എം.ജിയില്‍ പരീക്ഷാ തിയതി പ്രഖ്യാപിച്ചത് സാഹചര്യങ്ങള്‍ വിലയിരുത്താതെ
കോട്ടയം: കൊവിഡ് സാഹചര്യങ്ങള്‍ വിലയിരുത്താതെ എം.ജി സര്‍വകലാശാല പരീക്ഷാ തിയതികള്‍ പ്രഖ്യാപിച്ചത് വിദ്യാര്‍ഥികളെ പ്രതിസന്ധിയിലാക്കും. മെയ് മൂന്നിന് ലോക്ക് ഡൗണ്‍ അവസാനിച്ച ശേഷം സാഹചര്യങ്ങള്‍ വിലയിരുത്തി പരീക്ഷ നടത്തിപ്പ് സംബന്ധിച്ചു തീരുമാനം എടുക്കണമെന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിന് വിരുദ്ധമായ നിലപാടാണ് എം.ജി സര്‍വകലാശാല അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്.
ആരോഗ്യ വകുപ്പിന്റെ കൊവിഡ് 19 മാര്‍ഗനിര്‍ദേശങ്ങളും പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങളുമൊക്കെ നോക്കി സാഹചര്യം വിലയിരുത്തി പരീക്ഷകള്‍ സംബന്ധിച്ച തീരുമാനം എടുക്കാനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയത്. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ അടങ്ങിയ ഉത്തരവ് സര്‍വകലാശാലകള്‍ ഉള്‍പ്പടെ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷ ടൈറ്റസ് കൈമാറിയിരുന്നു. എന്നാല്‍, മെയ് മൂന്നിന് ലോക്ക്ഡൗണ്‍ അവസാനിച്ച് എല്ലാ നിയന്ത്രണങ്ങളും നീങ്ങുമെന്നു മുന്‍കൂട്ടി ഉറപ്പിച്ച നിലയിലാണ് എം.ജി സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ മെയ് 18 മുതല്‍ പരീക്ഷകള്‍ ആരംഭിക്കാന്‍ ടൈം ടേബിള്‍ പ്രഖ്യാപിച്ചത്. കോട്ടയം, ഇടുക്കി ജില്ലകളെ ഗ്രീന്‍ സോണിലാക്കി ഇളവുകള്‍ നല്‍കിയെങ്കിലും പുതിയ കൊവിഡ് പോസിറ്റിവ് കേസ് സ്ഥിരീകരിച്ചതോടെ നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിച്ചു. എം.ജി സര്‍വകലാശാലയുടെ പരിധിയില്‍ വരുന്ന കോട്ടയം, ഇടുക്കി ജില്ലകള്‍ക്ക് പുറമേ എറണാകുളം, പത്തനംതിട്ട ജില്ലകളും കടുത്ത നിയന്ത്രണങ്ങളില്‍ തന്നെയാണ്. രാജ്യത്തൊട്ടാകെയും സംസ്ഥാനത്തും പുതിയ കൊവിഡ് ബാധിതരെ കണ്ടെത്തുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവുകള്‍ വരുത്താനുള്ള സാധ്യത വിരളമാണ്. നിലവിലെ സാഹചര്യത്തില്‍ മെയ് മൂന്നിന് ശേഷം പൊതുഗതാഗത സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന പ്രതീക്ഷയില്ല. കൊവിഡിന്റെ സമൂഹവ്യാപന ഭീതി നിലനില്‍ക്കുന്നതിനാല്‍ കൊവിഡ് പടരുന്നതിന് വഴിയൊരുക്കുമെന്ന ഭീതി നിലനില്‍ക്കേ പരീക്ഷയുടെ പേരില്‍ വിദ്യാര്‍ഥികള്‍ കൂട്ടമായി യാത്ര ചെയ്യുന്നതും കൂട്ടം കൂടുന്നതും ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."