ആഭ്യന്തര പരിശോധനക്ക് പി.എസ്.സി അക്കൗണ്ട് പരീക്ഷ പാസായവര്‍ മതി
തിരുവനന്തപുരം: സര്‍ക്കാര്‍ വകുപ്പുകളിലെ ആഭ്യന്തര പരിശോധനാ സംവിധാനങ്ങളില്‍ പി.എസ്.സിയുടെ അക്കൗണ്ട് ടെസ്റ്റുകളും വകുപ്പുതല പരീക്ഷകളും പാസയവരെ മാത്രമേ ഉള്‍പ്പെടുത്താന്‍ പാടുള്ളൂവെന്ന് ധനകാര്യ ആഭ്യന്തര പരിശോധനാ വിഭാഗത്തിന്റെ ഉത്തരവ്. വകുപ്പുതല നടപടികളോ, വിജിലന്‍സ് അന്വേഷണമോ നേരിടുന്ന ഉദ്യോഗസ്ഥരെ ആഭ്യന്തര പരിശോധനയുടെ ഭാഗമാക്കരുതെന്ന കര്‍ശന നിര്‍ദേശമുണ്ട്. ആഭ്യന്തര പരിശോധന കാര്യക്ഷമമാക്കാനാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ധനകാര്യ വകുപ്പ് പുറപ്പെടുവിച്ചത്.
ധനകാര്യ വകുപ്പിലേക്ക് വിവിധ വകുപ്പുകള്‍ സമര്‍പ്പിക്കുന്ന ആഭ്യന്തര പരിശോധനാ റിപ്പോര്‍ട്ടുകളില്‍ ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തിയതോടെയാണ് പരിശോധനാ സംവിധാനം പൊളിച്ചെഴുതാന്‍ ധനകാര്യ വകുപ്പ് തീരുമാനിച്ചത്. സാമ്പത്തിക ക്രമക്കേടുകള്‍ ഉള്‍പ്പെട്ട വിഷയങ്ങള്‍ വിശദമായ പരിശോധനക്ക് വിധേയമാക്കാത്തതിനാല്‍ സര്‍ക്കാരിന് ഭീമമായ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ട്. പരിശോധനാ വേളയില്‍ രജിസ്റ്ററുകളും ഫയലുകളും അനുബന്ധരേഖകളും പൂര്‍ണമായി പരിശോധിക്കാതെ വ്യക്തതയില്ലാത്ത കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ആഭ്യന്തര പരിശോധന കാര്യക്ഷമമാക്കാന്‍ നിലവിലെ സംവിധാനം തിരുത്താന്‍ ഉത്തരവായത് . വകുപ്പ് മേധാവി അധ്യക്ഷനായി ഫിനാന്‍സ് ഓഫിസര്‍, അക്കൗണ്ട്‌സ് ഓഫിസര്‍, സീനിയര്‍ സൂപ്രണ്ട് എന്നിവരെ ഉള്‍പ്പെടുത്തി ഓരോ വകുപ്പും ഈ മാസം 31നകം ഓഡിറ്റ് മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കണം. സീനിയര്‍ സൂപ്രണ്ട് ആവണം ആഭ്യന്തര പരിശോധനാ സംഘത്തിന്റെ തലവന്‍. പദ്ധതി നിര്‍വഹണ ഓഫിസര്‍, ഡ്രോയിങ് ആന്‍ഡ് ഡിസ്‌ബേഴ്‌സിങ് ഓഫിസര്‍ എന്നിവരെ ഓഡിറ്റിങ്ങില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല.
ആഭ്യന്തര പരിശോധനയില്‍ ഫയലുകള്‍ നോക്കുന്നതിന് പുറമേ 20 ശതമാനം പദ്ധതികളെങ്കിലും നേരിട്ട് പരിശോധിക്കണം. പരിശോധനാ റിപ്പോര്‍ട്ടുകളില്‍ വസ്തുതാവിരുദ്ധമായി ധനകാര്യ വകുപ്പിന്റെ റിവ്യൂ പരിശോധനയില്‍ ബോധ്യപ്പെട്ടാല്‍ ഓഡിറ്റ് നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശനമായ വകുപ്പുതല നടപടി ശുപാര്‍ശ ചെയ്യുമെന്നും ഉത്തരവില്‍ മുന്നറിയിപ്പുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."