ജീവിതശീലങ്ങളും പതിവു മരുന്നുകളും മുടങ്ങി; സന്ദര്‍ശക വിസയിൽ ഗള്‍ഫിലെത്തിയ നിരവധി പേ൪ ദുരിതത്തിൽ
ജിദ്ദ: കൊവിഡ് 19 നെ പ്രതിരോധിക്കാനുള്ള നിയന്ത്രണങ്ങളും നിരോധന നടപടികളും കടുക്കുമ്പോള്‍ നെഞ്ചില്‍ തീ പുകയുന്ന കുറെപ്പേരുണ്ട്. എങ്ങനെയും നാട്ടിലെത്തിയാല്‍ മാത്രമേ ഇവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ലഭിക്കുകയുള്ളൂ. സന്ദര്‍ശക വിസകളിലെത്തി ഗള്‍ഫില്‍ കുടുങ്ങിപ്പോയ പ്രായമായവരും പ്രസവമടുത്ത ഗര്‍ഭിണികളുമാണ് ഇതില്‍ പ്രധാനം. തിരിച്ചുപോകാന്‍ കഴിയാതെ ഗള്‍ഫില്‍ കുടുങ്ങിപ്പോയതോടെ തങ്ങളുടെ ജീവിതശീലങ്ങളും പതിവു മരുന്നുകളും മുടങ്ങിപ്പോയതിന്റെ ആശങ്കയിലാണ് വൃദ്ധര്‍.മക്കളുടെ സന്തോഷത്തില്‍ പങ്കുചേരാനും കൊച്ചുമക്കളെ കാണാനുമൊക്കെയായി ശാരീരിക അസ്വസ്ഥതകളെല്ലാം മാറ്റിവെച്ച് വിമാനം കയറിയവരാണിവര്‍.
ഏറെപ്പേരും നിരവധി അസുഖങ്ങള്‍ക്ക് നിത്യവും മരുന്ന് കഴിക്കുന്നവരാണ്. നാട്ടില്‍ നിന്ന് കൊണ്ടുവന്ന മരുന്നുകള്‍ തീര്‍ന്നതോടെ പ്രയാസപ്പെടുന്നവര്‍ ഏറെയാണ്. ആശുപത്രികളില്‍ ഇവരെ എത്തിക്കാനോ ചികിത്സ തേടാനോ കഴിയാത്ത സാഹചര്യങ്ങളും ഉണ്ട്. ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്തതിനാല്‍ ഇവിടെ ചികിത്സ തേടലും പര്യാപ്തമല്ല. നാട്ടിലേക്കുള്ള യാത്ര നീണ്ടുപോകുമ്പോള്‍ പ്രയാസപ്പെടുന്ന മറ്റൊരുകൂട്ടര്‍ പ്രസവമടുത്ത ഗര്‍ഭിണികളും അവരുടെ ഭര്ത്താക്കന്മാരുമാണ്.
നിലവിൽ സഊദിയിൽ കുടുങ്ങിക്കിടക്കുന്ന ഗർഭിണികളായ 40 മലയാളി നഴ്സുമാർ നാട്ടിലേക്ക് മടങ്ങുന്നതിന് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് മുഖേനയാണ് കേന്ദ്രസർക്കാരിന്റെ സഹായം തേടി കത്ത് നൽകിയത്. അതേ സമയം കത്തിനോട് കേന്ദ്രം അനുകൂലമായി പ്രതികരിച്ചിട്ടില്ല.അതിനിടെ ഏഴുമാസം വരെയാണ് ഗര്‍ഭിണികള്‍ക്ക് വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുമതി ലഭിക്കുക. ആ സമയവും കടന്നുപോയാല്‍ സഊദിയില്‍ പ്രസവിക്കുന്നതിന് നിര്‍ബന്ധിതരാകും.
ഏതെങ്കിലും സാഹചര്യത്തില്‍ സിസേറിയന് ചെയ്യേണ്ടി വന്നാല്‍ വലിയ പണച്ചെലവ് ആശുപത്രിയിലുണ്ടാകും 12,000 മുതല്‍ 15,000 റിയാല്‍ വരെയാകാം ആശുപത്രി ചെലവ്. നിലവിലെ പ്രതിസന്ധിയില്‍ ഇതിനുള്ള പണം കൂടി എങ്ങനെ കണ്ടെത്തുമെന്നറിയാതെ പ്രയാസപ്പെടുകയാണ് പലരും. കൂടാതെ പ്രസവത്തിന് ശേഷമുള്ള ശുശ്രൂഷകള്‍ക്ക് ആളിനെ നിര്‍ത്തേണ്ടി വന്നാലും വലിയ തുക ശമ്പളയിനത്തിലും നല്‍കേണ്ടിവരും. പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് ആവര്‍ത്തിച്ച് പറയുന്നവര്‍ ഇത്തരക്കാരെ തിരിച്ചറിയുന്നില്ല എന്നതാണ് സത്യം.
കട തുറക്കാതായിട്ട് ഒരു മാസമായെന്നും നിത്യച്ചെലവിനു പോലും പ്രയാസപ്പെടുമ്പോള്‍ ഏഴുമാസം ഗര്‍ഭിണിയായ ഭാര്യയുടെ ആശുപത്രി ചെലവിനുകൂടി എങ്ങനെ പണം കണ്ടെത്തുമെന്ന് അറിയാത്ത അവസ്ഥയിലാണെന്നും ജിദ്ദയിൽ ഇലക്ട്രോണിക് കട നടത്തിയിരുന്ന കണ്ണൂര്‍ സ്വദേശി പറയുന്നു.
അതേ സമയം സഊദിയിൽ നിന്ന് നിരവധി രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുപോയി. ഈ മാതൃകയിൽ ഇന്ത്യയും തങ്ങളുടെ പൗരന്മാരെ നാട്ടിലെത്തിക്കണമെന്ന് വിവിധ പ്രവാസി സംഘടനകൾ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
അതിനിടെ ഇന്ത്യയും പാകിസ്താനും ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് മെയ് ആദ്യവാരത്തില്‍ വിമാന സര്‍വീസുണ്ടാകുമെന്ന് ചില കമ്പനികള്‍ക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. എന്നാല്‍ വിമാനമിറങ്ങാന്‍ ഇന്ത്യ കൂടി അനുവദിച്ചാല്‍ മാത്രമേ ഇത് സാധിക്കൂ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."