കണ്ണന്താനം കലക്ടര്‍ ബ്രോയെ പുറത്താക്കി
തിരുവനന്തപുരം: കോഴിക്കോടിന്റെ കലക്ടര്‍ ബ്രോയെ കണ്ണന്താനം പുറത്താക്കി. കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനമാണ് മുന്‍ കോഴിക്കോട് കലക്ടറായിരുന്ന പ്രശാന്ത് നായരെ തന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയത്. മന്ത്രിയുടെ അനുമതിയില്ലാതെ വിദേശയാത്ര പോയത് കണ്ണന്താനത്തെ ചൊടിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് വിശദീകരണം ചോദിക്കുകയും ഇവര്‍ തമ്മില്‍ വാക്പോര് ഉണ്ടാകുകയും ചെയ്തതായി പറയുന്നു. തുടര്‍ന്ന് പ്രശാന്ത് രാജിവച്ചേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ രാജിവയ്ക്കുന്നതിനു മുമ്പ് കണ്ണന്താനം പുറത്താക്കുകയായിരുന്നു.
2007 ബാച്ചിലെ കേരളാ കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ പ്രശാന്തിനെ കേന്ദ്രസര്‍ക്കാരിന് കീഴിലെ ഏതെങ്കിലും വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായി ഇനി നിയമിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. കഴിഞ്ഞ നവംബറില്‍ കണ്ണന്താനം കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റെടുത്തപ്പോഴാണ് സംസ്ഥാന ബി.ജെ.പി നേതാക്കളുടെ എതിര്‍പ്പ് മറികടന്ന് പ്രശാന്തിനെ തന്റെ പ്രൈവറ്റ് സെക്രട്ടറിയായി അദ്ദേഹം നിയമിച്ചത്.
കോഴിക്കോട് ജില്ലാ കലക്ടറായിരിക്കേ പ്രശാന്തിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ വിവിധ പദ്ധതികള്‍ അദ്ദേഹത്തിന് കലക്ടര്‍ ബ്രോ എന്ന പേര് നേടിക്കൊടുത്തിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പെട്ട കണ്ണന്താനം, താന്‍ മന്ത്രിയായി സ്ഥാനമേറ്റെടുത്തയുടനെ പ്രശാന്തിനെ പ്രൈവറ്റ് സെക്രട്ടറിയായി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഡെപ്യൂട്ടി സെക്രട്ടറി റാങ്കില്‍ അഞ്ച് വര്‍ഷത്തേക്കോ മന്ത്രിയുടെ കാലാവധി അവസാനിക്കുന്നത് വരെയോ ആയിരുന്നു നിയമനം.
നേരത്തെ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ പ്രശാന്ത് ആയിരുന്നു പ്രൈവറ്റ് സെക്രട്ടറി. കോഴിക്കോട് കലക്ടറായിരുന്നപ്പോള്‍ സ്ഥലം എം.പിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് എം.പിയെ അവഹേളിച്ച് ഫേസ് ബുക്കില്‍ കുറിപ്പിടുകയും സര്‍ക്കാര്‍ വകുപ്പുതല നടപടി സ്വീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍, മാപ്പ് എഴുതി നല്കി നടപടിയില്‍നിന്ന് തല്ക്കാലം മോചിതനായശേഷം നീണ്ട അവധിയില്‍ പ്രവേശിച്ചിരിക്കെയാണ് കണ്ണന്താനത്തിനൊപ്പം ഡല്‍ഹിയിലേക്ക് പോയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."