പിഷാരികാവ് കാളിയാട്ട മഹോത്സവം: മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് ക്ഷേത്രസമിതി
കൊയിലാണ്ടി: മലബാറിലെ പ്രസിദ്ധമായ കൊല്ലം പിഷാരികാവിലെ കളിയാട്ട മഹോത്സവ നടത്തിപ്പിനുള്ള മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് ക്ഷേത്രക്ഷേമസമിതി ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. ആനകളെ എഴുന്നെള്ളിക്കുന്നതിനും കരിമരുന്ന് പ്രയോഗത്തിനും ബന്ധപ്പെട്ട അധികാരികളില്‍ നിന്നും അനുമതി ലഭ്യമാക്കുന്നതിനും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും നടപടി സ്വീകരിക്കണമെന്നും ക്ഷേത്രത്തിന്റെ കിഴക്കെ നടയില്‍ എത്തിച്ചേരുന്ന ആനക്കുളം കൊല്ലം ടൗണ്‍ റോഡും ഉത്സവത്തിന്റെ പ്രധാന ചടങ്ങായ ഊരുചുറ്റല്‍ എഴുന്നെള്ളത്ത് കടുന്നു പോകുന്ന റോഡും ഉത്സവത്തിനു മുന്‍പ് തന്നെ നവീകരിച്ച് സഞ്ചാരയോഗ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ക്ഷേത്രചുറ്റിനു പുറത്ത് വടക്കുഭാഗത്തും പടിഞ്ഞാറു ഭാഗത്തും മണല്‍ ഇറക്കിയതിനാല്‍ അതിരൂക്ഷമായ പൊടിശല്യമാണ് അനുഭവപ്പെടുന്നത്. ഉത്സവസമയത്ത് ഇത് ഏറെ പ്രയാസം സൃഷ്ടിക്കും ആയതിന് പരിഹാരം കാണുക, ഉത്സവദിവസങ്ങളില്‍ കൊല്ലത്തും പരിസര പ്രദേശങ്ങളിലും തടസം കൂടാതെ വൈദ്യുതി ലഭ്യമാക്കുക, ഗതാഗതക്രമീകരണം കാര്യക്ഷമമാക്കുക, ക്രമസമാധാനപാലനം ഉറപ്പാക്കുക, അടിയന്തിര ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തുക, തെരുവുവിളക്കുകള്‍ കത്തിക്കുക, ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് വിവിധ കേന്ദ്രങ്ങളില്‍ കുടിവെള്ളം ലഭ്യമാക്കുക എന്നീ കാര്യങ്ങളില്‍ അടിയന്തിര നടപടി ഉണ്ടാവണമെന്നും യോഗം അഭ്യര്‍ഥിച്ചു.
3.26 കോടി ചിലവില്‍ അടുത്തിടെ നവീകരിച്ച കൊല്ലം ചിറയില്‍ വീണ്ടും പായല്‍ നിറഞ്ഞ് വെള്ളം മലിനമാകാന്‍ തുടങ്ങിയതിനാല്‍ അടുത്തമാസം 10ന് രാവിലെ ഏഴ് മണി മുതല്‍ പൊതുജനങ്ങളുടെ സഹായത്തോടെ ചിറയിലെ പായല്‍ നീക്കം ചെയ്യാന്‍ യോഗം തീരുമാനിച്ചു.
പ്രസിഡന്റ് അഡ്വ. ടി.കെ രാധാകൃഷ്ണന്‍ അധ്യക്ഷനായി. രക്ഷാധികാരികളായ യു. രാജീവന്‍ മാസ്റ്റര്‍, ഇ.എസ് രാജന്‍, പാരമ്പര്യ ട്രസ്റ്റി വാഴയില്‍ മാധവന്‍ നായര്‍, ജന. സെക്രട്ടറി വി.വി സുധാകരന്‍, എന്‍.വി വത്സന്‍, വി.വി ബാലന്‍ നായര്‍, എന്‍. പുഷ്പരാജ്, എം.വി ജയകുമാര്‍, എ. സതീഷ് കുമാര്‍, രാജേഷ് കുന്നത്ത്, എ.കെ ഗണേശന്‍, സി.കെ ശശീന്ദ്രന്‍, ഗോപാലന്‍കുട്ടി നായര്‍, ശശി എസ്. നായര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."