സഊദിയില്‍ ഒരേ ദിവസം മൂന്ന് ചാവേര്‍ ആക്രമണങ്ങള്‍; പെരുന്നാളിന് കനത്ത സുരക്ഷ
ദമ്മാം: സഊദിയുടെ വിവിധ ഭാഗങ്ങളിലായി ഒരേ ദിവസം ചാവേറുകള്‍ പൊട്ടിത്തെറിച്ചത് ഭീതി പരത്തി. ലോകത്തെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രമായ മദീനയിലെ മസ്ജിദുന്നബവിക്കു സമീപവും ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് സമീപവും കിഴക്കന്‍ പ്രവിശ്യയിലെ ഖത്വീഫിലുമാണ് തിങ്കളാഴ്ച ചാവേറുകള്‍ പൊട്ടിത്തെറിച്ചത്. മദീനയിലെ ആക്രമണത്തില്‍ നാലു സുരക്ഷാ സൈനികര്‍ കൊല്ലപ്പെടുകയും അഞ്ചുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെങ്കിലും തീര്‍ത്ഥാടനത്തിനെത്തിയ വിശ്വാസികള്‍ സുരക്ഷിതരാണ്. ഖത്വീഫില്‍ ശീഈ വിശ്വാസികളെ ലക്ഷ്യം വെച്ചാണ് പള്ളിക്കു സമീപം ചാവേര്‍ എത്തിയത്. എന്നാല്‍ ഇവിടെയും വിശ്വാസികള്‍ സുരക്ഷിതരാണ്. ജിദ്ദയില്‍ നടന്ന സ്‌ഫോടന ശ്രമത്തിലും ആളപായം ഉണ്ടായിട്ടില്ല.
വിശുദ്ധ റംസാന്‍ വിടവാങ്ങി ഈദുല്‍ ഫിത്വര്‍ ആഘോഷവേള കടന്നു വരുന്ന വേളയില്‍ തന്നെ ചാവേറുകള്‍ അഴിഞ്ഞാടിയത് രാജ്യത്ത് ഭീതി ഉയര്‍ത്തിയിട്ടുണ്ട്. മദീനയിലും ഖതീഫിലും വിശ്വാസികള്‍ നോമ്പ് തുറക്കുന്ന സമയത്ത് തന്നെയെന്നത് ആസൂത്രിത നീക്കം ശക്തിയായി നടക്കുന്നുണ്ടെന്ന് ചൂണ്ടികാണിക്കുന്നു.
ഒരേ ദിനം തന്നെ വിവിധ ചാവേര്‍ ആക്രമണത്തെ തുടര്‍ന്ന് രാജ്യത്തെങ്ങും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പ്രത്യേകിച്ച് റംസാന്‍ കഴിഞ്ഞ് നാളെ വിശ്വാസികള്‍ ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുന്ന വേളയില്‍ ആശങ്ക ഉളവാക്കുന്നുണ്ട്. ഇന്നലെ കുവൈത്തില്‍ റംസാന്‍ അവസാന ദിനത്തില്‍ രാജ്യത്തെ ശീഈ പള്ളികള്‍, ആഭ്യന്തര മന്ത്രാലയ ഉപകരണങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് നടത്താനിരുന്ന വന്‍ സ്‌ഫോടന പദ്ധതി സുരക്ഷാ വകുപ്പ് ചേര്‍ന്ന് തകര്‍ത്തതും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്. പെരുന്നാള്‍ ദിനത്തോടനുബന്ധിച്ച് ഐ.എസ് നേതൃത്വത്തിലുള്ള സ്‌ഫോടന ആസൂത്രണം പൊളിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഇന്നലെ വ്യക്തമാക്കിയിരുന്നു.
ഗൂഢാലോചനയില്‍ പങ്കെടുത്ത ഏതാനും കുവൈത്തി പൗരന്മാരെയും കുവൈത്ത് അറസ്റ്റു ചെയ്തിരുന്നു. വിശ്വാസികള്‍ തിങ്ങിക്കൂടുന്ന സ്ഥലങ്ങളെയാണ് ചാവേറുകള്‍ ലക്ഷ്യം വെക്കുന്നതെന്നതിനാല്‍ വിശ്വാസികള്‍ ആശങ്കയിലാണ്. സുരക്ഷ മുന്‍നിര്‍ത്തി ഓപ്പണ്‍ ഈദ്ഗാഹുകള്‍ക്ക് ആഭ്യന്തര മന്ത്രാലയം താല്‍ക്കാലിക നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.
വിശ്വാസികളെ ലക്ഷ്യം വെച്ച് വിശിഷ്യാ മദീനയിലെ മസ്ജിദുന്നബവിയിലെ ചാവേര്‍ ആക്രമണത്തിനെതിരെ രാജ്യത്തിനകത്തും ലോകവ്യാപകമായും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. തീവ്രവാദികളുടെ പ്രവര്‍ത്തനം മൂലം 'നീ ദയനീയമായി പരാചയപ്പെട്ടു'വെന്ന് രാജ്യത്തെ മുതിര്‍ന്ന ഇസ്‌ലാമിക വക്താവ് തീവ്രവാദികളോട് വ്യക്തമാക്കി. നീതിന്യായ ദിവസം ഇതിനെക്കാ വ്യക്തമായ ഉത്തരം നല്‍കേണ്ടി വരുമെന്നും കൗണ്‍സില്‍ ട്വിറ്ററില്‍ വ്യക്തമാക്കി.
സംഭവത്തിനെതിരെ അറബ് ലീഗും ശക്തമായി രംഗത്തെത്തി. തീവ്രവാദത്തിന് മതമില്ലെന്ന വ്യക്തമായ സന്ദേശമാണ് ഈ സംഭവങ്ങള്‍ വ്യക്തമാക്കന്നത് അറബ് ലീഗ് സെക്രട്ടറി അഹ്മദ് അബു അല്‍ ഗൈത്ത് വ്യക്തമാക്കി. തീവ്രവാദത്തിന്റെ ഭീകര മുഖമാണ് മദീന അക്രമത്തിലൂടെ വെളിവായതെന്ന് സഊദി അമേരിക്കന്‍ പബ്ലിക് റിലേഷന്‍ അഫയേഴ്‌സ് പ്രസിഡന്റ് സല്‍മാന്‍ അല്‍ അന്‍സാരി പറഞ്ഞു.
ദൈവീകമായി അടുക്കുന്നതിനു വേണ്ടി ദൈവീക ഭവനത്തില്‍ എത്തിച്ചേരുന്ന നിരപരാധികളായ വിശ്വാസികളെ ലക്ഷ്യം വെച്ചുള്ള ഇത്തരം ആക്രമണങ്ങളിലൂടെ തീവ്രവാദികള്‍ ലക്ഷ്യം വെക്കുന്നത് രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുക എന്നത് മാത്രമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."