ദ്വിദിന ഉച്ചകോടിക്കു സമാപനം യു.എസ് തീരുവ തര്‍ക്കത്തില്‍ മുങ്ങി ജി7 ഉച്ചകോടി
ക്യൂബെക്: അമേരിക്കയുടെ പുതിയ തീരുവ നയത്തില്‍ മുങ്ങി ജി7 ഉച്ചകോടി. ലോകത്തെ വ്യാവസായിക ശക്തികളുടെ കൂട്ടായ്മയില്‍ അമേരിക്ക ഒറ്റപ്പെട്ട അവസ്ഥയാണുള്ളത്. ഉച്ചകോടിയില്‍ അമേരിക്കയും മറ്റു കക്ഷികളും തമ്മിലുള്ള അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നു.
പ്രധാനമായും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാരനയം തന്നെയാണ് ഉച്ചകോടിയില്‍ ചര്‍ച്ചയായത്. അടുത്തിടെ സഖ്യരാജ്യങ്ങള്‍ക്കെതിരേയടക്കം ചുമത്തിയ ചരക്കു തീരുവ വിഷയത്തില്‍ ട്രംപ് ശക്തമായ വിമര്‍ശമാണ് ഉച്ചകോടിയില്‍ കേട്ടത്. തീരുവ പ്രശ്‌നത്തിനു പുറമെ മറ്റു നയതന്ത്ര വിഷയങ്ങളിലും കൂട്ടായ്മയിലെ മറ്റ് അംഗങ്ങള്‍ അമേരിക്കയ്‌ക്കെതിരായിരുന്നു. ഇറാന്‍ ആണവ കരാറില്‍നിന്നും കാലാവസ്ഥാ ഉടമ്പടിയില്‍നിന്നും പിന്മാറിയ ട്രംപിന്റെ നയം, ഇസ്‌റാഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തിലെ യു.എസ് നിലപാട് എന്നിവയെല്ലാം സഖ്യരാജ്യങ്ങളും അമേരിക്കയും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമാക്കി. കൂട്ടായ്മ ഐക്യത്തിലാണെന്ന വ്യാജ പ്രതീതി സൃഷ്ടിക്കുന്നതിനെക്കാളും നല്ലത് അഭിപ്രായ ഭിന്നതകള്‍ കൃത്യമായി ചര്‍ച്ചയ്ക്കു വയ്ക്കുകയാണെന്ന് യോഗത്തില്‍ ജര്‍മന്‍ ചാന്‍സലര്‍ ആംഗെല മെര്‍ക്കല്‍ വ്യക്തമാക്കുകയും ചെയ്തു. അതേസമയം, യോഗത്തില്‍ ഒറ്റപ്പെട്ട ട്രംപ് ഉച്ചകോടി സമാപിക്കുന്നതിനു മുന്‍പു തന്നെ കാനഡ വിട്ടതായാണു വിവരം. ചൊവ്വാഴ്ച നടക്കുന്ന യു.എസ്-ഉ.കൊറിയ ഉച്ചകോടിക്കായി സിംഗപ്പൂരിലേക്കു തിരിക്കുകയായിരുന്നു ട്രംപ്.
കനേഡിയന്‍ നഗരമായ ക്യൂബെക്കിലെ ലാ മാല്‍ബൈയിലാണ് ലോകത്തെ മുഖ്യ വ്യാവസായിക രാഷ്ട്രങ്ങളുടെ തലവന്മാര്‍ ഒത്തുചേര്‍ന്നത്. ആഗോള സമ്പത്തിന്റെ 60 ശതമാനവും കൈയാളുന്ന രാഷ്ട്രങ്ങളാണ് സമിതിയില്‍ അംഗങ്ങളായിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."