സാമൂഹ്യ സുരക്ഷാ ബോര്‍ഡ് രൂപീകരിക്കും: മന്ത്രി തോമസ് ഐസക്
തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ ബോര്‍ഡ് രൂപീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. വിവിധ ക്ഷേമ ബോര്‍ഡുകളെ ഇതില്‍ ലയിപ്പിക്കുന്ന കാര്യം ആലോചിക്കുമെന്നും നിയമസഭയില്‍ ഉപധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ അദ്ദേഹം പറഞ്ഞു.
കര്‍ഷക തൊഴിലാളി പെന്‍ഷന്‍ ഈ ബോര്‍ഡിനു കീഴില്‍ കൊണ്ടുവരാന്‍ ആലോചിക്കുന്നുണ്ട്. സംസ്ഥാനത്തെ 2,000 കേന്ദ്രങ്ങളില്‍ സൗജന്യ വൈഫൈ ലഭ്യമാക്കും. 28 കോടി രൂപ ചെലവിലുള്ള പദ്ധതിയാണിത്. യൂത്ത് ഇന്നൊവേഷന്‍ കൗണ്‍സിലിന് 20 കോടി വകയിരുത്തിയിട്ടുണ്ട്. കയര്‍- മത്സ്യ തൊഴിലാളികള്‍ക്ക് വിരമിക്കല്‍ ആനുകൂല്യത്തിനായി 20 കോടിയും വകയിരുത്തി.
ചെലവു ചുരുക്കല്‍ നടപടികള്‍ക്കായി സര്‍ക്കാര്‍ ഉത്തരവിറക്കിയപ്പോള്‍ ചില വകുപ്പുകള്‍ക്കു വാഹനം വാങ്ങാന്‍ അനുമതി നല്‍കിയിരുന്നു. അതു മാത്രമാണിപ്പോള്‍ വാങ്ങുന്നത്. മറ്റു വകുപ്പുകള്‍ക്കൊക്കെ ആവശ്യം വന്നാല്‍ വണ്ടി വാടകയ്‌ക്കെടുക്കുകയാണ് ചെയ്യുന്നത്. ഇനി പുതിയ സ്‌കൂളുകളും കോഴ്‌സുകളും അനുവദിക്കുമ്പോള്‍ തസ്തിക സൃഷ്ടിക്കുന്നതില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. സംസ്ഥാനത്തിനുള്ള ജി.എസ്.ടി വരുമാനം അധികം വൈകാത വര്‍ധിക്കും. അതോടെ ഇന്നത്തെ സാമ്പത്തികനിലയില്‍ കാര്യമായ മാറ്റം വരും. സംസ്ഥാനത്ത് ഇപ്പോള്‍ 52 ലക്ഷം പേരാണ് ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നത്. ഇതില്‍ ഏഴു ലക്ഷത്തോളം പേര്‍ അനര്‍ഹരാണ്. അനര്‍ഹരെ കണ്ടെത്തി ഒഴിവാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ക്ഷേമ പെന്‍ഷന് അപേക്ഷിക്കുന്നതിനുള്ള വെബ്‌സൈറ്റ് നിശ്ചലമായത്. ജൂലൈ മാസത്തോടെ അതു പ്രവര്‍ത്തനക്ഷമമാകും. അതോടെ പുതിയ പെന്‍ഷന്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങും. അപേക്ഷ ലഭിക്കുന്ന തിയതിയുടെ പ്രാബല്യം വച്ചായിരിക്കും പെന്‍ഷന്‍ അനുവദിക്കുക. 2.6 ലക്ഷം ഭവനരഹിത കുടുംബങ്ങള്‍ക്ക് വീടു വച്ച് നല്‍കാനുള്ള പണം ഹഡ്‌കോ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."