ശവപ്പെട്ടി കുംഭകോണത്തിന് സമാനമായ കിറ്റ് കുംഭകോണം
കൊവിഡ് പരിശോധനയ്ക്കായി ചൈനയില്‍ നിന്ന് കൊണ്ടുവന്ന ദ്രുതപരിശോധനാ കിറ്റുകളുടെ ഗുണനിലവാരം മോശമാണെന്നു കണ്ടെത്തിയതിനു പുറമെ ഇടപാടിലെ അഴിമതിയും പുറത്തുവന്നിരിക്കുകയാണ്. 245 രൂപയ്ക്ക് ചൈനയില്‍ നിന്ന് കിട്ടുന്ന കിറ്റുകള്‍ 600 രൂപയ്ക്കു വാങ്ങാനാണ് ഐ.സി.എം.ആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) ഒരു സ്വകാര്യ കമ്പനിക്കു കരാര്‍ നല്‍കിയത്. കൂടിയ വിലയ്ക്കു കിറ്റുകള്‍ വാങ്ങാനുള്ള ഐ.സി.എം.ആര്‍ തീരുമാനം ഡല്‍ഹി ഹൈക്കോടതിയുടെ ഇടപെടലിലൂടെ പാളിയിരിക്കുകയാണ്.
അഞ്ചു ലക്ഷം കിറ്റുകള്‍ക്ക് 600 രൂപ വച്ച് 30 കോടി രൂപ വില നിശ്ചയിച്ചു. അതായത്, ചൈനയില്‍യില്‍ നിന്ന് 12 കോടി 25 ലക്ഷത്തിനു കിട്ടുന്ന ദ്രുതപരിശോധനാ കിറ്റ് ഐ.സി.എം.ആറിന് ഇന്ത്യയിലെ സ്വകാര്യ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി വില്‍ക്കുമ്പോള്‍ കമ്പനിക്കു ലാഭം 17 കോടി 75 ലക്ഷം രൂപ. ഈ അഴിമതി ഡല്‍ഹി ഹൈക്കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കിറ്റിന് 600 രൂപ എന്നത് 400 രൂപയായി വെട്ടിക്കുറച്ചത്. ഗുണനിലവാരം കുറഞ്ഞ ചൈനീസ് കിറ്റുകള്‍ കൊള്ളവിലയ്ക്ക് ഐ.സി.എം.ആര്‍ വാങ്ങുമ്പോള്‍ ഈ ഇടപാട് കേന്ദ്ര ആരോഗ്യ വകുപ്പ് തീര്‍ച്ചയായും അറിഞ്ഞിരിക്കണം.
ദുരന്തങ്ങളെയും ദുരിതകാലങ്ങളെയും അഴിമതി നടത്താനുള്ള അവസരമാക്കി ഭരണകൂടങ്ങളും ഉദ്യോഗസ്ഥ മേധാവികളും മാറ്റുന്നത് ആദ്യമല്ല. കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ മൃതദേഹങ്ങള്‍ അടക്കം ചെയ്യാനുള്ള ശവപ്പെട്ടി വാങ്ങിയതിലും ബി.ജെ.പി നേതൃത്വം നല്‍കിയ എന്‍.ഡി.എ സര്‍ക്കാര്‍ അഴിമതി നടത്തിയിരുന്നു. 1999ലെ കാര്‍ഗില്‍ യുദ്ധവുമായി ബന്ധപ്പെട്ടു നടന്ന ഇടപാടില്‍ എ.ബി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരായിരുന്നു പ്രതിസ്ഥാനത്ത്.
സൈനികരുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ അമേരിക്കയില്‍ നിന്ന് ഗുണമേന്മ കുറഞ്ഞ 500 അലൂമിനിയം ശവപ്പെട്ടികള്‍ വാങ്ങിയതില്‍ വ്യാപകമായ അഴിമതിയാണ് അന്നു നടന്നത്. ജോര്‍ജ് ഫെര്‍ണാണ്ടസ് ആയിരുന്നു അന്നത്തെ പ്രതിരോധ മന്ത്രി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തെളിമയാര്‍ന്ന വ്യക്തിമുദ്ര പതിപ്പിച്ച ഫെര്‍ണാണ്ടസിന്റെ ഖ്യാതിക്ക് അതോടെ മങ്ങലേറ്റു.
