കോട്ടയം ഡിപ്പോയിലെ ലോ ഫ്ളോര്‍ ബസുകള്‍ കട്ടപ്പുറത്തായിട്ട് ഒരുമാസം
കോട്ടയം: കെ.എസ്.ആര്.ടി.സി നഷ്ടത്തിലാണെന്ന് പറയുമ്പോഴും അനുവദിച്ച ബസുകള്‍ സര്‍വിസ് നടത്താനാകാതെ കട്ടപ്പുറത്ത് തന്നെ. ലോ ഫ്ളോര്‍ ബസുകള്‍ കട്ടപ്പുറത്തായിട്ട് ഒരുമാസം പിന്നിടുന്നു.
കോട്ടയം ഡിപ്പോയിലെ പത്തു ലോ ഫ്ളോര്‍ ബസില്‍ നാലെണ്ണമാണ് പണിക്ക് കയറ്റിയിരിക്കുന്നത്. ചില്ലു തകര്‍ന്നും എന്ജിന്, മെക്കാനിക്കല്‍ തകരാര്‍ മൂലമാണ് നാലു ബസുകളും ഗാരേജില്‍ കയറിയത്.
കളമശേരിയിലെ വോള്‍വോ ബസുകളുടെ സര്‍വിസ് സെന്ററില്‍ നിന്നും മെക്കാനിക്കുകള്‍ എത്തി വാഹനങ്ങള്‍ യഥാസമയം സര്‍വിസ് ചെയ്യാത്തതാണ് ആഴ്ചകളായി ബസുകള്‍ ഗാരേജില്‍ വിശ്രമിക്കാന്‍ കാരണമെന്ന് അധികൃതര്‍ പറഞ്ഞു. വശങ്ങളിലെ ചില്ലു തകര്‍ന്നു വിശ്രമത്തിലായ ലോ ഫ്ളോര്‍ ബസിന്റെ ഗ്ലാസ് മാറുന്നതിനു 30000 രൂപയിലേറെ ചെലവു വരുമെന്ന് അധികൃതര്‍ പറയുന്നു. വാഹനങ്ങള്‍ തകരാറിലായ വിവരം ആഴ്ചകള്‍ക്കു മുമ്പേ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നെങ്കിലും തുടര്‍ നടപടികളുണ്ടായില്ല.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഗതാഗതമന്ത്രിയായിരിക്കേയാണു കോട്ടയം ഡിപ്പോയിലേക്കു 10 എ.സി ലോ ഫ്ളോര്‍ ബസുകള്‍ അനുവദിച്ചത്. എറണാകുളം, തിരുവനന്തപുരം, ഈരാറ്റുപേട്ട, മുണ്ടക്കയം, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലേയ്ക്കായിരുന്നു ബസുകളുടെ സര്‍വിസ്. നോണ്‍ എ.സി ബസുകളുടെ സര്‍വിസും പലപ്പോഴും മുടങ്ങുന്നതായി പരാതിയുണ്ട്. ഡ്രൈവര്‍മാരുടെ അഭാവവും ബസുകളുടെ തകരാറിനാലും ആറു നോണ്‍ എ.സി ബസുകളില്‍ രണ്ടെണ്ണം പതിവായി മുടങ്ങാറുണ്ട്.
പല ബസുകളിലും ജീവനക്കാരുടെ അമിത ജോലിഭാരം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കോട്ടയം- പഞ്ചിക്കല്‍ റൂട്ടില്‍ സര്‍വിസ് നടത്തുന്ന ബസില്‍ ഒരു ഡ്രൈവര്‍ മാത്രമാണുള്ളത്. തുടര്‍ച്ചയായ രണ്ടു രാത്രികളില്‍ ഒരേ ഡ്രൈവര്‍ തന്നെ ബസ് ഓടിക്കണം. ഇത്തരം ബസുകളില്‍ കണ്ടക്ടര്‍ കം ഡ്രൈവര്‍ ഡ്യൂട്ടിയില്‍ ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."