പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാം; പുതിയ ഉത്തരവിറക്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: വിദേശത്ത് വച്ചു മരണപ്പെടുന്ന പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം നാട്ടില്‍ കൊണ്ടുവരുന്നത് സംബന്ധിച്ചുണ്ടായിരുന്ന തടസങ്ങള്‍ നീങ്ങി. പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കി.
വിദേശകാര്യ, ആരോഗ്യമന്ത്രാലയങ്ങളുടെ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ഇതോടെ ഈ ദിവസങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി മരണപ്പെട്ട മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള വഴിയൊരുങ്ങി.
കൊവിഡ്-19 ഭീതിയെ തുടര്‍ന്ന് അയല്‍രാജ്യങ്ങളായ പാകിസ്താനും ബംഗ്ലാദേശുമടക്കം പൗരരെ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കുമ്പോള്‍ യു.എ.ഇയില്‍ മലയാളികളുടേതടക്കം 26 ഇന്ത്യക്കാരുടെ മൃതദേഹങ്ങളാണ് വിമാനത്താവളങ്ങളിലും ഫ്രീസറിലുമായി കിടക്കുന്നത്.
കൊവിഡ് മൂലമല്ലാതെ മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ ഇന്ത്യന്‍ എംബസിയുടെ അനുമതിയോടെയാണ് കാര്‍ഗോ വിമാനങ്ങളില്‍ നാട്ടിലെത്തിച്ചിരുന്നത്. ഈ മാസം ഏഴു മുതല്‍ 22 വരെ കേരളമടക്കം വിവിധ സംസ്ഥാനങ്ങളിലെ 30 പേരുടെ മൃതദേഹങ്ങള്‍ കാര്‍ഗോ വിമാനങ്ങളില്‍ എത്തിച്ചിട്ടുമുണ്ട്. എന്നാല്‍ വ്യാഴാഴ്ച മുതല്‍ വിദേശത്തു മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിരാക്ഷേപ പത്രം (എന്‍.ഒ.സി) വേണമെന്നാണ് വിമാനക്കമ്പനികളള്‍ക്കും ഇന്ത്യന്‍ എംബസിക്കും ലഭിച്ച പുതിയ നിര്‍ദേശം. ഇതോടെയാണ് പ്രാവസികളുടെ മൃതദേഹങ്ങള്‍ കാത്തുകെട്ടിക്കിടക്കുന്നത്.
അപ്രതീക്ഷിത വിലക്കു മൂലം കാസര്‍കോട്, കായംകുളം സ്വദേശികളുടെ എംബാം ചെയ്ത് നാട്ടിലേക്കു കൊണ്ടുപോകാനെത്തിച്ച മൃതദേഹങ്ങള്‍ അബൂദാബി, ദുബൈ വിമാനത്താവളങ്ങളില്‍ കുടുങ്ങി. വേറെ 24 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഫ്രീസറിലും മറ്റും സൂക്ഷിച്ചിരിക്കുകയാണ്.
ലോക്ക് ഡൗണിന്റെ ഭാഗമായി കഴിഞ്ഞ മാര്‍ച്ച് 23നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ത്യയിലേക്കുളള വിമാന സര്‍വിസുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി സര്‍ക്കുലറിറക്കിയത്. ഇതില്‍ മൃതദേഹങ്ങള്‍ എത്തിക്കുന്നതിനും വിലക്കുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിമാനക്കമ്പനികള്‍ക്കു നല്‍കിയ പുതിയ സര്‍ക്കുലറില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."