കുമരകം ബോട്ടുജെട്ടിയിലെ ടൂറിസം പദ്ധതികള്‍ പാളുന്നു
കോട്ടയം: വേമ്പനാട്ടുകായലില്‍ നിന്നും കുമരകം ബോട്ടുജെട്ടിയിലേക്കുള്ള പ്രവേശനകവാടത്തിനരികില്‍ നിര്‍മിച്ച ലഘുഭക്ഷണശാല പ്രവര്‍ത്തനരഹിതം. ടൂറിസംവകുപ്പ് ടെന്‍ഡര്‍ നല്കി നിര്‍മിച്ച ലഘുഭക്ഷണശാലയാണ് മൂന്നുവര്‍ഷമായി പ്രവര്‍ത്തനരഹിതമായിക്കിടക്കുന്നത്.
എട്ടു ലക്ഷം രൂപാ മുടക്കി സ്വകാര്യ വ്യക്തിയാണ് ലഘുഭക്ഷണശാല നിര്‍മിച്ചത്. ഇതോടെ ലഘുഭക്ഷണശാല സാമൂഹ്യവിരുദ്ധരുടെ ഇടത്താവളമായി മാറി.വേമ്പനാട്ടുകായല്‍ കാണാനെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് വേണ്ടിയാണ് നടപ്പാത അവസാനിക്കുന്ന ഭാഗത്ത് ലഘുഭക്ഷണശാല നിര്‍മിച്ചത്. ഇറിഗേഷന്‍വകുപ്പിന്റെ സ്ഥലത്ത് പഞ്ചായത്തിന്റെ അനുമതി വാങ്ങാതെയായിരുന്നു ടെന്‍ഡര്‍ വിളിച്ചതും ഭക്ഷണശാല നിര്‍മിച്ചതും.
ഇതിനാല്‍ പ്രവര്‍ത്തനം ആരംഭിച്ച് കുറച്ചുനാള്‍ പിന്നിട്ടതോടെ പഞ്ചായത്തില്‍ നിന്നും സ്റ്റോപ്പ് മെമ്മോ നല്‍കുകയായിരുന്നു.
പ്രവര്‍ത്തനം ആരംഭിച്ച് ഒരു മാസം പിന്നിട്ടപ്പോഴേക്കും ഹോട്ടല്‍ പൂട്ടേണ്ടി വന്നതോടെ ഉടമയും പ്രതിസന്ധിയിലായി.എന്നാല്‍ പണം മുടക്കി ഗതികേടിലായ കടയുടമ കോടതിയെ സമീപിച്ച് അനൂകൂലവിധി നേടയെടുത്തു. പിന്നീട് കട വീണ്ടും തുറന്നു പ്രവര്ത്തിക്കാനെത്തിയപ്പോഴേക്കും സ്ഥാപനം സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തിരുന്നു.
കതകും ജനലും തകര്‍ത്ത് സ്ഥാപനത്തിലുണ്ടായിരുന്ന സകലതും മോഷ്ടിക്കപ്പെട്ടിരുന്നു. കായല്‍ തീരത്തിനടുത്ത് വിജനമായ സ്ഥലത്തുള്ള ലഘുഭക്ഷണശാലയുടെ കെട്ടിടം കാലക്രമേണ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറി. രാത്രിയാകുന്നതോടെ അനാശാസ്യ പ്രവര്‍ത്തനങ്ങളും കെട്ടിടത്തില്‍ നടക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു. കുമരകം ആറ്റാമംഗലം കുരിശുപള്ളിയ്ക്കു സമീപത്തു സ്ഥിതിചെയ്യുന്ന സ്ഥാപനത്തിന്റെ അവശേഷിക്കുന്ന ഭാഗങ്ങള്‍ പൊളിച്ചു നീക്കാന്‍ അധികൃതര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."