ഭക്ഷണ വിലകൂട്ടി ഹോട്ടലുകള്‍; നിയന്ത്രണം കടലാസില്‍ മാത്രം
ചങ്ങനാശേരി: ഹോട്ടല്‍ ഭക്ഷണത്തിന്റെ വില നിയന്ത്രണം കടലാസുകളില്‍ ഒതുങ്ങിയപ്പോള്‍ ഉച്ചയൂണ്‍ കഴിക്കുമ്പോള്‍ തന്നെ സാധാരണക്കാരന്റെ കീശ കാലിയാകുന്നു.
ചങ്ങനാശേരി മേഖലയിലെ ഹോട്ടലുകളില്‍ ഏകീകരണമില്ലാതെയാണ് ഭക്ഷണം കഴിച്ചിറങ്ങുന്നവരോട് വാങ്ങുന്നതെന്ന പരാതി ഉയര്‍ന്നു.16 വര്‍ഷം മുന്‍പ് സര്‍ക്കാര്‍ ഹോട്ടല്‍ ഭക്ഷണത്തിന്റെ വില ഏകീകരിക്കാന്‍ നടപടി സ്വീകരിച്ചിരുന്നു. വില നിയന്ത്രണത്തിനായി ബില്‍ തയ്യാറാക്കാനുള്ള നടപടികള്‍ ഏറെ മുന്നോട്ടുപോയിരുന്നെങ്കിലും ബില്‍ നിയമമാക്കാനായില്ല. ഈ ബില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ പൊടിതട്ടിയെടുത്ത് അംഗീകാരം നല്‍കുന്നവരെ കാര്യങ്ങള്‍ പുരോഗമിച്ചിരുന്നു. എന്നാല്‍ പിന്നീട് അവസ്ഥ പഴയതുപോലെ തന്നെയായി. വില നിയന്ത്രിക്കുന്നതിനായി എല്ലാ ജില്ലകളിലും ഭക്ഷണവില ക്രമീകരണ അതോറിറ്റികള്‍ രൂപീകരിക്കാനായിരുന്നു തീരുമാനം.ജില്ലയിലെ ഹോട്ടലുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ഇതിലൂടെ ഭക്ഷണസാധനങ്ങളുടെ വില നിയന്ത്രിക്കുകയുമാണ് അതോറിറ്റിയുടെ പ്രധാന ചുമതല.
ജില്ലാ അതോറ്റി അംഗീകരിച്ച വില വിവരപ്പട്ടികയിലുള്ളതിനേക്കാള്‍ കൂടിയ വിലയ്ക്കു ഹോട്ടലുകളില്‍ ഭക്ഷണം വില്‍ക്കാന്‍ പാടില്ല. ഭക്ഷണസാധനത്തിന് വില കൂട്ടാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ നിര്‍ദ്ദിഷ്ട ഫീസ് സഹിതം അപേക്ഷിക്കുകയും ജില്ലാ അതോറിറ്റി ഒരു മാസത്തിനകം തീരുമാനം എടുക്കുകയും വേണം. ചട്ടലംഘനം ഉണ്ടായാല്‍ ഹോട്ടലിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ അതോറിറ്റിക്ക് അധികാരമുണ്ട്. ഇതൊക്കെയായിരുന്നു ബില്ലിന്റെ കാതല്‍.
ജില്ലാ ജഡ്ജിയോ ജില്ലാ ജഡ്ജിയായി നിയമിക്കാന്‍ യോഗ്യതയുള്ള ആളോ ആയിരിക്കണം ചെയര്‍മാന്‍. അതോറിറ്റിയിലേക്ക് ആറ് അനൗദ്യോഗിക അംഗങ്ങളെ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യും. ഈ ബില്‍ നിയമവകുപ്പിന്റെ പരിഗണനയ്ക്കു വിട്ടിരിക്കുകയാണെന്നാണ് വിവരം.
എന്നാല്‍ തട്ടുകട മുതല്‍ വലിയ ഹോട്ടല്‍ വരെ വിവിധ തരം ഭക്ഷണങ്ങള്‍ വിവിധ നിരക്കുകളില്‍ നല്‍കുമ്പോള്‍ നിയമം എത്രത്തോളം ഫലപ്രദമാണെന്ന സംശയത്തിലാണു നിയമവകുപ്പ്. ഇതിനു പിന്നാലെ ജി.എസ്.ടി കൂടി പ്രാബല്യത്തില്‍ വന്നതോടെ ചെറുതും വലുതുമായ എല്ലാ ഹോട്ടലുകളിലും ആനുപാതികമായി വില വര്‍ദ്ധിപ്പിച്ചത് സാധാരണക്കാര്‍ക്ക് ഇരുട്ടടിയാവുകയാണ്. വ്യാപക പരാതിയെത്തുടര്‍ന്ന് ഹോട്ടല്‍ ഭക്ഷണത്തിനുള്ള ജി.എസ്.ടി അഞ്ചു ശതമാനമാക്കി കൗമന്‍സില്‍ കുറച്ചിരുന്നു.ഒരിനത്തിനു വില നിശ്ചയിച്ചാല്‍ പേരുമാറ്റി പുതിയ ഇനം തോന്നിയ വിലയ്ക്കു വില്‍ക്കുന്നതാണ് പ്രധാനമായും സര്‍ക്കാരിനെ വലയ്ക്കുന്നത്.
പാകം ചെയ്തു വില്‍ക്കുന്ന ഭക്ഷണസാധനങ്ങള്‍ക്ക് എത്ര വില വേണമെങ്കിലും ഈടാക്കാമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഇതിനു പുറമേ പാല്‍, കോഴിയിറച്ചി, പച്ചക്കറി തുടങ്ങിയവര്‍ക്കു വില കൂടുമ്പോഴും ഭക്ഷണ സാധനങ്ങള്‍ക്ക് വില വര്‍ധിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."