ലോക് ഡൗണിലെ ഇളവ്: ആളുകള്‍ ഇരച്ചെത്തി, നിയന്ത്രണം പാളിയതായി വിലയിരുത്തല്‍
കോഴിക്കോട്: ലോക് ഡൗണില്‍ ഏഴ് ജില്ലകളില്‍ ഏര്‍പ്പെടുത്തിയ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നതോടെ ആളുകള്‍ പുറത്തിറങ്ങിയത് കൂട്ടത്തോടെ്. തിരുവനന്തപുരത്തും മറ്റും ഇതോടെ നിയന്ത്രണം പാളി. ഇതോടെ രോഗബാധ സാമൂഹിക വ്യാപനത്തിലേയ്ക്ക് വഴിമാറുമോ എന്ന ആശങ്കയും ഇല്ലാതില്ല. ആഴ്ച്ചകള്‍ നീണ്ട നിയന്ത്രണങ്ങള്‍ക്ക് ശേഷം ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നത് തുടര്‍ ദിവസങ്ങളിലും വലിയ വെല്ലുവിളി തന്നെയാണെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
പകുതി കേരളത്തിനെ പുറത്തിറങ്ങാന്‍ അനുമതി നല്‍കിയിട്ടുള്ളൂ. മറ്റുള്ളവര്‍ ഇപ്പോഴും കടുത്ത നിയന്ത്രണങ്ങളില്‍ തന്നെയാണ്.
ലോക്ക് ഡൗണ്‍ ഇളവുകള്‍ നടപ്പാക്കുന്ന ജില്ലകളിലുള്ളവര്‍ പോലും ജാഗ്രത പാലിക്കണമെന്നായിരുന്നു ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. സ്വയം നിയന്ത്രണം പാലിച്ചില്ലെങ്കില്‍ വീണ്ടും ലോക്ക് ഡൗണ്‍ കൊണ്ടുവരേണ്ടിവരുമെന്ന മുന്നറിയിപ്പും ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്. രോഗികളില്ലാത്ത ജില്ലകളില്‍ പോലും രോഗവ്യാപന സാധ്യത ഇപ്പോഴും നിലനില്‍ക്കുകയാണ്. ഇവിടങ്ങളിലെല്ലാം ലക്ഷണങ്ങള്‍ കാണിക്കാത്ത രോഗവാഹകരുണ്ടാകാം. ഇവരോടെല്ലാം സാമൂഹിക വ്യാപനത്തിലൂടെ വലിയ അപകട സാധ്യതയുണ്ടാക്കിയേക്കാം.
ഹോട്ടലുകള്‍, വാഹനയാത്രകള്‍, കൂട്ടമായെത്തുന്ന കടകള്‍ എന്നിവിടങ്ങളിലെല്ലാം ഇത്തരം റിസ്‌കുകള്‍ കൂടുകയേയുള്ളൂ. അതുകൊണ്ടുതന്നെ ബ്രെയ്ക്ക് ദ ചെയിന്‍ പ്രതിരോധം ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
26 ദിവസം നീണ്ട ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു ജപ്പാനിലെ ഹൊക്കായ്ഡോ മേഖലയില്‍. പിന്നീട് ഇവിടെത്തെ നിയന്ത്രണങ്ങള്‍ നീക്കി. ആളുകള്‍ കൂട്ടത്തോടെ വീണ്ടും പുറത്തിറങ്ങി. ഇതോടെ വീണ്ടും രോഗവ്യാപനമുണ്ടായി. ആദ്യത്തേതിലും തീവ്രമായി. രോഗം വീണ്ടും വ്യാപിച്ചതോടെ അവിടെ രണ്ടാമതും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. അത്രമൊരനുഭവം കേരളത്തിലുണ്ടാതിരിക്കാനാണ് ജാഗ്രത പാലിക്കേണ്ടത്.
കോവിഡ് വ്യാപനം പിടിച്ചുകെട്ടാന്‍ സംസ്ഥാനത്തിന് കഴിഞ്ഞത് ലോക്ക്ഡൗണ്‍ കര്‍ശനമാക്കിയതുകൊണ്ടായിരുന്നു. ആ നിയന്ത്രണങ്ങളെല്ലാം ഇളവുകളോടെ നടപ്പാക്കുമ്പോള്‍ അടച്ചിടല്‍ എന്ന ആശയത്തിന്റെ ലക്ഷ്യത്തിനു വഴിതെറ്റുമോ എന്ന സംശയമാണ് ഉയരുന്നത്.
സാമൂഹിക അകലം പാലിച്ചാല്‍ മാത്രമേ കൊവിഡിനെ തുരത്താനാകൂ എന്ന പ്രാഥമിക പാഠം ഇപ്പോഴെ മറന്നാല്‍ വന്‍ ദുരന്തത്തെ തന്നെയാകും കേരളം ക്ഷണിച്ചുവരുത്തുക.
മികച്ച രീതിയില്‍ കൊവിഡ് പ്രതിരോധം നടത്തിയെന്ന ആത്മവിശ്വാസം കേരളത്തിനുണ്ട്. എന്നാല്‍ അത് അഹങ്കാരത്തിന് വഴിമാറാതെ നോക്കണം.
ബാര്‍ബര്‍ ഷോപ്പുകളും ഹോട്ടലുകളുമടക്കം കടകളെല്ലാം അടച്ചിടുന്നത് നല്ല തീരുമാനമാണ്. രോഗം മാറിയാല്‍ പല പകര്‍ച്ചാവ്യാധികളും ആ വ്യക്തിയില്‍ പിന്നീടുണ്ടാകാറില്ല. എന്നാല്‍ കൊവിഡ് അസുഖം മാറിയവരില്‍ തന്നെ വീണ്ടും പ്രത്യക്ഷപ്പെടുന്നു. രോഗവ്യാപനം കാട്ടുതീപോലെ പടരുന്നു. അതുകൊണ്ടുതന്നെയാണ് ഈ വൈറസിനെ പൂര്‍ണമായും മുക്തമാക്കുംവരേ ആളുകള്‍ കാത്തിരിക്കണമെന്നു പറയുന്നത്.
സാമൂഹിക അകലം എത്രത്തോളം പാലിക്കുന്നോ, അത്രത്തോളം സുരക്ഷിതരാകും ജനങ്ങള്‍. വരാനിരിക്കുന്നത് മഴക്കാലമാണ്. അതായത് കേരളത്തിന്റെ പകര്‍ച്ചവ്യാധി സീസണ്‍. പനികളുടെ കാലം. ഓരോ മഴക്കാലവും നമുക്കു പനിക്കാലമാണ്. ഇത്തവണ അതോടൊപ്പം കൊവിഡുകൂടിയെത്തിയാല്‍ അതു കഷ്ടത്തിലാക്കുകതന്നെ ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."