കൊവിഡ് ഭേദമായ ഇറ്റാലിയന്‍ സ്വദേശി നാട്ടിലേക്ക് തിരിച്ചു; കേരളത്തിന്റെ കരുതലറിഞ്ഞ്
തിരുവനന്തപുരം: കൊവിഡ്- 19ല്‍ നിന്നു മുക്തിനേടിയ റോബര്‍ട്ടോ ടൊണോസോ നിരീക്ഷണ കാലാവധി കഴിഞ്ഞ ശേഷം ഇറ്റലിയിലേക്കു യാത്ര തിരിച്ചു. തിരുവനന്തപുരത്തു നിന്നു ബംഗലൂരുവിലേക്കും അവിടെ നിന്നു ചൊവ്വാഴ്ച ഇറ്റലിയിലേക്കുമാണ് റോബര്‍ട്ടോ ടൊണോസോ പോകുന്നത്.
റോബര്‍ട്ടോ ടൊണോസോയുമായി വീഡിയോ കോള്‍ വഴി സംസാരിച്ചുവെന്നും എല്ലാവരും ഇങ്ങനെ സുഖപ്പെട്ട് പോകുന്നത് കാണുമ്പോള്‍ ഏറെ സന്തോഷമുണ്ടെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.
കൊവിഡിന്റെ രണ്ടാം ഘട്ടത്തില്‍ വര്‍ക്കലയില്‍ ഏറെ ആശങ്കയുണ്ടാക്കിയയാളാണ് ഇദ്ദേഹം. മാര്‍ച്ച് 13നാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഉടനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അഡ്മിറ്റാക്കി. നിരീക്ഷണത്തിലായിരുന്ന സമയത്ത് ഇദ്ദേഹം നിരവധി സ്ഥലങ്ങളില്‍ യാത്രനടത്തിയതും എവിടെയൊക്കെ പോയി ആരോടെല്ലാം സമ്പര്‍ക്കം പുലര്‍ത്തി എന്ന് പറയാന്‍ അറിയാത്തതും ഭാഷയുമെല്ലാം സമ്പര്‍ക്ക ലിസ്റ്റ് ഉണ്ടാക്കാന്‍ വലിയ ബുദ്ധുമുട്ടുണ്ടാക്കി. അവസാനം ഇറ്റാലിയന്‍ ഭാഷ അറിയുന്ന ആളിന്റെ സഹായത്തോടെയാണ് സമ്പര്‍ക്ക ലിസ്റ്റുണ്ടാക്കിയത്. 126 പേരുടെ നീണ്ട സമ്പര്‍ക്ക ലിസ്റ്റാണ് ഉണ്ടായിരുന്നത്. ഗുരുതരമായ മറ്റസുഖങ്ങളും ഉണ്ടായിരുന്ന റോബര്‍ട്ടോ ടൊണോസോയ്ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് മികച്ച ചികിത്സയാണ് മെഡിക്കല്‍ കോളജ് നല്‍കിയത്.
കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആയി രോഗമുക്തി നേടിയതിനെ തുടര്‍ന്ന് മാര്‍ച്ച് 25ന് ഡിസ്ചാര്‍ജ് ചെയ്തു. രോഗം ഭേദമായെങ്കിലും നിരീക്ഷണം തുടരേണ്ടതുണ്ടായിരുന്നു. ഇദ്ദേഹത്തെ ഹോട്ടലില്‍ താമസിപ്പിച്ചാല്‍ വീണ്ടും പുറത്ത് പോകാന്‍ സാധ്യതയുള്ളതിനാല്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും പ്രത്യേക മുറിയില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലാവധി കഴിഞ്ഞ ശേഷമാണ് ജനറല്‍ ആശുപത്രിയില്‍ നിന്നും യാത്രതിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."