സമാനമാണ് ഇപ്പോഴത്തെ കിറ്റ് കുംഭകോണവും. ഈ ഇടപാട് ഐ.സി.എം.ആര്‍ തന്നിഷ്ടപ്രകാരം നടത്തിയതാണെന്നു വിശ്വസിക്കാന്‍ പ്രയാസമുണ്ട്. രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി കൊവിഡിനെതിരേ പോരാടുമ്പോള്‍ ഒരു വിഭാഗം ഈ അവസരത്തെ കോടികള്‍ സമ്പാദിക്കാനുള്ള ഉപാധിയാക്കുകയായിരുന്നു. ചൈനയില്‍ നിന്ന് ഗുണനിലവാരം കുറഞ്ഞ റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ സ്വകാര്യ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി അമിത വിലയ്ക്ക് ഐ.സി.എം.ആറിനു നല്‍കുമ്പോള്‍ ലാഭവിഹിതമായ കോടികള്‍ ഏതൊക്കെ കരങ്ങളിലൂടെയാണ് ഒഴുകിപ്പോയതെന്നു കണ്ടെത്തേണ്ടിയിരിക്കുന്നു. ഡല്‍ഹി ഹൈക്കോടതിയുടെ ഇടപെടലിലൂടെ 600 രൂപയ്ക്ക് വിറ്റിരുന്ന കിറ്റ് 400 രൂപയ്ക്ക് നല്‍കാന്‍ കമ്പനി തയാറായതുകൊണ്ട് നടന്ന അഴിമതി ഇല്ലാതാകുന്നില്ല.
റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ 600 രൂപ വച്ച് വാങ്ങാന്‍ അനുവദിക്കുകയില്ലെന്ന് ഹൈക്കോടതി നിലപാടെടുത്തതോടെയാണ് ഐ.സി.എം.ആര്‍ കൊള്ളവില കൊടുത്താണ് കിറ്റുകള്‍ വാങ്ങുന്നതെന്ന വിവരം പുറത്തുവന്നത്. റിയല്‍ മെറ്റബോളിക്ക് എന്ന കമ്പനിക്കാണ് ഐ.സി.എം.ആര്‍ അമിത വിലയ്ക്കു കിറ്റുകള്‍ വാങ്ങാന്‍ കരാര്‍ നല്‍കിയത്. ചൈനയിലെ വോണ്ട് ഫോ കമ്പനിയില്‍ നിന്ന് കുറഞ്ഞ വിലയ്ക്കു വാങ്ങിയ കിറ്റുകളാണ് ഐ.സി.എം.ആറിനു കൊള്ളവിലയ്ക്കു വിറ്റത്.
ഇതിനിടെ തമിഴ്‌നാട് സര്‍ക്കാര്‍ മറ്റൊരു കമ്പനി വഴി കിറ്റുകള്‍ വാങ്ങി. ഇതിനെതിരേ റിയല്‍ മെറ്റബോളിക്ക് കമ്പനി കോടതിയെ സമീപിക്കുകയായിരുന്നു. ഇന്ത്യയില്‍ റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ വിതരണം ചെയ്യാനുള്ള അവകാശം തങ്ങള്‍ക്കാണെന്നു പറഞ്ഞുകൊണ്ടായിരുന്നു അവര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. അതവര്‍ക്കു കുരുക്കായിത്തീരുകയും ചെയ്തു. 600 രൂപ തോതില്‍ വിറ്റിരുന്ന കിറ്റുകള്‍ 400 രൂപ തോതില്‍ വില്‍ക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.
എന്നാല്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത കിറ്റുകള്‍ മുഴുവന്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ഉത്തരവ് നല്‍കിയിരിക്കുകയാണ്. അതുകൊണ്ട് നടന്ന അഴിമതി മൂടിവയ്ക്കാനാവില്ല. കിറ്റ് ഇടപാട് കേന്ദ്ര സര്‍ക്കാരിനെതിരേ മറ്റൊരു അഴിമതിയാരോപണമായി ശക്തിപ്രാപിക്കുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഐ.സി.എം.ആര്‍ ഡയരക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവുമായി ചര്‍ച്ച നടത്തിയത്. ഇതിനെത്തുടര്‍ന്നാണ് ഇടപാട് ഐ.സി.എം.ആര്‍ റദ്ദാക്കിയത്. റാപ്പിഡ് ടെസ്റ്റ് കിറ്റ് വാങ്ങിയതില്‍ ക്രമക്കേടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണവുമുണ്ടായി.
സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് മറ്റൊന്നും ചിന്തിക്കാതെ റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ വാങ്ങാന്‍ കരാര്‍ നല്‍കിയതെന്ന ഐ.സി.എം.ആര്‍ വിശദീകരണം വിശ്വാസയോഗ്യമല്ല. അഴിമതി കാണിച്ചവരെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ആവശ്യം അംഗീകരിച്ച് പ്രധാനമന്ത്രിയുടെ ഈ വിഷയത്തിലുളള ആത്മാര്‍ഥത അദ്ദേഹം തെളിയിക്കുകയാണ് വേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."