ചാലിയാറില്‍ കാര്‍ഷിക പദ്ധതികള്‍ക്ക് ഊന്നല്‍
നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തിലെ 2016-17 സാമ്പത്തിക വര്‍ഷത്തിലെ വികസന സമിതി യോഗത്തില്‍ കാര്‍ഷിക മേഖലയിലെ വിവിധ പദ്ധതികള്‍ക്ക് ഊന്നല്‍ നല്കാന് തീരുമാനിച്ചു. മാലിന്യ സംസ്കരണം, ആരോഗ്യം, കുടിവെള്ളം, വീട്, തൊഴില്‍, ടൂറിസം പദ്ധതികള്‍ക്കുള്ള പദ്ധതി നിര്‍ദ്ദേശങ്ങളും ബന്ധപ്പെട്ടവര്‍ക്ക് നല്‍കും. നെല്ല്, പച്ചക്കറി തുടങ്ങിയവ കൂടുതല്‍ കൃഷി ചെയ്യുന്നതിനുള്ള പദ്ധതികള്‍ സമര്‍പ്പിക്കും. പത്തുലക്ഷം രൂപ മാലിന്യ സംസ്കരണ പദ്ധതികള്‍ക്കായി പഞ്ചായത്ത് നീക്കിവെക്കും. എല്ലാ വീട്ടിലും പൈപ്പ് കമ്പോസ്റ്റ് സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികില്‍സക്കുള്ള പദ്ധതി ആരോഗ്യ വകുപ്പിന് നല്‍കും.
പഞ്ചായത്തിലെ മുഴുവന്‍ പട്ടിജാതി, വര്‍ഗ്ഗ വിഭാഗത്തിനും വീടുകള്‍ ലഭ്യമാക്കാനും കുടിവെള്ളം എത്തിക്കാനുമുള്ള പദ്ധതികളും സമര്‍പ്പിക്കും.
ആദിവാസികള്‍ക്ക് സ്ഥിരമായി ജോലി,കരിമ്പായിക്കോട്ട മലയിലേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കല്‍, പുഴകളില്‍ സ്ഥിരം തടയണ നിര്‍മാണം, പുഴയോര സംരക്ഷണ പദ്ധതികള്‍ എന്നിവയും ചര്‍ച്ച ചെയ്തു. വാതക ശ്മശാനം സ്ഥാപിക്കാനും പദ്ധതിയൊരുക്കും. വികസന സമിതി യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ടി ഉസ്മാന് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."