HOME
DETAILS
MAL
എക്‌സൈസ് വകുപ്പ് ആശ്വാസത്തിലാണ്; ആഘോഷങ്ങളില്‍ ആശങ്കയുണ്ടായില്ല
backup
April 17 2020 | 01:04 AM
സ്വന്തം ലേഖിക
കൊച്ചി: വിഷുവും ഈസ്റ്ററും ഉള്‍പ്പെടെ ആഘോഷദിനങ്ങള്‍ വലിയ പരുക്കില്ലാതെ കടന്നുകിട്ടിയതിന്റെ ആശ്വാസത്തില്‍ സംസ്ഥാനത്തെ എക്‌സൈസ് വിഭാഗം. ഏപ്രില്‍ ആദ്യം മുതലുള്ള രണ്ടാഴ്ചക്കാലം എക്‌സൈസ് വകുപ്പ് യഥാര്‍ഥത്തില്‍ ആശങ്കയുടെ മുള്‍മുനയിലായിരുന്നു. ലോക്ക്ഡൗണിന്റെ ഭാഗമായി സംസ്ഥാനത്ത് മദ്യവില്‍പന നിലയ്ക്കുകയും ഒപ്പം വിഷു, ഈസ്റ്റര്‍ ആഘോഷ ദിനങ്ങള്‍ വന്നെത്തുകയും ചെയ്തതാണ് എക്‌സൈസ് അധികൃതരെ ആശങ്കപ്പെടുത്തിയിരുന്നത്.
ലോക്ക്ഡൗണിന്റെ ആദ്യ ദിനങ്ങളില്‍ മദ്യവില്‍പന തടഞ്ഞിരുന്നില്ല. എന്നാല്‍, സമൂഹത്തിന്റെ വിവിധ തലങ്ങളില്‍നിന്ന് ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതോടെ ഏതാനും ദിവസങ്ങള്‍ക്കുശേഷം മദ്യവില്‍പനയും നിര്‍ത്തി വയ്ക്കുകയായിരുന്നു.
ഇതോടെ സംസ്ഥാനത്ത് വ്യാജമദ്യം ഒഴുകുമെന്നും മദ്യദുരന്തത്തിന് സാധ്യതയുണ്ടെന്നും ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. മറ്റ് കാരണങ്ങളാലുള്ള ആത്മഹത്യകള്‍പോലും 'മദ്യം കിട്ടാത്ത വിഷമത്തിലുള്ള ആത്മഹത്യ'കളാക്കി മാറ്റുകയും ചെയ്തു.ഇതിനിടെയാണ്, വിഷു, ഈസ്റ്റര്‍ ആഘോഷ ദിവസങ്ങള്‍ കടന്നുവന്നത്.കഴിഞ്ഞ കുറച്ചുനാളായി, മലയാളികളുടെ ആഘോഷങ്ങള്‍ മദ്യത്തില്‍ മുങ്ങുന്ന അവസ്ഥയുണ്ടായിരുന്നു. ഏറ്റവുമൊടുവില്‍ നടന്നത് ക്രിസ്മസ്, പുതുവല്‍സര ആഘോഷങ്ങളാണ്.
കേരളത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പനയായിരുന്നു ഈ ദിവസങ്ങളില്‍ നടന്നത്. 2019 ഡിസംബര്‍ 22മുതല്‍ 31വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ 522.93 കോടിയുടെ മദ്യം വിറ്റതായാണ് കണക്ക്. മുന്‍വര്‍ഷം ഇതേ ദിവസങ്ങളില്‍ 512 കോടി രൂപയുടെ മദ്യമാണ് വിറ്റത്. സംസ്ഥാനത്ത് ഒരുമാസം ശരാശരി വിറ്റഴിയുന്നത് 1200 കോടി രൂപയുടെ മദ്യമാണ്. 2018-19 സാമ്പത്തിക വര്‍ഷം 14508 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റഴിഞ്ഞത്. ഇതില്‍നിന്ന് 2521 കോടി രൂപ സംസ്ഥാന ഖജനാവിലേക്ക് നികുതിയായി എത്തുകയും ചെയ്തു.
ഇതാണ് സര്‍ക്കാരിനെ മദ്യവില്‍പന തുടരാന്‍ പ്രേരിപ്പിക്കുന്നതും.ഇക്കുറി മദ്യവില്‍പന നിലച്ച സാഹചര്യത്തില്‍ ബോധപൂര്‍വം മദ്യദുരന്തം സൃഷ്ടിക്കാനുള്ള സാധ്യതയും എക്‌സൈസ് വകുപ്പ് തള്ളിക്കളഞ്ഞിരുന്നില്ല. അതിനാല്‍തന്നെ കര്‍ശന പരിശോധനയാണ് വിവിധ തലങ്ങളില്‍ നടന്നത്. വാഹനയോട്ടം നിലച്ചിരിക്കുന്നതിനാല്‍ റോഡിലുള്ള പരിശോധന താരതമ്യേനെ കുറവായിരുന്നു.
മാത്രമല്ല ലോക്ക്ഡൗണ്‍ കാരണമായി പൊലിസ് പരിശോധന ശക്തവുമായിരുന്നു. ചാരായ നിര്‍മാണം ശക്തമാകുമെന്ന സൂചനയുമുണ്ടായിരുന്നു. അതിനാല്‍ നാട്ടിന്‍പുറങ്ങളിലടക്കം കര്‍ശന നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരുന്നതും. സ്ഥിരം മദ്യപന്മാരുടെ മേല്‍ പ്രത്യേക നിരീക്ഷണമുണ്ടായിരുന്നതായി എറണാകുളം ഡെ.എക്‌സൈസ് കമ്മിഷണര്‍ എ.എസ് രഞ്ജിത് 'സുപ്രഭാതത്തോ'ട് പറഞ്ഞു. എറണാകുളത്ത് മാത്രം ഇത്തരത്തിലുള്ള 68 പേരെ ലഹരിവിമുക്തി കേന്ദ്രങ്ങളിലേക്ക് (ഡി അഡിക്ഷന്‍ സെന്റര്‍) മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."