ശുക്‌റന്‍ കേരലാ... കൊവിഡ്: കാവലൊരുക്കിയവര്‍ക്ക് നന്ദി പറഞ്ഞ് സഊദി പൗരന്മാര്‍
കൊണ്ടോട്ടി: നിങ്ങള്‍ നല്‍കിയ സ്‌നേഹം എന്നും ഓര്‍മയിലുണ്ടാകും, ഈ നാടിനോട് നന്ദി പറയുന്നു.
സഊദി പൗരന്‍ അഹമ്മദ് ഇന്നലെ കരിപ്പൂരില്‍നിന്ന് റിയാദിലേക്ക് മടങ്ങുമ്പോള്‍ കേരളത്തെ കുറിച്ച് വാചാലമായി.കോട്ടക്കലിലെ ആശുപത്രിയില്‍ മാതാവ് നിമ അല്‍വിസിദാന്റെ ചികിത്സയ്ക്ക് എത്തിയതായിരുന്നു.
കൊവിഡ് കാരണം നാട്ടിലേക്കുള്ള മടക്കയാത്ര മുടങ്ങി. എന്നാല്‍, ലോക്ക് ഡൗണിലും നല്ല കുറെ മനുഷ്യരെയും അവരുടെ പ്രവര്‍ത്തനങ്ങളും നേരിട്ടറിയാനായെന്ന് അഹമ്മദ് പറഞ്ഞു.
രണ്ട് പിഞ്ചു കുഞ്ഞുങ്ങളുമായാണ് സഊദി പൗരന്‍ മുഹമ്മദ് സല്‍മാനും ഭാര്യയും കരിപ്പൂരിലെത്തിയത്. ചികിത്സയും വയനാടിന്റെ മനോഹര കാഴ്ചകളുമായിരുന്നു വരുമ്പോള്‍ മനസില്‍. വയനാട്ടില്‍ പോകാനായില്ല. എല്ലാ പ്രശ്‌നങ്ങളും അവസാനിക്കുമ്പോള്‍ വീണ്ടും വരുമെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ കുടുങ്ങിയ സഊദി പൗരന്മാരെ കൊണ്ടുപോകാനായി ഇന്നലെ ഉച്ചയ്ക്ക് രണ്ടിനാണ് റിയാദില്‍നിന്ന് സഊദി എയര്‍ലെന്‍സ് വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്.
136 സഊദി പൗരന്മാര്‍ വിമാനത്തില്‍ പോകാന്‍ എത്തിയിരുന്നു. ഇവരില്‍ കൂടുതല്‍ പേരും വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയവരാണ്.
സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും സംഘത്തിലുണ്ട്.
കൂടുതല്‍ പേരും വീല്‍ചെയറിലായിരുന്നു. യാത്രക്കാരുടെ ശരീരോഷ്മാവ് പരിശോധിച്ചാണ് വിമാനത്താവളത്തിന് അകത്തേക്ക് കയറ്റിയത്. എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകളും പ്രോട്ടോകോള്‍ പ്രകാരം നടന്നു. വൈകിട്ട് 3.10ന് വിമാനം ബംഗളൂരുവിലേക്ക് തിരിച്ചു. അവിടെ നിന്ന് 130 സഊദി പൗരന്മാരെ കയറ്റി ശേഷമാണ് വിമാനം റിയാദിലേക്ക് പറന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."