കുരുന്നുകള്‍ അക്ഷരമുറ്റത്തേക്ക്; ജില്ലയില്‍ ഇന്ന് പ്രവേശനോത്സവം
സ്വന്തം ലേഖകന്‍
കോഴിക്കോട്: പ്രതീക്ഷകളും ആരവങ്ങളുമായി പുതുതായി എത്തുന്ന വിദ്യാര്‍ഥികളെ വരവേല്‍ക്കാന്‍ സ്വീകരണ പരിപാടികളൊരുക്കി ജില്ലയിലെ സ്‌കൂളുകളില്‍ ഇന്ന് പ്രവേശനോത്സവം. സ്‌കൂള്‍ അന്തരീക്ഷവുമായി ഇണങ്ങിച്ചേരാന്‍ ഉതകുന്ന വര്‍ണാഭമായ പരിപാടികളാണു ഒരുക്കിയിരിക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നാട് ഏറ്റെടുത്തതോടെ ഉണര്‍വ്വ് നേടിയ പൊതുവിദ്യാലയങ്ങള്‍ ഉള്‍പ്പെടെയുള്ള ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവേശനോത്സവം ആഘോഷമാക്കാനാള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇതോടൊപ്പം ജില്ലയില്‍ ഇന്നു പുതിയ അധ്യയന വര്‍ഷത്തിനും തുടക്കമാകും. നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് ജില്ലയില്‍ സ്‌കൂളുകള്‍ തുറക്കുന്നത് ഇന്നത്തേക്കു മാറ്റിയത്. പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ചെമ്പുകടവ് ഗവ. യു.പി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്യും.
മുഴുവന്‍ വിദ്യാലയങ്ങളിലും ബയോഗ്യാസ് പ്ലാന്റുകള്‍
കോഴിക്കോട്: ആറുമാസത്തിനകം ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും ശാസ്ത്രീയ മാലിന്യസംസ്‌കരണ സംവിധാനമായ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ തീരുമാനം. ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ അധ്യയന വര്‍ഷാരംഭത്തിന്റെ മുന്നോടിയായി നടന്ന ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാരുടെ യോഗത്തിലാണു തീരുമാനം. പി.ടി.എ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സ്‌കൂള്‍ മാനേജ്‌മെന്റ് എന്നിവയുടെ സഹകരണത്തോടെ ജില്ലാ ശുചിത്വമിഷനുമായി ചേര്‍ന്ന് പദ്ധതി യാഥാര്‍ഥ്യമാക്കും. വിദ്യാര്‍ഥികളുടെ എണ്ണംകൂടി പരിഗണിച്ച് ബയോഗ്യാസ് പ്ലാന്റുകളുടെ ശേഷി നിശ്ചയിക്കാനും തീരുമാനിച്ചു.
ഓഗസ്റ്റ് ആദ്യവാരം ഇതുസംബന്ധിച്ച് ജില്ലാ കലക്ടര്‍ അവലോകനം നടത്തും. ശാസ്ത്രീയ മാലിന്യസംസ്‌കരണം ഉറപ്പുവരുത്തുന്നതിനും വിദ്യാലയങ്ങളുടെ സുരക്ഷ, പരിസര ശുചിത്വം, കിണര്‍, കുടിവെള്ളം, ജലസംഭരണി, പാചകപ്പുര, സ്റ്റോര്‍ റൂം, അപകടാവസ്ഥയിലുള്ള കെട്ടിടങ്ങള്‍, വിദ്യാലയങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ എന്നിവ പരിശോധിക്കുന്നതിനും ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ സ്‌കൂളുകള്‍ സന്ദര്‍ശിക്കണമെന്ന് കലക്ടര്‍ നിര്‍ദേശം നല്‍കി. പ്രധാനാധ്യാപകരില്‍ നിന്ന് റിപ്പോര്‍ട്ട് തേടണം. ഇവ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് ലഭ്യമാക്കി ക്രോഡീകരിക്കാനും തീരുമാനമായി. ഹരിതച്ചട്ടം വിദ്യാലയങ്ങളില്‍ നടപ്പാക്കണം. ഫിറ്റ്‌നസില്ലാത്ത വിദ്യാലയങ്ങളെ കുറിച്ച് കലക്ടറേറ്റിലെ ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടറുടെ കാര്യാലയത്തില്‍ അറിയിക്കണം.
കുറ്റിക്കാട്ടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പാചകപ്പുരയില്‍ നിന്നുള്ള മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുന്നതിന് എല്‍.എസ്.ജി.ഡി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍, ജില്ലാ ശുചിത്വമിഷന്‍ കോഡിനേറ്റര്‍, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ എന്നിവര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. വിദ്യാലയങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന വാട്ടര്‍ ടാങ്കുകളുടെ ശുചിത്വം ഉറപ്പാക്കണം. മുഴുവന്‍ കെട്ടിടങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട എന്‍ജിനീയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. എല്ലാ വിദ്യാലയങ്ങളിലും ആവശ്യത്തിനു ശൗചാലയങ്ങള്‍ ഉറപ്പു വരുത്തിയിട്ടുണ്ട്.
യോഗത്തില്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ.കെ സുരേഷ്‌കുമാര്‍ സംസാരിച്ചു. ഡി.ഇ.ഒമാര്‍, എ.ഇ.ഒമാര്‍ എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫിസര്‍ എ.കെ അബ്ദുല്‍ ഹക്കീം സംബന്ധിച്ചു.
അപകടാവസ്ഥയിലുള്ള സ്‌കൂള്‍ കെട്ടിടം: വിവരങ്ങള്‍ നല്‍കാം
കോഴിക്കോട്: അപകടാവസ്ഥയിലുള്ള സ്‌കൂള്‍ കെട്ടിടങ്ങള്‍, സ്‌കൂള്‍ പരിസരത്തുള്ള മരങ്ങള്‍ എന്നിവയെക്കുറിച്ച് 1077 എന്ന ട്രോള്‍ഫ്രീ നമ്പറില്‍ വിവരമറിയിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."