ആരോഗ്യവകുപ്പ് പഴകിയ ആഹാരസാധനങ്ങള്‍ പിടിച്ചെടുത്തു
കരുനാഗപ്പള്ളി: തൊടിയൂര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ പഴകിയ ആഹാരസാധനങ്ങള്‍ പിടിച്ചെടുത്തു. 71,000 രൂപ പിഴയടപ്പിച്ചു.
ഹോട്ടലുകള്‍, ചായക്കടകള്‍, ബേക്കറി, സൂപ്പര്‍ മാര്‍ക്കറ്റ്, മല്‍ത്സ്യച്ചന്ത എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പാചകം ചെയ്യുന്ന അടുക്കളയും ഉപയോഗശൂന്യമായ ബേക്കറി ഉല്‍പന്നങ്ങളും പോളിത്തീന്‍ കവറുകളും പരിശോധനയില്‍ കണ്ടെത്തി. മാരാരിത്തോട്ടം മിടുക്കന്‍മുക്കിന് സമീപം അനധികൃതമായിപ്രവര്‍ത്തിക്കുന്ന ബോര്‍മ്മയില്‍ നിന്നും പഴകിയ ഉഴുന്നുവട, പരിപ്പുവട, സമൂസ എന്നിവയും പിടിച്ചെടുത്ത് നശിപ്പിച്ചു. തമിഴ്‌നാട് സ്വദേശി നടത്തി വരുന്ന ബോര്‍മ്മയാണിത്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഇവിടെ പാചകം ചെയ്തവരുന്നതെന്നും ദീര്‍ഘകാലമായി ഉപയോഗിക്കുന്ന എണ്ണയിലാണ് പലഹാരങ്ങള്‍ പൊരിക്കുന്നതെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാള്‍ക്ക് 40,000 രൂപ പിഴയടപ്പിച്ചിട്ടുണ്ട്.
ഗ്രാമ പഞ്ചായത്ത്‌സെക്രട്ടറി രേഖ, സീനിയര്‍ ക്ലാര്‍ക്ക് മുഹമ്മദ് ഷാഫി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുലൈമാന്‍ കുഞ്ഞ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജയപ്രസാദ് പരിശോധനക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."