28 ദിവസമായി പുതിയ കൊവിഡ് കേസുകളില്ലാത്ത ജില്ലകളില്‍ വയനാടും
ന്യൂഡല്‍ഹി: കഴിഞ്ഞ 28 ദിവസമായി പുതിയ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെടാത്ത ജില്ലകളില്‍ വയനാടും ഉള്‍പ്പെട്ടു.
ഇത്തരത്തില്‍ 17 ജില്ലകളാണ് രാജ്യത്തുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്‍ സെക്രട്ടറി ലാവ് അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പുതിയ കേസ് റിപോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ ബിഹാറിലെ ലക്കിസരായ് ഈ പട്ടികയില്‍ നിന്ന് പുറത്തായി. വയനാടിനൊപ്പം പശ്ചിമബംഗാളിലെ കലിംപോങ് പട്ടികയില്‍ ഉള്‍പ്പെട്ടു.
രാജ്യത്ത് ഇതുവരെ 6,868 പേര്‍ക്ക് കൊവിഡ് ഭേദമായതായും രോഗം ഭേദമാകല്‍ നിരക്ക് 23.3 ശതമാനമായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ചെറിയ തോതിലുള്ള കൊവിഡ് ലക്ഷണങ്ങളുള്ളവര്‍ക്ക് വീടുകളില്‍ ഐസോലേഷനിലിരിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നല്‍കിയ അനുമതി വ്യവസ്ഥകള്‍ക്ക് വിധേയമാണെന്ന് ലാവ് അഗര്‍വാള്‍ വ്യക്തമാക്കി. ചെറിയ തോതിലുള്ള ലക്ഷണങ്ങളേ രോഗിക്കുള്ളൂ എന്ന് മെഡിക്കല്‍ ഓഫിസര്‍ക്ക് ബോധ്യപ്പെട്ടിരിക്കണം.
ആരോഗ്യ സേതു ആപ്പ് മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണം. കുടുംബാംഗങ്ങളുമായി ബന്ധപ്പെടാതെ കഴിയാല്‍ വീട്ടില്‍ സൗകര്യമുണ്ടായിരിക്കണം. 24 മണിക്കൂറും പരിചരിക്കാന്‍ ആളുണ്ടായിരിക്കണം. ആശുപത്രിയുമായി ആശയവിനിമയം നടത്തിക്കൊണ്ടിരിക്കണം.
ജില്ലാ നിരീക്ഷണ ഉദ്യോഗസ്ഥന് ആരോഗ്യ സ്ഥിതി സംബന്ധിച്ച് ഇടയ്ക്കിടെ വിവരം നല്‍കികൊണ്ടിരിക്കണം. ശ്വാസ തടസ്സമോ മറ്റു പ്രയാസങ്ങളോ ഉണ്ടായാല്‍ ഉടന്‍ ആശുപത്രിയെ സമീപിക്കണം.
പരിശോധനാ ഫലം നെഗറ്റീവ് ആകും വരെ ഹോം ഐസൊലേഷന്‍ തുടരണം. ത്രീലയര്‍ മാസ്‌ക് എപ്പോഴും ധരിക്കണമെന്നും ലാവ് അഗര്‍വാള്‍ പറഞ്ഞു.
പരിചരിക്കുന്നയാളും ത്രീലയര്‍ മാസ്‌ക് ധരിക്കുകയും ഇടയ്ക്കിടെ പരിശോധനക്ക് വിധേയമാകുകയും ചെയ്യണം. പ്ലാസ്മ തെറാപ്പി കൊവിഡ് ചികിത്സയ്ക്ക് പറ്റുമോയെന്നത് പരീക്ഷണ ഘട്ടത്തില്‍ മാത്രമാണ്.
നിലവില്‍ കൊവിഡിന് ചികിത്സയില്ല.
പ്ലാസ്മ തെറാപ്പി ഉപയോഗിക്കുന്നത് രോഗിയുടെ ജീവന് ഭീഷണിയാവാം. ഈ സാഹചര്യത്തില്‍ ഗവേഷണത്തിനും ട്രയലിനുമായല്ലാതെ ഉപയോഗിക്കരുതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."