പ്ലാസ്റ്റിക് കവര്‍ നിരോധനം: സ്‌ക്വാഡുകളായി തിരിഞ്ഞ് പരിശോധനയും റെയ്ഡും തുടരുന്നു
കൊല്ലം: ജില്ലയില്‍ 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് കവറുകളുടെ നിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായി കടകളും മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ചുള്ള പരിശോധന കര്‍ശനമാക്കി. ജില്ലയിലെ 68 ഗ്രാമപഞ്ചായത്തുകളിലും അഞ്ചു നഗരസഭകളിലും അനധികൃത പ്ലാസ്റ്റിക് കവര്‍ വില്‍പ്പന തടയുന്നതിനായി പരിശോധനയും റെയ്ഡും തുടര്‍ച്ചയായി നടത്തുന്നതിന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
കൊല്ലം കോര്‍പ്പറേഷനില്‍ 10 സ്‌ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. കോര്‍പ്പറേഷന്‍ പ്രദേശത്തെ തുണിക്കടകള്‍, ഷോപ്പിംഗ് മാളുകള്‍, മാര്‍ക്കറ്റുകള്‍, ഫ്രൂട്ട് സ്റ്റാളുകള്‍, മത്സ്യമാര്‍ക്കറ്റുകള്‍, പച്ചക്കറി കടകള്‍, വഴിയോര കച്ചവട സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ റെയ്ഡ് നടത്തി. കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു റെയ്ഡ്. വില്‍പ്പനക്കായി സൂക്ഷിച്ച ഉദ്ദേശം 350 കിലോഗ്രാം അനധികൃത പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ പിടിച്ചെടുത്തു. നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്യാത്ത കച്ചവടക്കാര്‍ പ്ലാസ്റ്റിക് കവറുകളില്‍ വില്‍പ്പന നടത്തുന്നത് നിയമവിരുദ്ധമാണെന്ന് ശുചിത്വ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ജി കൃഷ്ണകുമാര്‍ അറിയിച്ചു.
50 മൈക്രോണില്‍ കൂടുതലുള്ള കവറുകള്‍ ഉപയോഗിക്കണമെങ്കില്‍ നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്ത് പ്രതിമാസം 4000 രൂപാ പ്രകാരം ഒരു വര്‍ഷത്തേക്ക് 48000 രൂപാ ഫീസ് നല്‍കണം. റെയ്ഡിന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി ശശികുമാര്‍ നേതൃത്വം നല്‍കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ആര്‍ ബിനോയി, സുധാകുമാരി, ജി.എസ് സുരേഷ്, സുരേഷ്‌കുമാര്‍, പ്രമോദ്, ഫൈസല്‍, കിഷോര്‍ എന്നിവരോടൊപ്പം 11 ഓളം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും പങ്കെടുത്തു. വരുംദിവസങ്ങളില്‍ പരിശോധനയും റെയ്ഡുകളും ശക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറി വി ആര്‍ രാജു അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."