും അതിന്റെ കരുതല്‍ തന്ന് മനുഷ്യനെ തുണക്കണമെന്നില്ല. സ്വയം നശീകരണത്തിന്റെ വഴി തുറക്കുന്ന മനുഷ്യനെ സ്വകരങ്ങളുടെ ചെയ്തികള്‍ അനുഭവിക്കാന്‍ വിടുന്നൊരു കാവ്യനീതി കാലത്തിനുണ്ട്. ഹൃദയശൂന്യമായ ഭൗതികതക്ക് സാമൂഹിക ബോധമുള്ള ആത്മീയത കൊണ്ട് ചിറകെട്ടുക മാത്രമാണ് പരിഹാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."