എന്നോടുള്ള വിദ്വേഷം സഹോദരനെതിരേയും കാണിച്ചു: ഡോ.കഫീല്‍ ഖാന്‍
ലഖ്‌നൗ: ഗൊരഖ്പൂരിലെ ഡോ. കഫീല്‍ ഖാന്റെ സഹോദരന് നേരെയുള്ള വധശ്രമത്തില്‍ വന്‍ പ്രതിഷേധം. തന്റെ ശത്രുക്കളാണ് സഹോദരന്‍ കാശിഫ് ജമീലിനെ കൊല്ലാന്‍ നോക്കിയതെന്ന് കഫീല്‍ പറഞ്ഞു. അതേസമയം സംഭവത്തില്‍ പൊലിസിന്റെ കൊള്ളരുതായ്മയെയും അദ്ദേഹം വിമര്‍ശിച്ചു.
കഴിഞ്ഞ ദിവസമാണ് കഫീലിന്റെ സഹോദരനെതിരേ അജ്ഞാതര്‍ വെടിവച്ചത്. മൂന്ന് തവണ വെടിയേറ്റ കാശിഫ് അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്. തനിക്കും കുടുംബത്തിനും സംസ്ഥാനത്ത് യാതൊരുവിധ സുരക്ഷയുമില്ലെന്നും എന്തുവേണമെങ്കിലും സംഭവിക്കാവുന്ന അവസ്ഥയാണ് ഉള്ളതെന്നും കഫീല്‍ പറഞ്ഞു.
തനിക്കെതിരേ ശത്രുക്കള്‍ വച്ച് പുലര്‍ത്തുന്ന വിദ്വേഷമാണ് സഹോദരനെതിരായ ആക്രമണത്തിന് പിന്നില്‍. സഹോദരന്‍ വസ്തു വില്‍പന നടത്തുന്നയാളാണ്. ഭൂമി സംബന്ധിച്ച തര്‍ക്കങ്ങള്‍ നേരത്തെ നിലനില്‍ക്കുന്നുണ്ട്. ആദ്യം ഇക്കാരണങ്ങള്‍ കൊണ്ടാണ് ആക്രമണം ഉണ്ടായതെന്നായിരുന്നു കരുതിയത്.
എന്നാല്‍ അതി സുരക്ഷാ മേഖലയിലാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. ഇത് സംശയാസ്പദമാണ്. മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം നടന്ന ആക്രമണമാണിതെന്നും കഫീല്‍ ഖാന്‍ ആരോപിച്ചു. അതേസമയം വസ്തു സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് ഗൊരഖ്പൂര്‍ എസ്.എസ്.പി ശലഭ് മാഥുര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."