വ്രതവിശുദ്ധിയില്‍ ഇന്ന് ആഹ്ലാദത്തിന്റെ ഈദുല്‍ ഫിത്വ്ര്‍
കോഴിക്കോട്: ശവ്വാല്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ഈദുല്‍ ഫിത്വ്ര്‍ ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, മംഗളൂരു ഖാസി ത്വാഖ അഹമ്മദ് അല്‍ അസ്ഹരി എന്നിവര്‍ അറിയിച്ചു.
തിരുവനന്തപുരം വലിയ ഖാസി ചേലക്കുളം മുഹമ്മദ് അബുല്‍ ബുഷ്‌റാ മൗലവിയുടെ അധ്യക്ഷതയില്‍ മണക്കാട് തിരുവനന്തപുരം വലിയ പള്ളി ജുമാ മസ്ജിദില്‍ നടന്ന ഖാസിമാരുടെയും ഇമാമുമാരുടെയും സംയുക്ത യോഗവും ഇന്ന് പെരുന്നാളായി പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് കപ്പക്കലില്‍ മാസപ്പിറവി ദര്‍ശിച്ചതിനാല്‍ റമദാന്‍ 30 പൂര്‍ത്തിയാക്കാതെയാണ് ഇന്ന് വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷിക്കുന്നത്. വ്രതത്തിലൂടെയും സംസ്‌കരണത്തിലൂടെയും ആര്‍ജിച്ചെടുത്ത ആത്മവിശുദ്ധി സമ്മാനിച്ച ഊര്‍ജവുമായാണ് മുസ്‌ലിം ലോകം ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.
മനസ്സും ശരീരവും ഒരുപോലെ വിശുദ്ധിയുടെ വഴികള്‍ തേടിയ റമദാനിലെ പകലിരവുകള്‍ക്ക് വിരഹവും ആത്മഹര്‍ഷവും നിറഞ്ഞ മനസോടെ വിശ്വാസികള്‍ അടുത്ത റമദാന്‍കൂടി അനുഭവിക്കാന്‍ ഭാഗ്യമുണ്ടാവണമെന്ന് പ്രാര്‍ഥിച്ച് വിട ചൊല്ലി.
പെരുന്നാള്‍ ദിനത്തില്‍ ആരും പട്ടിണി കിടക്കരുതെന്ന ജാഗ്രതാ ബോധത്തോടെ നിര്‍ബന്ധ ദാനധര്‍മമായ ഫിത്വ്ര്‍ സക്കാത് വിതരണം പൂര്‍ത്തിയാക്കിയാണ് ഓരോ വിശ്വാസിയും ആഘോഷത്തിലേക്ക് കടക്കുന്നത്.
ഇന്നത്തെ പ്രഭാതത്തില്‍ പുതുവസ്ത്രങ്ങള്‍ അണിഞ്ഞ് തക്ബീര്‍ മുഴക്കി പള്ളികളിലേക്ക് നീങ്ങും. പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞ് പരസ്പരം ആശ്ലേഷിച്ചും സന്തോഷം പങ്കുവച്ചുമാണ് എല്ലാവരും വീടുകളിലേക്ക് മടങ്ങുക. കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതാണ് പെരുന്നാളിന്റെ മറ്റൊരു സന്ദേശം. ബന്ധുവീടുകളിലും മറ്റും സന്ദര്‍ശനം നടത്തി സൗഹൃദം പുതുക്കി ഈദ് ആശംസകള്‍ കൈമാറും. രാവിലെ വിവിധ മസ്ജിദുകളിലെ പെരുന്നാള്‍ നിസ്‌കാരത്തിന് പ്രമുഖ പണ്ഡിതര്‍ നേതൃത്വം നല്‍കും.
ഒമാന്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലും ഇന്നാണ് പെരുന്നാള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."