അധ്യക്ഷനെ കാത്ത് ബി.ജെ.പി സംസ്ഥാന നേതാക്കളും
തിരുവനന്തപുരം: കേന്ദ്ര നേതൃത്വത്തിന്റെ പ്രതിനിധികളെത്തി വിവരങ്ങള്‍ ശേഖരിച്ചു മടങ്ങിയെങ്കിലും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല.
ആരാകും പുതിയ അധ്യക്ഷനെന്ന കാര്യത്തില്‍ ബി.ജെ.പിയുടെ സംസ്ഥാന നേതാക്കള്‍ക്കും നിശ്ചയമില്ല. ഇതുവരെ ഉയര്‍ന്നുവന്ന പേരുകളില്‍നിന്ന് ഒരാളെ നിയമിച്ചുകൊണ്ടുള്ള അറിയിപ്പായിരിക്കും ഇനി ബി.ജെ.പി കേന്ദ്ര നേതൃത്വത്തില്‍നിന്ന് ഉണ്ടാകുക.
അന്തിമ പട്ടികയില്‍ ആര്.എസ്.എസ് സഹ പ്രാന്തകാര്യവാഹകും ജന്മഭൂമി പത്രത്തിന്റെ മാനേജിങ് ഡയറക്ടറുമായ എം. രാധാകൃഷ്ണന്, ബി.ജെ.പി സംസ്ഥാന മുന്‍ അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള എന്നിവരുടെ പേരുകളാണ് പറഞ്ഞുകേള്‍ക്കുന്നത്. അധ്യക്ഷനെ നിശ്ചയിക്കാന്‍ ദേശീയ സെക്രട്ടറി എച്ച്. രാജയും കേരളത്തിന്റെ ചുമതലയുള്ള എം.പി നളിന്‍കുമാര്‍ കട്ട്ലും കഴിഞ്ഞദിവസം കൊച്ചിയിലെത്തിയാണ് നേതാക്കളുടെ അഭിപ്രായം ആരാഞ്ഞത്. ഗ്രൂപ്പുതിരിഞ്ഞ് നേതാക്കള്‍ ആളുകളെ നിര്‍ദേശിക്കുകയും ചെയ്തു.
വി. മുരളീധരന്റെ നേതൃത്വത്തിലുള്ള പക്ഷം സംസ്ഥാന ജന. സെക്രട്ടറികൂടിയായ കെ. സുരേന്ദ്രന്റെ പേര് നിര്‍ദേശിച്ചപ്പോള്‍ പി.കെ കൃഷ്ണദാസ് പക്ഷത്തെ കൂടുതല്‍ പേര് എം.ടി രമേശിന്റെയും ചിലര്‍ എ.എന്‍ രാധാകൃഷ്ണന്റെയും പേര് പറഞ്ഞിരുന്നു. സംസ്ഥാന നേതാക്കളുടെ അഭിപ്രായങ്ങള്‍ കേട്ടുകഴിഞ്ഞ സാഹചര്യത്തില്‍ കേന്ദ്ര നേതൃത്വം സംസ്ഥാനത്തെ ഒരു നേതാവിനെയും ഇക്കാര്യത്തില്‍ ആലോചന നടത്താന്‍ ബന്ധപ്പെടുന്നില്ല.
ഡല്‍ഹി കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത് എന്നതിനാല്‍ ആരാകും അടുത്ത അധ്യക്ഷനെന്ന കാര്യത്തില്‍ സംസ്ഥാന നേതാക്കളും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."